10 April 2024 11:02 AM IST
Summary
- ലാര്‍ജ് ക്യാപുകള്‍ മുന്നേറുന്നു
- ഇന്നലെ വിദേശ നിക്ഷേപകര്‍ മികച്ച വില്‍പ്പനക്കാരായി
- വരാനിരിക്കുന്ന നാലാം പാദ കമ്പനി ഫലങ്ങള്‍ വിപണിയില്‍ പ്രതിഫലിക്കും
ഇന്ന് ഈദ് മുബാരക്ക്. ഓഹരികളിലേയും ലാര്‍ജ്ക്യാപ് ഓഹരികളിലെ വാങ്ങലുകളിലേയും ആശാവഹമായ പ്രവണതയ്ക്കിടയില്‍ ഇന്ന് ആദ്യ വ്യാപാരത്തില്‍ സൂചികകള്‍ ഉയര്‍ന്നു.
ബിഎസ്ഇ സെന്‍സെക്സ് 273.65 പോയിന്റ് ഉയര്‍ന്ന് 74,957.35 ലെത്തി. എന്‍എസ്ഇ നിഫ്റ്റി 83.85 പോയിന്റ് ഉയര്‍ന്ന് 22,726.60ല്‍ എത്തി.
ബിഎസ്ഇയില്‍ ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്. അതേസമയം എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, അള്‍ട്രാടെക് സിമന്റ്, വിപ്രോ എന്നിവയാണ് പിന്നിലുള്ളത്.
ഏഷ്യന്‍ വിപണികളില്‍ ടോക്കിയോയും ഷാങ്ഹായും നഷ്ടം കാണിച്ചപ്പോള്‍ ഹോങ്കോങ് ശുഭസൂചനയിലാണ് വ്യാപാരം നടത്തിയത്. അമേരിക്കന്‍ വിപണിയായ വാള്‍സ്ട്രീറ്റ് ചൊവ്വാഴ്ച ഏറെക്കുറെ നേട്ടത്തോടെയാണ് അവസാനിച്ചത്.
നാലാം പാദഫലം കോര്‍പ്പറേറ്റ് വരുമാനത്തിന്റെ പ്രതീക്ഷകളും തിരഞ്ഞെടുപ്പിന് മുമ്പുള്ള മുന്നേറ്റമടക്കമുള്ള പോസിറ്റീവ് ഘടകങ്ങള്‍ വിപണിയെ പിന്തുണയ്ക്കുന്നതായി മേത്ത ഇക്വിറ്റീസ് ലിമിറ്റഡിന്റെ റിസര്‍ച്ച് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്സെ പറഞ്ഞു.
ബ്രെന്റ് ക്രൂഡ് 0.04 ശതമാനം ഉയര്‍ന്ന് ബാരലിന് 89.46 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ചൊവ്വാഴ്ച 593.20 കോടി രൂപയുടെ ഇക്വിറ്റികള്‍ വിറ്റഴിച്ചിട്ടുണ്ട്.
'വിപണിയിലെ സമീപകാല ആരോഗ്യകരമായ ഒരു പ്രധാന പ്രവണത മിഡ്, സ്‌മോള്‍ ക്യാപ്സുകളെ അപേക്ഷിച്ച് അടിസ്ഥാനപരമായി ശക്തമായ ലാര്‍ജ് ക്യാപ്സിന്റെ മികച്ച പ്രകടനമാണ്. ഈ പ്രവണത വിപണിയെ ആരോഗ്യകരമാക്കുന്നു, അതിനാല്‍ ഈ പ്രവണത നിലനിര്‍ത്താനുള്ള കഴിവ് ഈ ഓഹരികള്‍ക്കുണ്ട്,' ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.