image

30 Nov 2023 3:49 PM IST

Stock Market Updates

അവസാന നിമിഷങ്ങളില്‍ നേട്ടത്തിലേക്ക് തിരികെക്കയറി വിപണി സൂചികകള്‍

MyFin Desk

market indices returned to gains in the last moments
X

Summary

  • വ്യാപാര സെഷന്‍റെ ഏറിയ നേരവും സെന്‍സെക്സും നിഫ്റ്റിയും ഇടിവിലായിരുന്നു


വ്യാപാര സെഷനിലെ ഭൂരിഭാഗം സമയത്തും ഇടിവിലായിരുന്ന ആഭ്യന്തര ഓഹരി വിപണി സൂചികകൾ, സെഷന്‍റെ അവസാന മിനുറ്റുകളില്‍ നേട്ടത്തിലേക്ക് തിരികെക്കയറി. നേരത്തേ തുടക്ക വ്യാപാരത്തിലെ നേട്ടങ്ങള്‍ക്കു ശേഷമാണ് വിപണികള്‍ ചുവപ്പിലേക്ക് നീങ്ങിയത്. പ്രതിമാസ ഡെറിവേറ്റീവുകള്‍ കാലഹരണപ്പെടുന്നതും നിക്ഷേപകര്‍ ലാഭം എടുക്കലിലേക്ക് നീങ്ങിയതും ഇതിന് കാരണമായി. എന്നാല്‍ യുഎസ് ഫെഡ് റിസര്‍വ് അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ പലിശ നിരക്കുകള്‍ താഴ്ത്തുമെന്ന പ്രതീക്ഷകള്‍ ശക്തമായതും, ഇന്ത്യ രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന വളര്‍ച്ച നേടുമെന്ന പ്രതീക്ഷയും പോസിറ്റിവ് ഘടകമായി.

സെന്‍സെ്ക്സ് 86.53 പോയിന്‍റ് അഥവാ 0.13 ശതമാനം ഉയര്‍ന്ന് 66988.44ലും നിഫ്റ്റി 36.55 പോയിന്‍റ് അഥവാ 0.18 ശതമാനം ഉയര്‍ന്ന് 20133.15ലും വ്യാപാരം അവസാനിപ്പിച്ചു.

അൾട്രാടെക് സിമന്റ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റൻ കമ്പനി, സൺ ഫാർമ, വിപ്രോ എന്നിവയാണ് മികച്ച നേട്ടം സ്വന്തമാക്കിയ പ്രധാന ഓഹരികള്‍. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് ഏറ്റവുമധികം ഇടിവ് രേഖപ്പെടുത്തിയ പ്രധാന ഓഹരികള്‍.

ഏഷ്യൻ വിപണികള്‍ പൊതുവില്‍ നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ബുധനാഴ്ച യുഎസ് വിപണികൾ മിക്കവാറും നഷ്ടത്തിലാണ് അവസാനിച്ചത്.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ബുധനാഴ്ച 71.91 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ഇന്നലെ ബിഎസ്ഇ ബെഞ്ച്മാർക്ക് 727.71 പോയിന്റ് അഥവാ 1.10 ശതമാനം ഉയർന്ന് 66,901.91 എന്ന നിലയിലെത്തി. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം നിഫ്റ്റി 206.90 പോയിന്റ് അഥവാ 1.04 ശതമാനം ഉയർന്ന് 20,096.60ൽ അവസാനിച്ചു.