19 Feb 2024 4:01 PM IST
Summary
- 16 ഇന്ത്യൻ കമ്പനികളാണ് ഓൾ-വേൾഡ് ഇൻഡക്‌സിലേക്ക് ഇടം പിടിച്ചത്
- ഈ വർഷം മാർച്ച് 15 മുതലാണ് മാറ്റങ്ങൾ നിലവിൽ വരിക
- കഴിഞ്ഞ മൂന്ന് വർഷത്തിൽ ഓഹരികൾ ഉയർന്നത് 900%
കുതിച്ചുയർന്ന് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൻ്റെ (ഫാക്ട്) ഓഹരികൾ. FTSE ഓൾ-വേൾഡ് ഇൻഡക്‌സിൻ്റെ ഏറ്റവും പുതിയ പട്ടികയിൽ ഇടം പിടിച്ചതോടെയാണ് ഓഹരികൾ ഉയർന്നത്.
ആഗോള സൂചിക ദാതാവായ FTSE, ഫെബ്രുവരി 16 വെള്ളിയാഴ്ചയാണ് ഓൾ-വേൾഡ് ഇൻഡക്സ് പട്ടികയിലേക്ക് പുതിയ ഉൾപ്പെടുത്തലുകൾ പ്രഖ്യാപിച്ചത്. അർദ്ധ വാർഷിക അവലോകനത്തിന് ശേഷം FTSE ഓൾ-വേൾഡ് ഇൻഡക്സിൽ ചേർത്ത 16 ഇന്ത്യൻ ഓഹരികളിൽ ഒന്നാണ് ഫാക്ട്.
ജിൻഡാൽ സ്റ്റെയിൻലെസ്, റെയിൽ വികാസ് നിഗം ലിമിറ്റഡ് (RVNL), കല്യാണ്‍ ജ്വല്ലേഴ്‌സ് ഇന്ത്യ, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി എന്നിവയുൾപ്പെടെ പതിനാറ് ഇന്ത്യൻ കമ്പനികളാണ് ഓൾ-വേൾഡ് ഇൻഡക്‌സിലേക്ക് ഇടം പിടിച്ചത്. മാർച്ച് 15 മുതലാണ് മാറ്റങ്ങൾ നിലവിൽ വരിക.
നടപ്പ് വർഷാദ്യം മുതൽ ഇതുവരെ ഫാക്ട് ഓഹരികൾ മികച്ച മുന്നേറ്റമല്ല കാഴ്ച്ചവെച്ചത്. എന്നാൽ കഴിഞ്ഞ 12 മാസങ്ങളിൽ ഓഹരികൾ ഉയർന്നത് മൂന്നിരട്ടിയിലധികമാണ്, 236 ശതമാനത്തോളം നേട്ടമുണ്ടാക്കി. കഴിഞ്ഞ മൂന്ന് വർഷത്തിൽ ഓഹരികൾ ഉയർന്നത് 900 ശതമാനത്തിലധികമാണ്. ഫാക്ടിന്റെ 90 ശതമാനം ഓഹരി പങ്കാളിത്തവും കേന്ദ്ര സർക്കാരിന്റെ കൈവശമാണ്. ഓഹരികളുടെ 52 ആർച്ചയിലെ ഉയർന്ന വില 908 രൂപയും താഴ്ന്നത് 192 രൂപയുമാണ്.
FTSE ഗ്ലോബൽ ഇക്വിറ്റി ഇൻഡക്സ് സീരീസിൽ നിന്നുള്ള ലാർജ്, മിഡ് ക്യാപ് ഓഹരികളുടെ പ്രകടനത്തെ പ്രതിനിധീകരിക്കുന്ന ഒരു മാർക്കറ്റ് ക്യാപിറ്റലൈസേഷൻ വെയ്റ്റഡ് ഇൻഡക്സാണ് FTSE ഓൾ-വേൾഡ് ഇൻഡക്സ്.
2024 ജനുവരി 31 വരെ, സൂചികയിലെ ഇന്ത്യയുടെ വെയ്റ്റേജ് 2.06 ശതമാനമാണ്. സൂചികയിൽ 213 ഇന്ത്യൻ ഓഹരികളാണുള്ളത്.
ഫാക്ട് ഓഹരികൾ എൻഎസ്ഇ യിൽ 6.34 ശതമാനം ഉയർന്ന് 832.50 രൂപയിൽ ക്ലോസ് ചെയ്തു.