image

22 Feb 2024 5:17 PM IST

Stock Market Updates

വിട്ട് കൊടുക്കാതെ ബുൾസ്; വിപണി വീണ്ടും ഉയരങ്ങളിലേക്ക്

MyFin Desk

വിട്ട് കൊടുക്കാതെ ബുൾസ്; വിപണി വീണ്ടും ഉയരങ്ങളിലേക്ക്
X

Summary

  • നിഫ്റ്റി എക്കാലത്തെയും ഉയർന്ന പോയിന്റായ 22252.50ൽ എത്തി
  • ജപ്പാൻ്റെ നിക്കെ 225 രണ്ടു ശതമാനത്തിലധികം ഉയർന്ന് എക്കാലത്തെയും ഉയർന്ന നിലയിലെത്തി
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ ഉയർന്ന് 82.83 രൂപയിലുമെത്തി.


ആഭ്യന്തര വിപണിയിൽ ഇന്ന് വ്യാപാരം ആരംഭിച്ചത് മുതൽ പ്രധാന സൂചികകളെല്ലാം ചാഞ്ചാട്ടത്തിലായിരുന്നു. ഒടുവിൽ വ്യാപാരവസാനം നിഫ്റ്റി സർവകാല ഉയരം തൊട്ടു.

അസ്ഥിരമായ ആഗോള സൂചനകൾക്കിടയിലും വിപണി ഫ്ലാറ്റ് ആയി തുടങ്ങിയെങ്കിലും മുൻ സെഷനിൽ നിന്നുള്ള പ്രോഫിറ്റ് ബുക്കിംഗ് അധികരിച്ചതിനാൽ നിഫ്റ്റി ഇൻട്രാഡേയിൽ 21,900 പോയിന്റ് വരെ എത്തി. അവസാന രണ്ട് മണിക്കൂർ ഓഹരികളുടെ വാങ്ങൽ അധികരിച്ചതോടെ സൂചികയെ എക്കാലത്തെയും ഉയർന്ന പോയിന്റായ 22252.50ൽ അവസാനിക്കാൻ സഹായിച്ചു. നിഫ്റ്റിയിൽ 25 ഓഹരികളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

വ്യാപാരവസാനം സെൻസെക്സ് 535.15 പോയിൻ്റ് അഥവാ 0.74 ശതമാനം ഉയർന്ന് 73,158.24ലും നിഫ്റ്റി 162.50 പോയിൻ്റ് അഥവാ 0.74 ശതമാനം ഉയർന്ന് 22,217.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്സ് ജനുവരി 16 ന് രേഖപ്പെടുത്തിയ റെക്കോർഡ് നിലയായ 73,427.59 ൽ നിന്ന് സൂചിക ഇപ്പോൾ 225.87 പോയിൻ്റ് മാത്രം അകലെയാണ്.

നിഫ്റ്റിയിൽ ബജാജ് ഓട്ടോ, ഐഷർ മോട്ടോർസ്, എച്സിഎൽ ടെക്, കോൾ ഇന്ത്യ, ഐടിസി നേട്ടം നൽകിയപ്പോൾ ഇൻഡസ്ഇൻഡ് ബാങ്ക്, എച്ഡിഎഫ്സി ബാങ്ക്, കൊട്ടക്ക് മഹീന്ദ്ര ബാങ്ക്, ഭാരത് പെട്രോളിയം, ഹീറോ മോട്ടോർകോർപ് നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്.

സെക്ടറൽ സൂചികയിൽ ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, മെറ്റൽ, പവർ, ഇൻഫർമേഷൻ ടെക്‌നോളജീസ്, ടെലികോം എന്നിവ ഒരു ശതമാനം വീതം ഉയർന്നു. ബാങ്ക് സൂചിക നേരിയ തോതിൽ താഴ്ന്നു. ബിഎസ്ഇ മിഡ്‌ക്യാപ് ഒരു ശതമാനവും സ്‌മോൾക്യാപ് സൂചിക 0.5 ശതമാനവും നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് സൂചിക ഇന്നത്തെ ഏറ്റവും താഴ്ന്ന നിലയായ 46,426.85 ൽ നിന്ന് 493 പോയിൻ്റ് ഉയർന്ന് 46,919.80 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

പ്രധാന ബാങ്കുകളുടെ ഓഹരികളെല്ലാം ഇന്ന് ചുവപ്പിലാണ് ക്ലോസ് ചെയ്തത്. ഇൻഡസ്ഇൻഡ് ബാങ്ക് 1.87 ശതമാനവും എച്ച്‌ഡിഎഫ്‌സി ബാങ്ക് 1.28 ശതമാനവും കൊട്ടക് മഹീന്ദ്ര ബാങ്ക് 1.11 ശതമാനവും എസ്ബിഐ 0.73 ശതമാനവും ഇടിഞ്ഞു.

ഏഷ്യൻ വിപണികളിൽ ജപ്പാൻ്റെ നിക്കെ 225 രണ്ടു ശതമാനത്തിലധികം ഉയർന്ന് എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ഹോങ്കോങ്ങിൻ്റെ ഹാങ് സെങ്, ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് എന്നിവയും മികച്ച മുന്നേറ്റമാണ് ഇന്ന് നടത്തിയത്.

യൂറോപ്യൻ വിപണികളിലും നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.

പലിശ നിരക്ക് നേരത്തെ വെട്ടിക്കുറയ്ക്കുന്നതിൻ്റെ അപകടസാധ്യതകളെക്കുറിച്ച് മിക്ക പോളിസി മേക്കർമാരും ആശങ്കാകുലരാണെന്നാണ് യുഎസ് ഫെഡറൽ റിസർവിൻ്റെ ജനുവരി മീറ്റിംഗിൻ്റെ മിനിറ്റ്സ് വ്യക്തമാകുന്നത്.

ബുധനാഴ്ച, സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ ആറ് ദിവസത്തെ നേട്ടത്തിനാണ് വിരാമമിട്ടത്. സെൻസെക്‌സ് 434.31 പോയിൻ്റ് താഴ്ന്ന് 72,623.09 പോയിൻ്റിലും നിഫ്റ്റി 141.90 പോയിൻ്റ് താഴ്ന്ന് 22,055.05 പോയിൻ്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സ്വർണം ട്രോയ് ഔൺസിന് 0.21 ശതമാനം ഉയർന്ന് 2038.45 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് 0.13 ശതമാനം ഉയർന്ന് 83.2 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ ഉയർന്ന് 82.83 രൂപയിലുമെത്തി.

284.66 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതിനാൽ ബുധനാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) അറ്റ വാങ്ങൽ രേഖപ്പെടുത്തി.