21 Aug 2023 4:00 PM IST
Summary
- ജിയോ ഫിന്നിന് വലിയ സാധ്യതകളെന്ന് വിദഗ്‍ധര്‍
- വായ്പ ഇതര സാമ്പത്തിക ബിസിനസ്സുകളിലേക്ക് കടക്കുന്നതിനും ഗ്രൂപ്പ് തയാറെടുക്കുന്നു
പണ്ടുമുതലേ ബിസിനസ് തന്ത്രങ്ങള്‍ക്ക് കേമനാണ് മുകേഷ് അംബാനി. ഒറ്റ വാക്കില്‍ ജിയോ ഫിന്‍ സര്‍വീസസില്‍ (ജെഎഫ്എസ്) നിക്ഷേപകരുടെ പ്രതീക്ഷ അദ്ദേഹത്തിന്റെ ഈ ഭൂതകാലം തന്നെയാണ്. വിപണി ജിയോ ഫിന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതാവട്ടെ ജിയോ സിമ്മിന്റെ വരവ് പോലെയുള്ള അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ്. ഐഡിയ, വൊഡോഫോണ്‍, എയര്‍ടെല്‍ എന്നിവയെല്ലാം അടക്കിവാണ ടെലികോം രംഗത്തേക്ക് അംബാനിയുടെ ജിയോ എത്തിയതും വിപണിയിലെ ഒന്നാമനായതു കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ്. സ്വാഭാവികമായും ജിയോ ഫിന്നിന്‍റെ വരവ്, രാജ്യത്ത് ധനകാര്യ സേവന രംഗത്തെ കമ്പനികള്‍ ചങ്കിടിപ്പോടെയാണ് വീക്ഷിക്കുന്നത്.
നിലവില്‍ വിശകലനക്കാരുടെ വിലയിരുത്തലനുസരിച്ച് ധനകാര്യ സേവന രംഗത്തെ അഞ്ചാമത്തെ കമ്പനിയായിട്ടാണ് ജിയോ ഫിന്നിനെ കണക്കാക്കുന്നത്. ബജാജ് ഇരട്ടകളായ ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ചോളമണ്ഡലം ഫിന്‍, പേടിഎം, റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയ്ക്കൊപ്പം വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലൊന്നായിരിക്കും ജിയോ ഫിന്‍..
ബജാജ് അടക്കമുള്ള എന്‍ബിഎഫ്‍സി-കള്‍ക്ക് തിരിച്ചടി
നിലവില്‍ ജിയോ ഫിന്നിന്റെ വിപണി മൂല്യം 1.66 ലക്ഷം കോടി രൂപയാണ്. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാല്‍ ബജാജ് ഫിനാന്‍സിന്റെ വിപണിമൂല്യത്തിന്റെ അരികില്‍ തന്നെയാണ് ജിയോ ഉള്ളത്. ബജാജ് ഫിനാന്‍സിന്റെ വിപണിമൂല്യം 4.6 ലക്ഷം കോടി രൂപയാണ്. കന്നി വരവില്‍ എന്‍ബിഎഫ്സികളില്‍ രണ്ടാം സ്ഥാനക്കാരയ ചോളമണ്ഡലം ഫിനാന്‍സിനെ മൂന്നാം റാങ്കിലേക്ക് മാറ്റുകയും ചെയ്യും. ചോളമണ്ഡലമാണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്തുള്ളത്. അതിന്റെ വിപണിമൂല്യം 96,000 കോടി രൂപയാണ്.
വിപുലമായ സാധ്യതകളെന്ന് വിദഗ്ധര്‍
ഇന്ത്യന്‍ നിക്ഷേപ-ധനകാര്യ മേഖലയില്‍ ജിയോ ഫിന്നിന് വലിയ സാധ്യതകളാണ് കൊട്ടക് സെക്യൂരിറ്റീസ് റിസര്‍ച്ച് അനലിസ്റ്റും വൈസ് പ്രസിഡന്റുമായ സുമിത് പൊഖര്‍ണ കാണുന്നത്. ബാങ്കര്‍മാര്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച് ഡീലര്‍മാര്‍, കമ്മോഡിറ്റി ബ്രോക്കര്‍മാര്‍, ഇന്‍വെസ്റ്റ്‌മെന്റ്, പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍, മര്‍ച്ചന്റ് ബാങ്കര്‍മാര്‍, ഇന്‍ഷുറ ന്‍സ് ബ്രോക്കര്‍മാർ തുടങ്ങിയവര്‍ക്ക് സാമ്പത്തിക സേവനങ്ങളും അഡ്വൈസുകളും നല്‍കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുളളത്. ഈ സേവനങ്ങള്‍ ആരംഭിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) എന്നിവയില്‍ ആവശ്യമായ അപേക്ഷകള്‍ ജിയോ ഫിന്‍ സമര്‍പ്പിച്ചിട്ടുണ്ട്. അന്തിമാനുമതി ലഭിക്കാനായി കമ്പനി കാത്തിരിക്കുകയാണ്.
മേഖലയിലെ വലിയ അവസരങ്ങളും ശക്തമായ മൂലധന ലഭ്യതയും കണക്കിലെടുത്ത് ജിയോ ഫിനാന്‍ഷ്യല്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസിഐസിഐ ഡയറക്ടിലെ റിസര്‍ച്ച് മേധാവി പങ്കജ് പാണ്ഡെയും പറയുന്നു.
അസൂയപ്പെടുത്തുന്ന ഉപഭോക്ത്യ അടിത്തറ
ജെഫറീസ് റിപ്പോര്‍ട്ട് അനുസരിച്ച്, രജിസ്റ്റർ ചെയ്തിട്ടുള്ള 20 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് റിലയന്‍സിനുള്ളത്. നാല്പതു ദശലക്ഷത്തിലധികം വരുന്ന ജിയോ വരിക്കാരും കൂടിയാകുമ്പോള്‍ വിപണി പിടിക്കല്‍ കമ്പനിയ്ക്ക് വലിയ പ്രയാസമാവില്ല. അതിനാല്‍ തന്നെ ഉപഭോക്തൃ വായ്പ അതും ഇലക്ട്രോണിക്സ്, മര്‍ച്ചന്റ് ഫിനാന്‍സിംഗ് ആയിരിക്കാം ജിയോ ഫിന്നിന്റെ ശ്രദ്ധാകേന്ദ്രം. നിലവില്‍ ബജാജ് ആണ് ഇലക്ട്രോണിക്, വാഹന വായ്പ രംഗം വാഴുന്നത്. സാധാരണ ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും വായ്പ നല്‍കുന്നതിലേക്ക് ജിയോ ഫിന്‍ കടക്കാനുള്ള സാധ്യത ഉയര്‍ന്നതാണ്.
ലൈഫ്, ജനറല്‍ ഇന്‍ഷുറന്‍സ്, എഎംസി ബിസിനസ്സ് തുടങ്ങിയ വായ്പ ഇതര സാമ്പത്തിക ബിസിനസ്സുകളിലേക്കും കടക്കാനും ഗ്രൂപ്പ് ആഗ്രഹിക്കുന്നുണ്ട്. ബാങ്കുകള്‍ക്ക് ഒമ്പത് ഇന്‍ഷുറന്‍സ് പങ്കാളികളെ വരെ അനുവദിക്കാമെന്ന നിര്‍ദേശം ജിയോ ഫിന്‍ പ്രയോജനപ്പെടുത്താനുള്ള സാധ്യതയും ജെഫറീസ് ചൂണ്ടികാട്ടുന്നു. സാമ്പത്തിക സേവനങ്ങളുടെ പ്രകടന മികവ് കണക്കാക്കുന്നത് കമ്പനിയുടെ സാമ്പത്തിക ശേഷിയും പ്രതിസന്ധിഘട്ടത്തില്‍ മൂലധനം നിക്ഷേപിക്കാനുള്ള പ്രൊമോട്ടറുടെ കഴിവും മനസിലാക്കിയാണ്. ജിയോ ഫിന്നിന്റെ കാര്യത്തില്‍ അതിന്റെ പിന്നിലുള്ളത് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണെന്നതാണ് കരുത്ത് പകരുന്നത്. സെക്യൂരിറ്റി ട്രേഡിംഗ് പോലുള്ള സേവനങ്ങള്‍ ഒഴികെയുള്ളവയെല്ലാം മൂലധനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങള്‍ എത്രത്തോളം മൂലധനം കൊണ്ടുവരുന്നുവോ അത്രയും വലിയ ബാലന്‍സ് ഷീറ്റ് നിങ്ങള്‍ക്ക് ലഭിക്കും. അതാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ നിന്നുള്ള പ്രതീക്ഷയെന്നും മറ്റൊരു അനലിസ്റ്റായ പരേഖ് പറയുന്നു.
ജിയോയ്ക്ക് കിട്ടുന്ന ഹൈപ്പും വസ്തുതകളും
വലിയ കമ്പനികളെ വിജയത്തിലേക്ക് നയിക്കുന്നത് മികച്ച ലീഡര്‍മാരാണ്. മികച്ച നേതൃത്വം ലഭിക്കാന്‍ ജെഎഫ്എസ് എല്ലാം ചെയ്യുന്നുണ്ടെന്ന് ഇതിനകം വ്യക്തമാണ്. ഉദാഹരണത്തിന്, ഐസിഐസിഐ ബാങ്കിന്റെ മുന്‍ ചെയര്‍മാനായ കെ വി കാമത്തിനാണ് ജിയോ ഫിന്‍ ബിസിനസ്സിന്റെ ചുമതല. ഐസിഐസിഐയുടെ കഥ കാമത്തിന് ആവര്‍ത്തിക്കാന്‍ സാധിക്കും എന്ന വിലയിരുത്തല്‍ ശക്തമാണ്. എങ്കിലും ജിയോ ഫിന്‍ ബാങ്കല്ല എന്നതും പ്രസക്തമാണ്. 25 കോടി റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കും 44 കോടി ടെലികോം വരിക്കാര്‍ക്കും ചുരുങ്ങിയ സമയത്തിനുള്ളില്‍ ബിസിനസിന്റെ ശക്തമായ മുന്നേറ്റം സാധ്യമാക്കാന്‍ കഴിയുമെന്ന് മിക്ക നിക്ഷേപകരും വിശ്വസിക്കുന്നു എന്നതാണ് ജിയോ ഫിന്നിന്റെ ഡിമാന്‍ഡിനും ഹൈപ്പിനുമുള്ള മറ്റൊരു കാരണം. അതേസമയം, ജിയോ ഫിന്‍ പുതിയ ഘട്ടത്തിലാണ്. നിക്ഷേപകര്‍ പ്രതീക്ഷിക്കുന്ന തലത്തിലേക്ക് അത് ഉയരുമോ എന്നതു കാലം തീരുമാനിക്കേണ്ടതാണ്.