27 Aug 2023 11:41 AM IST
റിലയന്‍സിന്‍റെ എജിഎം, പിഎംഐ, ജിഡിപി ഈയാഴ്ച വിപണികള്‍ ഉറ്റുനോക്കുന്നത്
MyFin Desk
Summary
- യുഎസ് ജിഡിപി, പിഎംഐ കണക്കുകളും നിക്ഷേപകരെ സ്വാധീനിക്കും
- തുടര്‍ച്ചയായ അഞ്ചാം വാരത്തിലും വിപണികള്‍ അവസാനിച്ചത് നഷ്ടത്തില്‍
തുടര്‍ച്ചയായ അഞ്ചാം വാരത്തിലും നഷ്ടത്തിന്‍റെ കണക്കുമായാണ് ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്, മുന്‍വാരങ്ങളെ അപേക്ഷിച്ച് നഷ്ടത്തിന്‍റെ തോത് കുറവായിരുന്നു എന്നുമാത്രം. ഒരാഴ്ച കാലത്തില്‍ ഉടനീളം അനിശ്ചിതാവസ്ഥയാണ് ദലാല്‍ തെരുവില്‍ നിഴലിച്ചത്. ആഗോള തലത്തിലും ആഭ്യന്തര തലത്തിലും അത്ര ശുഭകരമായ വാര്‍ത്തകളുമായല്ല വാരാന്ത്യത്തിലേക്ക് വിപണി നീങ്ങിയത്.
റിസര്‍വ് ബാങ്ക് പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ ബാങ്കുകളുടെ അധിക കരുതതല്‍ ധന അനുപാതം തുടരാന്‍ റിസര്‍വ് ബാങ്ക് തീരുമാനമെടുക്കുമെന്ന സൂചനയാണ് ധനനയ സമിതിയുടെ മിനുറ്റ്സ് വ്യക്തമാക്കുന്നത്. പണപ്പെരുപ്പത്തെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അനിവാര്യമെങ്കില്‍ കൂടുതല്‍ കരുത്തുറ്റ നടപടിക്ക് തയാറായിരിക്കണമെന്നും എംപിസി അംഗങ്ങള്‍ അഭിപ്രായപ്പെടുന്നു.
ആഗോള തലത്തില്‍ നിക്ഷേകര്‍ കാത്തിരുന്ന ജെറോം പൗവ്വലിന്‍റെ പ്രസംഗത്തിന്‍റെ വിശദാംശങ്ങളാണ് തിങ്കളാഴ്ച വിപണി തുറക്കുമ്പോള്‍ ആഗോള തലത്തില്‍ വിപണികളെ സ്വാധീനിക്കുക. പണപ്പെരുപ്പം വരുതിക്ക് എത്തുംവരെ പലിശ നിരക്ക് വര്‍ധനയുമായി മുന്നോട്ടുപോകേണ്ടി വരുമെന്ന വ്യക്തമായ സൂചനയാണ് യുഎസ് ഫെഡ് റിസര്‍വ് തലവന്‍ നല്‍കിയിട്ടുള്ളത്.
ഇടിവ് തുടര്‍ന്ന് വിപണി
കഴിഞ്ഞ വാരത്തില്‍ ബിഎസ്‌ഇ സെൻസെക്‌സ് 62 പോയിന്റ് ഇടിഞ്ഞ് 64,887ലും നിഫ്റ്റി 44 പോയിന്റ് താഴ്ന്ന് 19,267ലും എത്തി. നിഫ്റ്റി മിഡ്‌ക്യാപ് 100, സ്‌മോൾക്യാപ് 100 സൂചികകൾ യഥാക്രമം 1.7 ശതമാനവും 1.6 ശതമാനവും നേട്ടമുണ്ടാക്കി. ഓയിൽ & ഗ്യാസ്, ഫാർമ, ഊർജം, ഇൻഫ്രാ, പൊതുമേഖലാ ബാങ്കുകൾ എന്നിവ സമ്മർദ്ദത്തിലായിരുന്നു, എന്നാൽ ടെക്നോളജി, സ്വകാര്യ ബാങ്കുകൾ, സാമ്പത്തിക സേവനങ്ങൾ, തിരഞ്ഞെടുത്ത മെറ്റൽ സ്റ്റോക്കുകൾ എന്നിവയിൽ വാങ്ങൽ കണ്ടു.
വരുന്നയാഴ്ച നിക്ഷേപകര്‍ ഉറ്റുനോക്കുകയും വിപണി ചലനങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്ന സംഭവവികാസങ്ങള്‍ പരിശോധിക്കാം.
റിലയന്‍സിന്‍റെ വാര്‍ഷിക പൊതുയോഗം
ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ 46-ാം വാർഷിക പൊതുയോഗം ഓഗസ്റ്റ് 28 തിങ്കളാഴ്ച നടക്കും. ടെലികമ്മ്യൂണിക്കേഷൻ, റീട്ടെയിൽ ബിസിനസുകളുടെ ഐപിഒ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍. 5ജി വ്യാപനത്തെ കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾ, പുതിയ എനർജി ബിസിനസ്സിന് കീഴിൽ ആരംഭിച്ച വിവിധ പദ്ധതികളുടെ ആസൂത്രണവും പുരോഗതിയും എന്നിവയെല്ലാം അറിയനായി നിക്ഷേപകര്‍ ആകാംക്ഷയിലാണ്.
ആദ്യപാദ ജിഡിപി വളര്‍ച്ച
ആദ്യ പാദത്തിലെ ജിഡിപി വളർച്ച എത്രയെന്ന് ഓഗസ്റ്റ് 31 ന് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. 8 ശതമാനം വളര്‍ച്ചയാണ് ആദ്യപാദത്തില്‍ റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്. സ്വകാര്യ ഉപഭോഗം, മാനുഫാക്ചറിംഗ് പിഎംഐ, സേവന കയറ്റുമതി എന്നിവയുടെ മികച്ച ഡാറ്റയാണ് ജനുവരി-മാര്‍ച്ച് കാലയളവിലെ വളര്‍ച്ചയെ നയിച്ചത്.
ആഗോള വളർച്ച മന്ദഗതിയിലാകുന്നതിന്‍റെ സ്വാധീനം ആഭ്യന്തര വളര്‍ച്ചയിലും പ്രതിഫലിച്ചേക്കും. ബാർക്ലേയ്‌സ് 7.8 ശതമാനം വളര്‍ച്ചയാണ് ആദ്യ പാദത്തില്‍ പ്രതീക്ഷിക്കുന്നത്. പൊതു-സ്വകാര്യ മേഖലകളിലെ ബാങ്ക് വായ്പകൾ ശക്തമായ വേഗതയിൽ വികസിച്ചതിനാൽ ജിഡിപി വളർച്ച 8.3 ശതമാനം ആയിരിക്കുമെന്നാണ് എസ്‍ബിഐ റിസര്‍ച്ച് കണക്കാക്കുന്നത്.
മാനുഫാക്ചറിംഗ് പിഎംഐ
ഓഗസ്റ്റിലെ മാനുഫാക്ചറിംഗ് പിഎംഐ സംബന്ധിച്ച എസ് & പി ഗ്ലോബലിന്‍റെ റിപ്പോര്‍ട്ട് സെപ്‌റ്റംബർ 1-ന് പുറത്തിറങ്ങും. മിക്ക വിദഗ്ധരും പ്രതീക്ഷിക്കുന്നത് മാനുഫാക്ചറിംഗ് പ്രവർത്തനങ്ങൾ വികാസം രേഖപ്പെടുത്തും എന്നാണ്. എസ് & പി ഗ്ലോബൽ പർച്ചേസിംഗ് മാനേജേര്‍സ് ഇന്‍റക്സ് (പിഎംഐ) ജൂണിലെ 57.8ൽ നിന്ന് ജൂലൈയില്‍ 57.7ലേക്ക് താഴ്ന്നു. മെയ് മാസത്തിൽ ഇത് 31 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 58.7 ആയിരുന്നു. 50 ന് മുകളിലുള്ള നില മേഖലയുടെ വികാസത്തെയാണ് സൂചിപ്പിക്കുന്നത്. ഓഗസ്റ്റിലും മാനുഫാക്ചറിംഗിന്‍റെ വളര്‍ച്ചാ നിരക്ക് പരിമിതപ്പെട്ടേക്കും.
കൂടാതെ, ഓഗസ്റ്റ് 25 ന് അവസാനിച്ച ആഴ്ചയിലെ വിദേശനാണ്യ കരുതൽ ശേഖരം സംബന്ധിച്ച കണക്കും സെപ്റ്റംബര്‍ 1ന് പുറത്തുവിടും. ഓഗസ്റ്റ് 18 ന് അവസാനിച്ച ആഴ്ചയിലെ കരുതൽ ശേഖരം മുൻ ആഴ്ചയിലെ 601.45 ബില്യൺ ഡോളറിൽ നിന്ന് 594.89 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു.
ആഗോള തലത്തിലെ വിവരങ്ങള്‍
ആഗോളതലത്തിൽ, ഓഗസ്റ്റ് 30-ന് പുറത്തുവരുന്ന യുഎസ് ജിഡിപി സംഖ്യകൾക്കായാണ് നിക്ഷേപകര്‍ ഏറ്റവുമധികം ശ്രദ്ധനല്‍കുന്നത്. യുഎസ് സമ്പദ്‌വ്യവസ്ഥ ഏപ്രില്‍- ജൂണ്‍ പാദത്തിൽ 2.4 ശതമാനം വളര്‍ച്ച പ്രകടമാക്കുമെന്നാണ് സര്‍ക്കാരിന്‍റെ പുതുക്കിയ എസ്റ്റിമേറ്റ് പ്രതീക്ഷിക്കുന്നത്.
യുഎസിന്‍റെ തൊഴിലില്ലായ്മ നിരക്കും പിഎംഐ കണക്കുകളും ആഗോള വിപണികളില്‍ സ്വാധീനം ചെലുത്തും.
വിദേശ ഫണ്ടുകളുടെ വരവ്
വിദേശ നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നുള്ള വരവ് ഓഗസ്റ്റ് മാസത്തിൽ നെഗറ്റീവ് തലത്തില്‍ അവസാനിക്കുന്നതിലേക്കാണ് നീങ്ങുന്നത്. ഈ മാസം ഇതുവരെ, എഫ്‌ഐഐ-കൾ പണ വിഭാഗത്തില്‍ 15,821 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് നടത്തിയത്. ഡോളര്‍ ശക്തിപ്പെട്ടതും യുഎസ് ബോണ്ട് വരുമാനം ഉയര്‍ന്നതും വിദേശ നിക്ഷേപകരെ ഇന്ത്യന്‍ വിപണിയിലെ നിക്ഷേപങ്ങളില്‍ നിന്ന് നിരുത്സാഹപ്പെടുത്ത്. കഴിഞ്ഞ അഞ്ച് മാസങ്ങളിലും എഫ്ഐഐകള്‍ അറ്റവാങ്ങലുകാരായിരുന്നു
ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഈ മാസം ഇതുവരെ 17,742 കോടി രൂപയുടെ അറ്റനിക്ഷേപമാണ് നടത്തിയത്.