3 Sept 2023 10:23 AM IST
സേവന പിഎംഐ, യുഎസ് ലേബര്‍ റിപ്പോര്‍ട്ട്; വരുന്ന ആഴ്ച വിപണികള്‍ കാതോര്‍ക്കുന്നത്
MyFin Desk
Summary
- ക്രൂഡ് ഓയില്‍ വില ഉയർന്ന നിലയില്‍ തുടരും
- സേവന പിഎംഐ സെപ്റ്റംബര്‍ 5ന് അറിയാം
തുടർച്ചയായി അഞ്ച് ആഴ്‌ചകളിലെ നഷ്ടക്കണക്കിന് ശേഷം കഴിഞ്ഞ വാരം ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ നേട്ടത്തിലേക്ക് തിരിച്ചെത്തി. ബിഎസ്ഇ സെൻസെക്‌സ് 500 പോയിന്റ് ഉയർന്ന് 65,387ലും നിഫ്റ്റി 170 പോയിന്റ് ഉയർന്ന് 19,435ലുമെത്തി, എഫ്എംസിജി ഒഴികെയുള്ള മിക്ക മേഖലകളും നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്‌ക്യാപ് 100, സ്‌മോൾക്യാപ് 100 സൂചികകൾ യഥാക്രമം 2.5 ശതമാനവും 4.4 ശതമാനവും ഉയർന്നു. ആഴ്ചയിലെ ആദ്യ നാല് സെഷനുകളിലും ബെഞ്ച്മാർക്ക് സൂചികകൾ വലിയ തോതില്‍ ചാഞ്ചാട്ടം പ്രകടമാക്കി.
സെപ്റ്റംബർ 4ന് ആരംഭിക്കുന്ന ആഴ്ചയിൽ, കൂടുതൽ സ്റ്റോക്ക്-നിർദ്ദിഷ്ട പ്രവർത്തനങ്ങളോടെ കണ്‍സോള്‍ഡേറ്റിവ് ആയ മാനസികാവസ്ഥയില്‍ വിപണി റേഞ്ച് ബൗണ്ടായി തുടരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. സേവന മേഖലയുടെ പിഎംഐ നമ്പറുകൾ, യുഎസിലെ തൊഴിൽ ഡാറ്റ എന്നിവയിൽ നിക്ഷേപകര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. എണ്ണവിലയും വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കും നിക്ഷേപ ചലനങ്ങളെ സ്വാധീനിക്കും.
നേട്ടത്തിലേക്ക് നയിച്ച ഘടകങ്ങള്‍
2023-24 ആദ്യ പാദത്തിൽ രേഖപ്പെടുത്തിയ ശക്തമായ 7.8 ശതമാനം സാമ്പത്തിക വളർച്ച, മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തിലെ ഏറ്റവും ഉയർന്ന നിലയായ 58.6ല്‍ എത്തിയത്, ഓഗസ്റ്റിലെ റെക്കോഡ് വാഹന വിൽപ്പന എന്നിവയെല്ലാം ഈ മുന്നേറ്റത്തിന് ഇടയാക്കി.
റിയൽ എസ്റ്റേറ്റ് മേഖലയെയും സമ്പദ്‌വ്യവസ്ഥയെയും ഉത്തേജിപ്പിക്കുന്നതിനുള്ള ചൈനയുടെ ഉത്തേജക നടപടികൾ, തൊഴിൽ വിപണി ഡാറ്റ മെച്ചപ്പെടുത്തുന്നതിന്‍റെ ഫലമായി പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നത് അവസാനിപ്പിക്കുന്നതിലേക്ക് ഫെഡ് റിസര്‍വ് എത്തുമെന്ന പ്രതീക്ഷ എന്നിവയെല്ലാം വിപണികളെ സ്വാധീനിച്ച ആഗോള ഘടകങ്ങളാണ്.
ആഭ്യന്തര തലത്തിലെ കണക്കുകള്‍
ഓഗസ്‍റ്റിലെ സേവന മേഖലയുടെ പിഎംഐ സംബന്ധിച്ച വിവരങ്ങള്‍ സെപ്റ്റംബർ 5ന് പുറത്തുവരും. ഓഗസ്റ്റിലെ കോമ്പോസിറ്റ് പിഎംഐ നമ്പറുകളും അതേ ദിവസം തന്നെ പ്രഖ്യാപിക്കും. ജൂലൈയിൽ 62.3 ആയിരുന്നു സേവന പിഎംഐ. ഓഗസ്റ്റില്‍ അതിനു താഴേക്ക് വരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
കൂടാതെ, ഓഗസ്റ്റ് 25ന് അവസാനിച്ച രണ്ടാഴ്ച കാലത്തെ ബാങ്ക് വായ്പയുടെയും നിക്ഷേപ വളർച്ചയുടെയും കണക്കും സെപ്റ്റംബർ 1ന് അവസാനിച്ച ആഴ്ചയിലെ വിദേശനാണ്യ കരുതൽ ശേഖരം സംബന്ധിച്ച വിവരവും സെപ്റ്റംബർ 8ന് പുറത്തുവരും.
യുഎസ് ലേബര്‍ റിപ്പോര്‍ട്ട്
ആഗോള തലത്തില്‍ നിക്ഷേപകർ യുഎസ് ലേബർ റിപ്പോർട്ടിൽ ശ്രദ്ധിക്കും. യുഎസ് തൊഴില്‍ വിപണി ഇതുവരെ പ്രതിരോധ ശേഷി പ്രകടമാക്കിയിട്ടുണ്ട്. ഓഗസ്റ്റിലെ കാര്‍ഷിക ഇതര പേറോള്‍ നമ്പര്‍ 1.87 ലക്ഷമാണ്. അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്ന 1.8 ലക്ഷത്തിനു മുകളിലാണ്. ജൂൺ, ജൂലൈ മാസങ്ങളിലെ തൊഴിൽ ഡാറ്റ താഴേക്ക് പരിഷ്‌ക്കരിച്ചത് സമ്പദ് വ്യവസ്ഥയ്ക്ക് വേഗം കുറയുന്നതിന്‍റെ സൂചനയാണ്. ഓഗസ്റ്റില്‍ തൊഴിലില്ലായ്മ നിരക്ക് വർധിച്ച് 3.8 ശതമാനമായി.
യുഎസിന്‍റെ എസ് ആന്റ് പി ഗ്ലോബൽ മാനുഫാക്ചറിംഗ് പിഎംഐ ജൂലൈയിലെ 49 ൽ നിന്ന് ഓഗസ്റ്റില്‍ 47.9 ആയി കുറഞ്ഞു. കൂടാതെ ഐഎസ്എം മാനുഫാക്ചറിംഗ് റിപ്പോര്‍ട്ട് പ്രകാരം ഓഗസ്റ്റിൽ പുതിയ ഓർഡറുകൾ ജൂലൈയിലെ 47.3 ൽ നിന്ന് 46.8 ആയി കുറഞ്ഞു. ഇതെല്ലാം കണക്കിലെടുത്ത് ഈ മാസാവസാനം നടക്കുന്ന പോളിസി മീറ്റിംഗിൽ ഫെഡറൽ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുമെന്ന് മിക്ക വിദഗ്ധരും പ്രതീക്ഷിക്കുന്നു. 10 വർഷത്തെ യുഎസ് ട്രഷറി വരുമാനത്തിന്‍റെ ചലനവും യുഎസ് ഡോളർ സൂചികയും നിക്ഷേപകര്‍ നിരീക്ഷിക്കും.
ക്രൂഡ് ഓയില്‍ വില
ക്രൂഡ് ഓയിൽ വില വരുന്ന ആഴ്ചയിലും ഉയർന്ന നിലയിൽ തുടരുമെന്ന് വിദഗ്ധർ കരുതുന്നു. വിതരണത്തിലെ കടുത്ത സാഹചര്യം, ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനുള്ള സാധ്യത, ഒപെക് രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും വിപുലീകരണം, ചൈനയുടെ പ്രതീക്ഷിച്ചതിലും മികച്ച മാനുഫാക്ചറിംഗ് പിഎംഐ നമ്പറുകളും ഉത്തേജക നടപടികളും എന്നിവ കഴിഞ്ഞ ആഴ്ച റാലിക്ക് ആക്കം കൂട്ടി.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 5.5 ശതമാനത്തിലധികം ഉയർന്ന് ബാരലിന് 88.99 ഡോളറിലെത്തി, ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ 7.5 ശതമാനം ഉയർന്ന് ബാരലിന് 86 ഡോളറിലെത്തി.
വിദേശ ഫണ്ടിന്‍റെ വരവ്
യുഎസ് ട്രഷറി ആദായം ഉയര്‍ന്നതും ശക്തമായ യുഎസ് ഡോളർ കരുത്താര്‍ജ്ജിച്ചതും എഫ്‌ഐഐ ഒഴുക്കിനെ പരിമിതപ്പെടുത്തുന്നത് തുടർന്നു, വിദേശ നിക്ഷേപക സ്ഥാപന കഴിഞ്ഞ മൂന്ന് മാസത്തെ കാര്യമായ വാങ്ങലുകൾക്ക് ശേഷം ഓഗസ്റ്റിൽ ക്യാഷ് സെഗ്‌മെന്റിൽ 20,621 കോടി രൂപയുടെ അറ്റ വിൽപ്പനക്കാരായി. യുഎസ് ബോണ്ട് യീൽഡുകളും യുഎസ് ഡോളർ സൂചികയും കറക്ഷന് വിധേയമായാല്‍ മാത്രമേ എഫ്‌ഐഐകൾ വാങ്ങലിലേക്ക് തിരിച്ചെത്തു. വരാനിരിക്കുന്ന ധനനയ യോഗങ്ങളില്‍ ഫെഡറൽ നിരക്ക് വർധനചക്രം താൽക്കാലികമായി നിർത്തിയാൽ മാത്രമേ ഇത് സാധ്യമാകൂ.
നേരെമറിച്ച്, ആഭ്യന്തര നിക്ഷേപക സ്ഥാപന ഓഗസ്റ്റിൽ 25,000 കോടിയിലധികം രൂപയുടെ അറ്റ വാങ്ങല്‍ ഓഹരികളില്‍ നടത്തി.ഇത് വാസ്തവത്തില്‍ വിപണിക്ക് വലിയ പിന്തുണയായി മാറുകയും ചെയ്തു.