10 Sept 2024 10:45 AM IST
Summary
- ആഗോള വിപണികളിലെ റാലി വിപണിക്ക് താങ്ങായി
- ബ്രെൻ്റ് ക്രൂഡ് 0.08 ശതമാനം ഇടിഞ്ഞ് ബാരലിന് 71.78 ഡോളറിലെത്തി
ആഭ്യന്തര വിപണി ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെയാണ്. തുടർന്നുള്ള വ്യാപാരത്തിൽ സൂചികകളിൽ ചാഞ്ചാട്ടം ദൃശ്യമായി. ആഗോള വിപണികളിലെ റാലി വിപണിക്ക് താങ്ങായി. വിദേശ നിക്ഷേപകരുടെ ഉയർന്നു വന്ന വാങ്ങലും സൂചികകളെ നേട്ടത്തിലെത്തിച്ചു.
സെൻസെക്‌സ് 241.68 പോയിൻ്റ് ഉയർന്ന് 81,801.22 ലും നിഫ്റ്റി 78.4 പോയിൻ്റ് ഉയർന്ന് 25,014.80ലും ആണ് വ്യാപാരം ആരംഭിച്ചത്.
സെൻസെക്സിൽ പവർ ഗ്രിഡ്, ഭാരതി എയർടെൽ, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, എൻടിപിസി, സൺ ഫാർമ, ലാർസൺ ആൻഡ് ടൂബ്രോ, ടൈറ്റൻ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ബജാജ് ഫിൻസെർവ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ ഇടിവിലാണ്.
സെക്ടറിൽ സൂചികകളിൽ നിഫ്റ്റി മീഡിയ സൂചിക മികച്ച മുന്നേറ്റം നടത്തി. സൂചികയിൽ എല്ലാ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. നസറ ടെക്നോളജീസ്, പി വി ആർ ഐനോക്സ്, സീ എൻ്റർടൈൻമെൻ്റ്, ഹാത്ത്വേ കേബിൾ, നെറ്റ്‌വർക്ക് 18 മീഡിയ ഓഹരികൾ കുതിപ്പിലാണ്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ മികച്ച നേട്ടത്തിലാണ് അവസാനിച്ചത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 1,176.55 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 1,757.02 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ബ്രെൻ്റ് ക്രൂഡ് 0.08 ശതമാനം ഇടിഞ്ഞ് ബാരലിന് 71.78 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 2532 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.95 ൽ എത്തി.
“വാൾസ്ട്രീറ്റിലെ ഒറ്റരാത്രി കൊണ്ടുള്ള കുതിപ്പ്, എഫ്ഐഐകളിൽ നിന്നും ഡിഐഐകളിൽ നിന്നുമുള്ള ശക്തമായ വാങ്ങൽ, മന്ദഗതിയിലുള്ള എണ്ണ വില എന്നിവയാൽ ബുള്ളിഷ് വ്യാപാരികൾ വാങ്ങൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു,” മേത്ത ഇക്വിറ്റീസ് ലിമിറ്റഡ് സീനിയർ വിപി (ഗവേഷണം) പ്രശാന്ത് തപ്‌സെ പറഞ്ഞു.