image

1 Dec 2023 3:55 PM IST

Stock Market Updates

ഉയരങ്ങള്‍ തിരുത്തിക്കുറിച്ച് നിഫ്റ്റി; മികച്ച നേട്ടത്തില്‍ സെന്‍സെക്സും

MyFin Desk

nifty on correction highs, sensex on top gains
X

തുടര്‍ച്ചയായ നാലാം വ്യാപാര സെഷനിലും ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. പുതിയ സര്‍വകാല ഉയരവും ക്ലോസിംഗ് ഉയരവും സ്വന്തമാക്കിക്കൊണ്ടാണ് നിഫ്റ്റി വാരാന്ത്യത്തിലേക്ക് കടക്കുന്നത്. നിഫ്റ്റി 134.75 പോയിൻറ് അഥവാ 0.67 ശതമാനം ഉയർന്ന് 20,267.90ലും സെൻസെക്സ് 492.75 പോയിന്‍റ് അഥവാ 0.74 ശതമാനം ഉയർന്ന് 67,481.19ലും ക്ലോസ് ചെയ്തു. ഇടവ്യാപാരത്തിനിടെ നിഫ്റ്റി 20,291.55 എന്ന സര്‍വകാല ഉയരം കുറിച്ചിരുന്നു.

പ്രതീക്ഷകളേക്കാള്‍ മികച്ച ജിഡിപി കണക്കുകളും ശുഭകരമായ ആഗോള സൂചനകളുമാണ് വിപണികളെ ആവേശത്തിലാക്കുന്നത്. മാനുഫാക്ചറിംഗ് രംഗത്ത് മെച്ചപ്പെട്ട വളര്‍ച്ച ഇന്ത്യ തുടരുന്നുവെന്നും ആഭ്യന്തര ഉപഭോഗം ശക്തമായി തുടരുന്നുവെന്നും ഇന്നലെ പുറത്തിറങ്ങിയ ജിഡിപി കണക്ക് വ്യക്തമാക്കുന്നു. യുഎസിലെ പണപ്പെരുപ്പം കുറയുന്നത് ഫെഡ് റിസര്‍വ് പലിശകള്‍ കുറയ്ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുക കൂടി ചെയ്തതോടെ എഫ്‍ഐഐകള്‍ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ വാങ്ങലിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

സെപ്തംബർ പാദത്തിൽ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന 7.6 ശതമാനം ജിഡിപി വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനൊപ്പം അഞ്ചു സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കുള്ള സാധ്യതകള്‍ നല്‍കുന്നില്ലാ എന്നും നിക്ഷേപകര്‍ വിലയിരുത്തുന്നു.

മികച്ച പ്രകടനം നടത്തിയവര്‍

സെന്‍സെക്സില്‍ ഐടിസി, എൻടിപിസി, ആക്സിസ് ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, ബജാജ് ഫിനാൻസ് തുടങ്ങിയവയാണ് ഏറ്റവും മികച്ച പ്രകടനം നടത്തിയ പ്രധാന ഓഹരികള്‍. വിപ്രോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്‍സി ബാങ്ക്, ഇൻഡസ്‍ഇന്‍ഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവ ഇടിവ് നേരിട്ടു.

എൻടിപിസി, ഐടിസി, എൽ ആൻഡ് ടി, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ആക്സിസ് ബാങ്ക് എന്നിവ നിഫ്റ്റിയിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയപ്പോള്‍ ഹീറോ മോട്ടോകോർപ്പ്, എച്ച്ഡിഎഫ്സി ലൈഫ്, വിപ്രോ, എം ആൻഡ് എം, എസ്ബിഐ ലൈഫ് ഇൻഷുറൻസ് എന്നിവ നിഫ്റ്റിയില്‍ ഇടിവ് രേഖപ്പെടുത്തി.

ഓട്ടോമൊബൈല്‍ ഒഴികെ, മറ്റെല്ലാ മേഖലാ സൂചികകളും നേട്ടത്തിലായിരുന്നു. മൂലധന ഉല്‍പ്പന്നങ്ങള്‍, എഫ്എംസിജി, മെറ്റൽ, വൈദ്യുതി, റിയാലിറ്റി എന്നിവ 1-1.5 ശതമാനം വീതം നേട്ടം കൈവരിച്ചു. ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക ഒരു ശതമാനം വർധിച്ചപ്പോൾ സ്‌മോൾക്യാപ് സൂചിക 0.5 ശതമാനം ഉയർന്നു.

മുന്നേറാനുള്ള പ്രേരണകള്‍

"പ്രതീക്ഷിച്ചതിനേക്കാൾ മികച്ച ഇന്ത്യയുടെ ജിഡിപി സംഖ്യകൾ നടപ്പു സാമ്പത്തിക വര്‍ഷത്തെ മൊത്തം വളർച്ചാ വീക്ഷണം ഉയർത്തുകയും വിപണിയുടെ ഉയർച്ച തുടരുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യും. സര്‍ക്കാരിന്‍റെ ഉയര്‍ന്ന മൂലധന ചെലവിടലും മാനുഫാക്ചറിംഗ് വളര്‍‌‍ച്ചാ വേഗത്തിലെ വീണ്ടെടുപ്പും മൂലധന ഉല്‍പ്പന്ന വിഭാഗത്തിലെയും ഇൻഫ്രാ വിഭാഗത്തിലെയും ഓഹരികളുടെ മികച്ച പ്രകടനത്തിന് കാരണമായി," ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസിലെ റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറഞ്ഞു.

ഇന്ന് യുഎസ് ഫെഡ് റിസര്‍വ് ചെയർമാന്‍റെ പ്രസംഗം നടക്കാനിരിക്കെ, പണപ്പെരുപ്പം ലഘൂകരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ യൂറോപ്യന്‍ കേന്ദ്രബാങ്ക് നിരക്ക് വർധന ചക്രം അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിൽ ആഗോള വിപണിയും ഉയർന്നു. ഒപെക് പ്ലസ് രാഷ്ട്രങ്ങള്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും ക്രൂഡ് ഓയില്‍ വില താഴുന്നത് കോര്‍പ്പറേറ്റുകളുടെ പ്രവര്‍ത്തന മാര്‍ജിന്‍ മെച്ചപ്പെടുത്തും. ഉല്‍സവാന്തരീക്ഷം വാഹന വില്‍പ്പനയിലെ മുന്നേറ്റത്തിന് ഇടയാക്കി എങ്കിലും പ്രീമിയം വിലകള്‍ വില്‍പ്പന വളര്‍ച്ചയെ പരിമിതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍

ഏഷ്യ പസഫിക് വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ് , തായ്വാന്‍ എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹോംഗ്കോംഗ് ഇടിവിലായിരുന്നു. യുഎസ് വിപണികൾ വ്യാഴാഴ്ച മിക്കതും നേട്ടത്തോടെയാണ് അവസാനിച്ചത്.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വ്യാഴാഴ്ച ഇന്ത്യന്‍ ഓഹരികളില്‍ 8,147.85 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തിയതായി എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ബിഎസ്ഇ ബെഞ്ച്മാർക്ക് 86.53 പോയിന്റ് അഥവാ 0.13 ശതമാനം ഉയർന്ന് 66,988.44 എന്ന നിലയിലാണ് വ്യാഴാഴ്ച അവസാനിച്ചത്. നിഫ്റ്റി 36.55 പോയിന്റ് അഥവാ 0.18 ശതമാനം ഉയർന്ന് 20,133.15 ലെത്തി.