6 Feb 2025 4:28 PM IST
തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലേക്ക് വീണ് ഓഹരി വിപണി. ആർബിഐയുടെ നയ തീരുമാനത്തിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പുലർത്തിയതും ആഗോള വ്യാപാര യുദ്ധ ആശങ്കകളുമാണ് വിപണിയെ ഇടിവിലേക്ക് കൊണ്ടെത്തിച്ചത്.
സെൻസെക്സ് 213.12 പോയിന്റ് അഥവാ 0.27 ശതമാനം ഇടിഞ്ഞ് 78,058.16 ൽ അവസാനിച്ചു. നിഫ്റ്റി 92.95 പോയിന്റ് അഥവാ 0.39 ശതമാനം ഇടിഞ്ഞ് 23,603.35 ൽ ക്ലോസ് ചെയ്തു.
സെൻസെക്സ് ഓഹരികൾ
അദാനി പോർട്ട്‌സ്, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, എച്ച്‌സിഎൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഭാരതി എയർടെൽ, ടൈറ്റൻ, എൻടിപിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നിവ നഷ്ടം നേരിട്ടു.
സെക്ടറൽ സൂചിക
ഫാർമ, ഐടി, പ്രൈവറ്റ് ബാങ്ക് ഒഴികെ മറ്റെല്ലാ സൂചികകളും നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, എഫ്‌എംസിജി, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ 1-2 ശതമാനം ഇടിഞ്ഞു. മെറ്റൽ, പിഎസ്‌യു ബാങ്ക്, ഊർജ്ജം, മീഡിയ, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ 0.4-0.8 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
നിഫ്റ്റി മിഡ്‌ക്യാപ്പ് സൂചിക 1.2 ശതമാനവും സ്മോൾക്യാപ്പ് സൂചിക 0.3 ശതമാനവും ഇടിഞ്ഞു. ഇന്ത്യ വിക്സ് 0.65 ശതമാനം ഉയർന്നു 14.18 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ പോസിറ്റീവ് ആയി. യൂറോപ്യൻ വിപണികൾ നേട്ടത്തോടെ വ്യാപാരം നടത്തി. ബുധനാഴ്ച യുഎസ് വിപണികൾ ഉയർന്ന നിലയിലായിരുന്നു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 0.60 ശതമാനം ഉയർന്ന് 75.06 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞ് 87.57 എന്ന റെക്കോർഡ് താഴ്ന്ന നിലയിലെത്തി.