image

9 Dec 2023 6:27 PM IST

Stock Market Updates

പോയ വാരം; വിപണിക്ക് ഊർജം പകർന്ന് പണനയം

MyFin Research Desk

Last week Monetary policy fueled the market
X

Summary

  • തുടർച്ചയായി ആറ് ആഴ്ച്ചയും ഉയർന്ന് നിഫ്റ്റി
  • ആഭ്യന്തര വിപണിയിൽ വിദേശ നിക്ഷേപകരുടെ വാങ്ങൽ തുടരുകയാണ്
  • മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വിപണി ഇത്തരമൊരു ഉയർന്ന നേട്ടം കൈവരിക്കുന്നത്


ദലാൽ തെരുവിൽ കാളകളുടെ കുതിപ്പിനാണ് ഡിസംബറിലെ ആദ്യവാരം സാക്ഷ്യം വഹിച്ചത്. തുടർച്ചയായി ആറ് ആഴ്ച്ചയും ഉയർന്ന നിഫിറ്റി 21000 പോയിന്റ് എന്ന റെക്കോഡ് ഭേദിച്ചാണ് പുതുവർഷത്തിലേക്ക് കടക്കാൻ പോവുന്നത്. ആറ് ആഴ്ച്ചകളിൽ നിഫ്റ്റി ഉയർന്നത് 10.8 ശതമാനമാണ്. അതായത് 2063.20 പോയിന്റുകൾ. പോയ വാരത്തിൽ നിഫ്റ്റി അഞ്ചിൽ നാല് സെഷനിലും പുതു റെക്കോർഡുകൾ നൽകി കൊണ്ടായിരുന്നു കുതിച്ചത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വിപണി ഇത്തരമൊരു ഉയർന്ന നേട്ടം കൈവരിക്കുന്നത്.

ആർബിഐ യുടെ ധനനയ അവലോകന യോഗമാണ് പോയ വാരത്തിൽ വിപണിയിൽ നിർണായക സ്വാധീനം ചെലുത്തിയ മറ്റൊരു കാര്യം. നിരക്ക് വര്‍ധന ഉണ്ടാകില്ലായെന്ന വിപണിയുടെയും നിക്ഷേപകരുടെയും പ്രതീക്ഷക്ക് അനുകൂലമായിരുന്നു തീരുമാനങ്ങളെല്ലാം. റീപോ നിരക്ക് 6.5 ശതമാനമായി നില നിർത്തുകയും ചെയ്തു.വിത്‌ഡ്രോവൽ ഓഫ് അക്കൊമൊഡേഷ്നന്‍ സ്റ്റാന്‍സ് തുടരുമെന്നാണ് ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് അറിയിച്ചത്. പ്രതീക്ഷിച്ചതുപോലെ 2023-24ലെ ജിഡിപി വളര്‍ച്ച അനുമാനം 7 ശതമാനമാക്കി ഉയര്‍ത്തി. ഹ്രസ്വകാല പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതിലെ അനുമാനം ഉയര്‍ത്താന്‍ ആർബിഐ തയ്യാറായില്ല.

ദുര്‍ബലമായ ആഗോള സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഉയര്‍ന്ന ആഭ്യന്തര ഡിമാന്‍ഡിന്റെയും നിര്‍മാണ മേഖലയുടെയും കരുത്തില്‍ ശക്തമായി വളരുന്നു എന്നാണ് ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടത്. അതിനോടൊപ്പം ചേര്‍ത്ത് പറയേണ്ട മറ്റൊരു ഡാറ്റ നവംബറിലെ എസ് ആൻഡ് പി ഗ്ലോബല്‍ സര്‍വീസ് പിഎംഐ ഡാറ്റ ആയിരുന്നു. ആഗോളതലത്തിലെ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സര്‍വീസ് മേഖല വളര്‍ച്ച കൈവരിക്കുന്നു എന്ന സൂചന നൽകികൊണ്ട് സര്‍വീസ് പിഎംഐ 56.9 ആയാണ് റിപ്പോര്‍ട്ട് ചെയ്തത്. സര്‍വീസ് മേഖലയുടെ വളര്‍ച്ചാ വീക്ഷണം മികച്ചതാണെന്ന് ഇത് സൂചിപ്പിക്കുന്നു.

റെക്കോഡ് വിടാതെ ആഭ്യന്തര വിപണി

നിഫ്റ്റിയും സെന്‍സെക്സും മൂന്ന് ശതമാനത്തിലധികമാണ് കഴിഞ്ഞ ഒരാഴ്ച്ചയിൽ ഉയർന്നത്. ആര്‍ബിഐയുടെ നയ പ്രഖ്യാപനത്തിന് ശേഷം ഉയർന്ന ബാങ്കിങ് ഓഹരികളിൽ നേട്ടം കൊയ്തത് ബാങ്ക് നിഫ്റ്റി സൂചികയാണ്. അഞ്ചു ശതമാനമാണ് പോയ വാരത്തിൽ സൂചിക നൽകിയ നേട്ടം. മൂന്നു മാസങ്ങൾക്ക് ശേഷം മികച്ച നേട്ടം നൽകിയ പി എസ് യു ബാങ്ക് സൂചിക ഉയർന്നത് 7 ശതമാനമാണ്. ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 4.18 ലക്ഷം കോടി ഡോളർ എന്ന റെക്കോഡിൽ എത്തിയതും പോയ വാരത്തിലാണ്.

നിഫ്റ്റി

കഴിഞ്ഞ ആഴ്ച്ച 20601 പോയിന്‍റില്‍ ആരംഭിച്ച നിഫ്റ്റി 3.46 ശതമാനം ഉയർന്ന് 20969.40 പോയിന്‍റില്‍ ആയിരുന്നു ക്ലോസ് ചെയ്തത്. വാരത്തിലെ ഉയർന്ന ലെവൽ 21006 പോയിന്റും താഴ്ന്നത് 20507 പോയിന്റുമാണ്. സൂചികയിൽ 14 കമ്പനികൾ സർവകാല ഉയരവും പോയ വാരത്തിൽ തൊട്ടു.

സൂചികയുടെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത് ഒരാഴ്ച്ചയിൽ 23.57 ശതമാനം ഉയർന്ന അദാനി പോർട്സ്ആണ്. പിറകെ 19.45 ശതമാനം ഉയർന്ന അദാനി എന്റർപ്രൈസസ്, 8.75 ശതമാനം ഉയർന്ന പവർ ഗ്രിഡ്, 7.48 ശതമാനം ഉയര്ന്ന എസ്ബിഐ, 7.41 ശതമാനം ഉയർന്ന ഭാരത് പെട്രോളിയം എന്നീ ഓഹരികളുമുണ്ട്.

ഐടിസി, ബ്രിട്ടാനിയ, ടാറ്റ സ്റ്റീൽ, അപ്പോളോ ഹോസ്പിറ്റൽസ്, ഹീറോ മോട്ടോർ കോർപ്, ഭാരതി അയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ഡിഎഫ്സി ലൈഫ്, ഡിവിസ് ലാബ് എന്നി ഓഹരികളാണ് സൂചികയിൽ പോയ വാരത്തിൽ നഷ്ടം രേഖപ്പെടുത്തിയത്.

സെൻസെക്സ്

നേട്ടം വിടാതെയായിരുന്നു കഴിഞ്ഞ കുറച്ച് ആഴ്ച്ചകളിൽ സെസെക്‌സിന്റെ മുന്നേറ്റം. പോയ വാരത്തിൽ 68435.34 പൊയറ്റിൽ ആരംഭിച്ച സൂചിക 3.47 ശതമാനം ഉയർന്ന് 69825.60 പോയിന്റിലാണ് ക്ലോസ് ചെയ്തത്. സൂചികയുടെ ഉയർന്ന ലെവൽ 69893.80 പോയിന്റും താഴ്ന്നത് 68274.47 പോയിന്റുമാണ്.

സൂചികയിൽ നേട്ടം നൽകിയത് പവർ ഗ്രിഡ് (8.65%), എസ്ബിഐ ബാങ്ക് (7.37%), ഐസിഐസിഐ ബാങ്ക് (7.74%), എച്ഡിഎഫ്സി ബാങ്ക് (6.27%), എൻടിപിസി (6.02%), ലാര്സണ് ആൻഡ് ടൂബ്രോ (5.92%) എന്നീ ഓഹരികളാണ്.

ഐടിസി, ടാറ്റ സ്റ്റീൽ, ഭാരതി അയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, എന്നി ഓഹരികളാണ് സൂചികയിൽ പോയ വാരത്തിൽ നഷ്ടം രേഖപ്പെടുത്തിയത്.

വിദേശ നിക്ഷേപം

ആഭ്യന്തര വിപണിയിൽ വിദേശ നികക്ഷേപകരുടെ വാങ്ങൽ തുടരുകയാണ്. ഇത് വിപണിയിൽ നന്നേ സ്വാധീനിച്ചിട്ടുമുണ്ട്. പോയ വാരത്തിൽ എഫ്ഐഐകൾ വാങ്ങിയത് 9285.11 കോടി രൂപയുടെ ഓഹരികളാണ്. ഡിഐഐ കളുടെ നിക്ഷേപം 4326.47 കോടി രൂപയുടേതുമായിരുന്നു. ഇതിനു പുറമെ രാജ്യത്തിന്റെ വിദേശ കരുതൽ നാണ്യ ശേഖരം തുടർച്ചയായി മൂന്നാം ആഴ്ച്ചയും ഉയർന്ന് 604.04 ബില്യണ്‍ ഡോളറിലെത്തി. ഇത് കഴിഞ്ഞ നാല് മാസത്തെ ഏറ്റവും ഉയർന്ന കരുതൽ ശേഖരം കൂടിയാണ്.

കൂടുതൽ അറിയാൻ മൈഫിൻ പോയിന്റ് യൂട്യൂബ് ചാനൽ സന്ദർശിക്കുക...


ഊർജ മേഖല

നവംബറില്‍ രാജ്യത്തിന്റെ വൈദ്യുതി ഉപഭോഗം 8.5 ശതമാനം വര്‍ധിച്ച് 119.64 ബില്യണ്‍ യൂണിറ്റായി രേഖപ്പെടുത്തി. വൈദ്യുതി ഉപഭോഗത്തില്‍ സ്ഥിരമായ വളര്‍ച്ച പ്രതീക്ഷിക്കുന്നതിന്നാല്‍ ഊര്‍ജ്ജമേഖലയിലെ പൊതു- സ്വകാര്യ കമ്പനികളില്‍ എല്ലാം തന്നെ നേട്ടം നൽകി വരുകയാണ്. എൻടിപിസി, ആർഇസി, പിഎഫ്സി, ടാറ്റ പവർ, അദാനി പവർ, റീലിയൻസ് പവർ, ടോറന്റ് പവർ എന്നീ ഓഹരികൾ നേട്ടം തുടരുകയാണ്.

എഥനോള്‍ വേണ്ട പഞ്ചസാര മതി

കരിമ്പ് നീരിൽ നിന്ന് എഥനോള്‍ നിര്‍മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓഹരികള്‍ കറക്ഷനിലേക്ക് നീങ്ങിയത്. പോയ വാരത്തിൽ ഷുഗർ ഓഹരികൾ ഇതിനെ തുടർന്ന് താഴുകയും ചെയ്തു.

ആഭ്യന്തര പഞ്ചസാരയുടെ വില നിയന്ത്രിക്കാനും, പഞ്ചസാര ഉല്‍പാദനം കൂട്ടാനുമാണ് എഥനാേള്‍ ഉല്‍പാദനം വിലക്കിയത്. നിക്ഷേപകരെയും കമ്പനികളെയും പ്രതിസന്ധിയിലാക്കുന്ന നടപടിക്ക് പിന്നാലെ ഭൂരിഭാഗം എല്ലാ ഷുഗര്‍ ഓഹരികളിലും ഇടിവ് പ്രകടമായി. ഒരാഴ്ചക്കിടെ ഉത്തം ഷുഗര്‍ മില്‍സിന്റെയും മഗത്ത് ഷുഗറിന്റെയും ഓഹരികള്‍ 20 ശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തി.