image

3 Jun 2024 1:11 PM IST

Stock Market Updates

കത്തിക്കയറി പൊതുമേഖലാ ഓഹരികൾ; സൂചിക ഉയർന്നത് 7%

MyFin Desk

public sector stocks on fire
X

Summary

  • നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 7% നേട്ടത്തോടെ റെക്കോർഡ് ലെവലിൽ
  • 7% ഉയർന്ന് നിഫ്റ്റി പിഎസ്ഇ സൂചിക


എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ വിപണി റെക്കോർഡ് നേട്ടങ്ങളാണ് ഇന്നത്തെ വ്യാപരത്തിൽ നൽകിയത്. ഭരണ തുടർച്ച പ്രവചിച്ച ഫലങ്ങൾ കാരണം പൊതുമേഖലാ ഓഹരികൾ കുതിച്ചുയർന്നു. നിഫ്റ്റി പിഎസ്ഇ സൂചിക നിലവിൽ ഏഴു ശതമാനം ഉയരത്തിലാണ്. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികയും ഏഴു ശതമാനം നേട്ടത്തോടെ റെക്കോർഡ് ലെവലിലാണ്.

പവർ ഫിനാൻസ്, ആർ ഇ സി, പവർ ഗ്രിഡ് ഓഹരികൾ 10 ശതമതിലതിക ഉയർന്നതോടെ നിഫ്റ്റി പിഎസ്ഇ സൂചിക കുതിച്ചു. സൂചികയിൽ എൻടിപിസി, ഗെയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം, ഭാരത് ഇലക്ട്രോണിക്സ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്, ഇന്ത്യൻ ഓയിൽ, കണ്ടെയ്‌നർ കോർപ്പറേഷൻ ഇന്ത്യ, NHPC, ഓയിൽ & നാച്ചുറൽ ഗ്യാസ്, കോൾ ഇന്ത്യ എന്നീ ഓഹരികൾ 6-8 ശതമാനം വരെ ഉയർന്നു. ഓയിൽ ഇന്ത്യ, സ്റ്റീൽ അതോറിറ്റി, ഭാരത് ഹെവി ഇലക്ട്രിക്കൽസ്, എൽഐസി ഇന്ത്യ, നാഷണൽ അലുമിനിയം കോ, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് തുടങ്ങിയ ഓഹരികൾ അഞ്ചു ശതമാനത്തോളം നേട്ടം നൽകി.

ബാങ്ക് ഓഫ് ബറോഡ, സി.ബി.ഐ, എസ്.ബി.ഐ എന്നീ ഓഹരികൾ 10 ശതമാനത്തോളം ഉയർന്നപ്പോൾ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക എക്കാലത്തെയും ഉയരത്തിലെത്തി. സൂചികയിൽ കാനറ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് & സിന്ദ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യുസിഒ ബാങ്ക്, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ അഞ്ചു ശതംനത്തിലധികവും നേട്ടം നൽകി.

ജൂൺ ഒന്നിന് പുറത്തു വന്ന മിക്ക എക്സിറ്റ് പോൾ ഫലങ്ങളും കാണിക്കുന്നത് ഭരണ തുടർച്ചയുണ്ടാവുമെന്നാണ്.

സർക്കാരിന്റെ നയങ്ങൾ പൊതുമേഖലാ ഓഹരികളെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട്. ഈ ഓഹരികൾ കഴിച്ച ഒരു വർഷത്തിനിടെ മികച്ച നേട്ടമാണ് നൽകിയത്. ഭരണ തുടർച്ചയുണ്ടായാൽ ഈ പ്രവണത തുടരാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു.

കാപെക്‌സിൽ സുസ്ഥിരമായ ശ്രദ്ധ, ആഭ്യന്തര മേഖലകളിലെ ധനപരമായ ഏകീകരണം എന്നിവ ഓഹരികൾക്ക് കരുത്തേകി. പ്രത്യേകിച്ച് ഇൻഫ്രാ, മാനുഫാക്ചറിംഗ്, കാപെക്‌സ് മേഖലകളിൽ സമീപകാലത്ത് മികച്ച പ്രകടനം ദൃശ്യമായെന്ന് നോമുറയിലെ വിശകലന വിദഗ്ധർ പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ വിപണിയിലെ ചാഞ്ചാട്ടം നേരിയ തോതിൽ ഉയർന്നിട്ടുണ്ടെങ്കിലും ഇന്ത്യ വിക്സ് സൂചിക ഇപ്പോഴും തന്ന നിലയിലാണ്. മുൻ അസംബ്ലി തെരഞ്ഞെടുപ്പുകളിൽ കണ്ടതിനെക്കാൾ താഴെയാണ് ഇന്ത്യ വിക്‌സെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് നിക്ഷേപകരിൽ അനിശ്ചിതത്വം കുറവാണെന്ന് ഇത് സൂചിപ്പിക്കുന്നതായും ബ്രോക്കറേജ് വ്യക്തമാക്കി.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.