image

21 Jan 2024 11:49 AM IST

Stock Market Updates

വരുമാന പ്രഖ്യാപനങ്ങള്‍, യുഎസ് ജിഡിപി, അവധി; ദലാല്‍ തെരുവിലെ ഈ ആഴ്ച

MyFin Desk

income announcements, us gdp, holiday, this week on dalal street
X

Summary

  • ഈയാഴ്ച വ്യാപാരം മൂന്ന് ദിവസങ്ങളില്‍ മാത്രം
  • 200-ലധികം കമ്പനികളുടെ മൂന്നാംപാദ ഫലങ്ങള്‍ ഈയാഴ്ച
  • ബജറ്റിനു മുമ്പുള്ള വിലയിരുത്തലുകളും വിപണിയെ സ്വാധീനിക്കും


അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കൂടി അവധി പ്രഖ്യാപിക്കപ്പെട്ടതോടെ പുതിയവാരത്തില്‍ മൂന്ന് ദിവസം മാത്രമാണ് രാജ്യത്തെ ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ച റിപ്പബ്ലിക് ദിന അവധിയാണ്. കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ ഇക്വിറ്റി വിപണികൾ കുത്തനെ ഇടിഞ്ഞു. റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറിയ റാലിക്ക് ശേഷമുള്ള ലാഭമെടുപ്പും മൂന്നാം പാദഫലങ്ങളും യുഎസ് പലിശനിരക്കിളവ് ഉടനുണ്ടാകുമെന്ന പ്രതീക്ഷകള്‍ മങ്ങിയതുമാണ് വിപണി വികാരങ്ങളെ നയിച്ചത്.

നിഫ്റ്റിയും സെൻസെക്സും 1.5 ശതമാനം വീതം ഇടിഞ്ഞ് യഥാക്രമം 21,572ലും 71,424ലും എത്തി. വിശാലമായ വിപണികളിൽ മിഡ്‌ക്യാപുകള്‍ തിളങ്ങി. നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 1.16 ശതമാനം നേട്ടമുണ്ടാക്കി. നിഫ്റ്റി സ്മോൾക്യാപ് 100 സൂചിക 0.17 ശതമാനം ഇടിഞ്ഞു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റ ​​പലിശ മാർജിനുകള്‍ നല്‍കിയ നിരാശ മൊത്തത്തില്‍ബാങ്കിംഗ് ഓഹരികളെ ബാധിച്ചു. നിഫ്റ്റി ബാങ്ക് 3.5 ശതമാനത്തിനടുത്താ് ഇടിഞ്ഞു.

അവധികള്‍ വെട്ടിച്ചുരുക്കിയ പുതിയ വ്യാപാര ആഴ്ചയിലും മൂന്നാംപാദ ഫലങ്ങള്‍ വിപണിയില്‍ വലിയ സ്വാധീനം ചെലുത്തും. യു‌എസ് ജിഡിപി ഡാറ്റ, ബജറ്റിന് മുമ്പുള്ള വിലയിരുത്തലുകള്‍, ബാങ്ക് ഓഫ് ജപ്പാന്‍റെയും യൂറോപ്യന്‍ കേന്ദ്ര ബാങ്കിന്‍റെയും പലിശനിരക്ക് പ്രഖ്യാപനങ്ങള്‍ തുടങ്ങിയവയും നിക്ഷേപകര്‍ വിലയിരുത്തും.

റിസള്‍ട്ട് സീസണ്‍ തുടരുന്നു

200-ലധികം കമ്പനികൾ അവരുടെ മൂന്നാം പാദ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കുന്നു. അവയിൽ ഏറ്റവും പ്രധാനം ആക്സിസ് ബാങ്ക് (ജനുവരി 23), ടാറ്റ സ്റ്റീൽ (ജനുവരി 24), സിപ്ല (ജനുവരി 25), ബജാജ് ഓട്ടോ (ജനുവരി 24) എന്നിവയുടെ പ്രഖ്യാപനങ്ങളാണ്. കർണാടക ബാങ്ക്, ബ്ലൂ ഡാർട്ട്, ഒബ്‌റോയ് റിയൽറ്റി, റെയിൽടെൽ, വിഎസ്ടി ഇൻഡസ്ട്രീസ്, ടാറ്റ കെമിക്കൽ, ഇന്ത്യൻ ബാങ്ക്, യുകോ ബാങ്ക്, എസ്‌ബിഐ കാർഡ്സ് തുടങ്ങിയവയാണ് ഈ വാരം റിസള്‍ട്ട് പ്രഖ്യാപിക്കുന്ന മറ്റ് കമ്പനികള്‍.

യുഎസ് ജിഡിപി

ജനുവരി 25ന്, യുഎസ് ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിസ് 2023 നാലാം പാദത്തിലെ ജിഡിപി വളര്‍ച്ച സംബന്ധിച്ച ആദ്യ എസ്‍റ്റിമേറ്റ് പുറത്തിറക്കും. ഏകദേശം 2 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് ഒക്റ്റോബര്‍- ഡിസംബര്‍ കാലയളവില്‍ പ്രതീക്ഷിക്കുന്നത്. മൂന്നാംപാദത്തിലെ ശക്തമായ 4.9 ശതമാനം വർധനയിൽ നിന്നുള്ള കുത്തനെയുള്ള ഇടിവാണിത്.

ജിഡിപി വളർച്ചാ സംഖ്യകൾ യുഎസിൽ സാമ്പത്തിക മാന്ദ്യ സാധ്യതയുണ്ടോയെന്നും ഫെഡറൽ റിസർവ് നിലപാട് എന്താകും എന്നതു സംബന്ധിച്ചും കൂടുതല്‍ വ്യക്ത നിക്ഷേപകര്‍ക്ക് നല്‍കും.

ബജറ്റിന് മുമ്പ്

രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ മൂലധന ചെലവിടല്‍ ഉയര്‍ത്തുന്ന വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ ഉണ്ടായേക്കും. കഴിഞ്ഞ ആഴ്‌ചയിലെ മൊത്തത്തിലുള്ള തിരുത്തലുകള്‍ക്കിടയിലും പുതിയ ഉയരങ്ങളിലേക്ക് കുതിച്ച റെയിൽവേ, പവർ സ്റ്റോക്കുകളിൽ ഈ ആവേശം ദൃശ്യമാണ്.

എന്നിരുന്നാലും, വിദേശ ബ്രോക്കിംഗ് സ്ഥാപനമായ ജെഫറീസ് സര്‍ക്കാരിന്‍റെ മൂലധന ചെലവിടല്‍ വളര്‍ച്ച് 10 ശതമാനത്തില്‍ താഴെ മാത്രമാകും എന്നതാണ്. ധനപരമായ കണ്‍സോളിഡേഷനിലേക്ക് നീങ്ങുമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. . ഇത് വിപണിയെ നിരാശപ്പെടുത്തും, സര്‍ക്കാര്‍ മൂലധന ചെലവുകള്‍ സ്വാധീനം ചെലുത്തുന്ന ഓഹരികളിലെ തിരുത്തലുകളിലേക്കാകും ഇത് വഴിവെക്കുക.

വിദേശ നിക്ഷേപങ്ങളുടെ ഗതി

ജനുവരി 17 മുതൽ 19 വരെയുള്ള മൂന്ന് ദിവസത്തില്‍ 24,147 കോടി രൂപയുടെ ഇക്വിറ്റി വിറ്റഴിച്ച് വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) പണ വിപണിയില്‍ വൻതോതിൽ വിൽപ്പനക്കാരായി മാറി.

"ഒന്ന്, 10 വർഷ യുഎസ് ബോണ്ടുകളിലെ ആദായം 3.9 ശതമാനത്തിൽ നിന്ന് 4.15 ശതമാനമായി ഉയർന്നു. ഇതോടെ ഇന്ത്യ, തായ്‌വാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ് തുടങ്ങിയ വളർന്നുവരുന്ന വിപണികളിൽ നിന്ന് മൂലധനം പുറത്തേക്ക് ഒഴുകുന്നു. രണ്ട്, ഇന്ത്യയിലെ ഓഹരികളുടെ മൂല്യനിർണ്ണയം വളരേ ഉയർന്നതാണ്," . ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറഞ്ഞു.