10 Aug 2025 12:59 PM IST
Summary
റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കനത്ത തിരിച്ചടി
കഴിഞ്ഞ ആഴ്ച, മികച്ച 10 മൂല്യമുള്ള ആറ് കമ്പനികളുടെ വിപണി മൂല്യത്തില്‍ നേരിട്ടത് 1,36,151.24 കോടി രൂപയുടെ ഇടിവ്. ഓഹരി വിപണിയിലെ ഇടിവ് റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കനത്ത തിരിച്ചടിയായി.
തുടര്‍ച്ചയായ ആറാം ആഴ്ചയും നഷ്ടം തുടരുന്നതോടെ ബിഎസ്ഇ 742.12 പോയിന്റ് അഥവാ 0.92 ശതമാനം ഇടിഞ്ഞു. നിഫ്റ്റി 202.05 പോയിന്റ് അഥവാ 0.82 ശതമാനം ഇടിഞ്ഞു.
ആദ്യ പത്തില്‍ ഇടം നേടിയ കമ്പനികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയ്ക്ക് മൂല്യത്തകര്‍ച്ച നേരിട്ടു. അതേസമയം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), ബജാജ് ഫിനാന്‍സ് എന്നിവ നേട്ടമുണ്ടാക്കി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 34,710.8 കോടി രൂപ ഇടിഞ്ഞ് 18,51,174.59 കോടി രൂപയിലെത്തി. എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം (എംക്യാപ്) 29,722.04 കോടി ഇടിഞ്ഞ് 15,14,303.58 കോടി രൂപയായി.
ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 24,719.45 കോടി രൂപ ഇടിഞ്ഞ് 10,25,495.69 കോടി രൂപയിലെത്തി. ഇന്‍ഫോസിസിന്റെ വിപണി മൂല്യം 19,504.31 കോടി രൂപ ഇടിഞ്ഞ് 5,91,423.02 കോടി രൂപയുമായി.
ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 15,053.55 കോടി രൂപ കുറഞ്ഞ് 10,59,850.32 കോടി രൂപയിലെത്തി. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മൂല്യം 12,441.09 കോടി രൂപ കുറഞ്ഞ് 5,87,021.88 കോടി രൂപയായി.
എന്നാല്‍ എല്‍ഐസിയുടെ എംകാപ് 17,678.37 കോടി രൂപ ഉയര്‍ന്ന് 5,77,187.67 കോടി രൂപയിലെത്തി. ടിസിഎസിന്റെ മൂല്യം 11,360.8 കോടി രൂപ ഉയര്‍ന്ന് 10,97,908.66 കോടി രൂപയായി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 9,784.46 കോടി രൂപ ഉയര്‍ന്ന് 7,42,649.34 കോടി രൂപയായി. ബജാജ് ഫിനാന്‍സിന്റെ മൂല്യം 186.43 കോടി രൂപ ഉയര്‍ന്ന് 5,45,148.52 കോടി രൂപയായി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടരുന്നു. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ഐസി, ബജാജ് ഫിനാന്‍സ് എന്നിവയുണ്ട്.