26 Jun 2023 5:15 PM IST
Summary
- വിപണി വിലയെക്കാള്‍ താഴ്ത്തി കുരുമുളക് ചെറുകിട വ്യാപാരികള്‍ ശേഖരിക്കുന്നു
വ്യവസായികള്‍ ഇറക്കുമതി നടത്തിയ വിദേശ കുരുമുളക് ടെര്‍മിനല്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ നടത്തിയ ശ്രമം വിജയിക്കാതെ വന്നതോടെ ഉത്പാദന മേഖലയില്‍ ചരക്ക് ഇറക്കി. വിപണി വിലയെക്കാള്‍ താഴ്ത്തി മുളക് ചെറുകിട വ്യാപാരികള്‍ ശേഖരിക്കുന്നുണ്ട്. കിലോ 250 രൂപയ്ക്ക് വാങ്ങിയ കുരുമുളകാണ് ഇരട്ടി ലാഭത്തില്‍ വിറ്റുമാറുന്നത്. ഹൈറേഞ്ച്, വയനാടന്‍ മുളകിന്റെ സ്വാദ് ഇറക്കുമതി ചരക്കിനില്ലാത്തതിനാല്‍ ടെര്‍മിനല്‍ വിപണിയിലെ വന്‍കിട വാങ്ങലുകാര്‍ ഇത്തരം ചരക്ക് തിരസ്‌കരിച്ചു. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 488 രൂപ.
റബര്‍ വില താഴോട്ട്
രാജ്യാന്തര വിപണിയില്‍ റബര്‍ വില ഇടിഞ്ഞത് മറയാക്കി പിന്നിട്ടവാരം ടയര്‍ ലോബി ഷീറ്റ് സംഭണത്തിന് ശ്രമം നടത്തിയെങ്കിലും ഉത്പാദന മേഖലകളില്‍ വില്‍പ്പനക്കാരുടെ അഭാവം തിരിച്ചടിയായി. ഇതിനിടയില്‍ ടാപ്പിംഗ് പുനരാരംഭിച്ച പല തോട്ടങ്ങളില്‍ നിന്നും ലാറ്റക്സാണ് കൂടുതലായി വില്‍പ്പനയ്ക്ക് ഇറങ്ങിയത്. ലാറ്റക്സ് കിലോ 116 രൂപയില്‍ വിപണനം നടക്കുന്നതിനാല്‍ ഷീറ്റ് സംസ്‌കരണത്തിന് കര്‍ഷകരും താല്‍പര്യം കാണിക്കുന്നില്ല. നാലാം ഗ്രേഡ് റബര്‍ വില കിലോ 153 രൂപയാണ്.
നിറം വച്ച് തമിഴ്‌നാടന്‍ ഏലം
നിറം കലര്‍ത്തിയ ഏലക്ക തമിഴ്നാട് ലേല കേന്ദ്രത്തില്‍ നിന്നും പിടികൂടിയതോടെ വാങ്ങലുകാര്‍ ചരക്കില്‍ കൂടുതല്‍ ശ്രദ്ധചെലുത്തി. കൃത്രിമ നിറം നല്‍കിയാണ് ഗുണനിലവാരം കുറഞ്ഞ ഏലക്കയുടെ ഇടപാടുകള്‍ നടത്തിയതെന്ന് തമിഴ്നാട് ഭക്ഷ്യസുരക്ഷ വിഭാഗം കണ്ടെത്തിയ സാഹചര്യത്തില്‍ തല്‍ക്കാലം അവര്‍ കേരളത്തിലേയ്ക്ക് ചുവട് മാറ്റാമെന്നാണ് വിലയിരുത്തല്‍. ഗ്വാട്ടിമാലയില്‍ നിന്നും എത്തിച്ച വില കുറഞ്ഞ ഏലക്കയാണ് ഇത്തരത്തില്‍ വിറ്റഴിക്കുന്നത്. പുതിയ സാഹചര്യത്തില്‍ വിദേശ ബയ്യര്‍മാര്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍തിരിഞ്ഞാല്‍ അത് കേരളത്തിലെ കര്‍ഷകര്‍ക്കാവും തിരിച്ചടിയാവുക. ഉത്പാദന മേഖലയില്‍ ഇന്ന് നടന്ന ലേലത്തില്‍ 24,244 കിലോ ഏലക്കയുടെ ഇടപാടുകള്‍ നടന്നു. മികച്ചയിനങ്ങള്‍ കിലോ 1681 രൂപയിലും ശരാശരി ഇനങ്ങള്‍ 1196 രൂപയിലും കൈമാറി.