6 Oct 2023 3:37 PM IST
Summary
- ബജാജ് ഇരട്ടകളില്‍ മികച്ച വാങ്ങല്‍
- യുഎസ് തൊഴിൽ ഡാറ്റ ഇന്ന് രാത്രിയോടെ പുറത്തുവരും
തുടര്‍ച്ചയായ രണ്ടാം ദിനവും നേട്ടം രേഖപ്പെടുത്തി ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ വാരാന്ത്യ അവധിയിലേക്ക് നീങ്ങി. ഏഷ്യൻ വിപണികളിലെ ദൃഢമായ പ്രവണതകളും ക്രൂഡ് വില താഴ്ന്നു തന്നെ നില്‍ക്കുന്നതും നിക്ഷേപകരുടെ വികാരം മെച്ചപ്പെടുത്തി. പ്രതീക്ഷകളോട് ചേര്‍ന്നുപോകുന്ന തരത്തില്‍ പലിശ നിരക്കുകളിലും വിലക്കയറ്റ, ജിഡിപി അനുമാനങ്ങളിലും മാറ്റം വരുത്താതിരുന്ന ആര്‍ബിഐ ധനനയം കാര്യമായ സ്വാധീനം ചെലുത്തിയില്ല.
നിഫ്റ്റി ഇന്ന് 108 പോയിൻറ് (0.55 ശതമാനം) ഉയർന്ന് 19,653.50 ലും സെൻസെക്സ് 364 പോയിൻറ് (0.55 ശതമാനം) ഉയർന്ന് 65,995.63 ലും ക്ലോസ് ചെയ്തു. നിക്ഷേപകര്‍ക്ക് മൊത്തം 2 ലക്ഷം കോടി രൂപയ്ക്കു മുകളിലുള്ള ലാഭം ഇന്നുണ്ടായി.
ബജാജ് ഫിൻസെർവ്, ബജാജ് ഫിനാന്‍സ്, ടൈറ്റൻ, ബജാജ് ഫിനാൻസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, മാരുതി, ടാറ്റ മോട്ടോഴ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക്, പവർ ഗ്രിഡ്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ലാർസൻ ആൻഡ് ടൂബ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ഏഷ്യന്‍ പെയിന്‍റ്സ് എന്നിവയാണ് ഇടിവു നേരിടുന്നത്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ പോസിറ്റീവായി വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ ടോക്കിയോ വിപണികള്‍ താഴ്ന്നു. യുഎസ് വിപണികൾ വ്യാഴാഴ്ച നേരിയ തോതിൽ താഴ്ന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി അവലോകനം വിപണിയെ ബാധിക്കാൻ സാധ്യതയില്ലെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു. വിപണി വീക്ഷണകോണിൽ, ഇന്ന് രാത്രി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന യുഎസ് തൊഴിൽ ഡാറ്റയായിരിക്കും കൂടുതൽ പ്രധാനം, അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 405.53 പോയിന്റ് അഥവാ 0.62 ശതമാനം ഉയർന്ന് 65,631.57 പോയിന്റിൽ എത്തി. നിഫ്റ്റി 109.65 പോയിന്റ് അഥവാ 0.56 ശതമാനം ഉയർന്ന് 19,545.75 പോയിന്റിൽ അവസാനിച്ചു. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വ്യാഴാഴ്ച 1,864.20 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.