22 Dec 2023 3:57 PM IST
Summary
- സെഷനില്‍ ഉടനീളം അനിശ്ചിതത്വം പ്രകടമായി
- നിഫ്റ്റിയില്‍ വലിയ നേട്ടം റിയല്‍റ്റിക്ക്
- ബാങ്കിംഗ്, ധനകാര്യ ഓഹരികള്‍ക്ക് ഇടിവ്
ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെഷനില്‍ ഉടനീളം അനിശ്ചിതത്വം പ്രകടമാക്കിയ ശേഷമാണ് സെന്‍സെക്സും നിഫ്റ്റിയും പച്ചയില്‍ തുടര്‍ന്നത് .
സെന്‍സെക്സ് 241.86 പോയിന്‍റ് അഥവാ 0.34 ശതമാനം മുന്നേറി 71,106.96ലും നിഫ്റ്റി 94.35 പോയിന്‍റ് അഥവാ 0.44 ശതമാനം നേട്ടത്തോടെ 21,349.40ലും വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയില്‍ ബാങ്ക്, പൊതുമേഖലാ ബാങ്ക്, ധനകാര്യ സേവനങ്ങള്‍, സ്വകാര്യ ബാങ്ക് എന്നിവ ഒഴികെയുള്ള മേഖലകളുടെ സൂചികകള്‍ നേട്ടത്തിലാണ്. റിയല്‍റ്റി, ഐടി, മെറ്റല്‍ എന്നീ മേഖലകളാണ് ഏറ്റവും വലിയ നേട്ടം കരസ്ഥമാക്കിയത്.
നേട്ടങ്ങളും കോട്ടങ്ങളും
വിപ്രൊ, എച്ച്സിഎല്‍ ടെക്, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോര്‍സ്, ഹീറോ മോട്ടോ കോര്‍പ്പ്, മാരുതി, കോള്‍ ഇന്ത്യ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കിയത്. ഗ്രാസിം, എച്ച്ഡിഎഫ്‍സി ബാങ്ക്,, ബജാജ് ഫിനാന്‍സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് വലിയ ഇടിവ് നേരിട്ടത്. സെന്‍സെക്സില്‍ പവര്‍ഗ്രിഡ്, എച്ച്ഡിഎഫ്‍സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ്, എബിഐ, എന്‍ടിപിസി എന്നിവ നേട്ടമുണ്ടാക്കി. ബജാജ് ഫിനാന്‍സ്, എച്ച്‍സിഎല്‍ ടെക്, ആക്സിസ് ബാങ്ക്, എം &എം, മാരുതി എന്നിവ ഇടിവ് നേരിട്ടു.
നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.73 ശതമാനവും നിഫ്റ്റി സ്‍മാള്‍ക്യാപ് 100 സൂചിക 1.08 ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.74 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 1.04 ശതമാനവും മുന്നേറി.
ഏഷ്യന്‍ വിപണികള്‍
ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ ഇടിവിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഓസ്ട്രേലിയ ദക്ഷിണ കൊറിയ ചൈനീസ്, ഹോംഗ്കോംഗ് വിപണികള്‍ ഇടിഞ്ഞു. ജപ്പാനിലെ നിക്കി നേട്ടത്തിലായിരുന്നു.