8 Feb 2023 5:30 PM IST
Summary
- ശ്രീലങ്കന്‍ പ്രതിസന്ധി തുടരുന്നതിനാല്‍ വിദേശ രാജ്യങ്ങള്‍ ഇന്ത്യന്‍ തേയിലയാണ് കൂടുതലായി ശേഖരിക്കുന്നത്
ലേല കേന്ദ്രങ്ങളില്‍ തേയില വില കുതിച്ചുയരുന്നു. ഡിസംബര്‍-ജനുവരി കാലയളവിലെ അതിശൈത്യത്തില്‍ കൊളുന്ത് നുള്ളുന്നതിന് നേരിട്ട തടസം തേയില ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിവിധയിനം തേയിലയുടെ വരവ് ചുരുങ്ങിയതോടെ വാങ്ങലുകാര്‍ വില ഉയര്‍ത്തി ചരക്കിന്റെ ലഭ്യത ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ്.
രണ്ടാഴ്ച്ചയായി കൊച്ചി ലേലത്തില്‍ തേയില വില കിലോ പന്ത്രണ്ട് രൂപയോളം ഉയര്‍ന്നു. ഇനിയും വില ഉയരുമെന്ന സൂചനയാണ് ഇടപാടുകാരില്‍ നിന്നും ലഭിക്കുന്നത്. യുറോപ്യന്‍ രാജ്യങ്ങള്‍ ദക്ഷിണേന്ത്യന്‍ തേയിലയില്‍ കാണിക്കുന്ന താല്‍പര്യം ലീഫ്, ഡസ്റ്റ് ഇനങ്ങള്‍ക്ക് നേട്ടമായി. ആഭ്യന്തര പാക്കറ്റ് നിര്‍മ്മാതാക്കളും ഉയര്‍ന്ന അളവില്‍ ചരക്ക് സംഭരിക്കുന്നുണ്ട്. ശ്രീലങ്കന്‍ പ്രതിസന്ധി തുടരുന്നതിനാല്‍ വിദേശ രാജ്യങ്ങള്‍ ഇന്ത്യന്‍ തേയിലയാണ് കൂടുതലായി ശേഖരിക്കുന്നത്.
തിരിച്ച് പിടിക്കാനൊരുങ്ങി റബര്‍
രാജ്യാന്തര റബര്‍ വിപണിയില്‍ വില്‍പ്പനക്കാര്‍ ആധിപത്യം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. ചൈനീസ് ടയര്‍ നിര്‍മ്മാതാക്കളില്‍ നിന്നും റബറിന് ഡിമാന്റ് മങ്ങിയിട്ടുണ്ട്. ഇത് കയറ്റുമതി രാജ്യങ്ങളെ സാമ്പത്തികമായി തളര്‍ത്തുമെന്ന ആശങ്കകള്‍ക്കിടയിലും ജപ്പാനീസ് റബര്‍ അവധി നിരക്കുകളില്‍ വില്‍പ്പനയില്‍ സമ്മര്‍ദ്ദം അലയടിച്ചു. കിലോയ്ക്ക് 218 രൂപയില്‍ നിന്നും 207 ലേയ്ക്ക് ഇടിഞ്ഞ റബര്‍ കരുത്ത് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടയില്‍ കൊച്ചി, കോട്ടയം വിപണികളിലും റബര്‍ ഷീറ്റ് ലഭ്യത ചുരുങ്ങിയത് വ്യവസായികളെ അല്‍പ്പം അസ്വസ്ഥരാക്കിയതോടെ അവര്‍ നാലാം ഗ്രേഡ് കിലോ 143 രൂപയായി ഉയര്‍ത്തി.
വിപണിയില്‍ തെന്നി വെളിച്ചെണ്ണ
നാളികേര വിളവെടുപ്പ് ഊര്‍ജിതമെങ്കിലും വില ഉയര്‍ത്തി ചരക്ക് ശേഖരിക്കാന്‍ വന്‍കിട-ചെറുകിട വ്യവസായികള്‍ തയ്യാറായില്ല. പരമാവധി താഴ്ന്ന വിലയ്ക്കാണ് അവര്‍ ചരക്ക് വാങ്ങുന്നത്. സര്‍ക്കാര്‍ ഏജന്‍സി സംഭരണം സംബന്ധിച്ച് നിശബ്ദത പാലിക്കുന്നതും കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടയായി.
മങ്ങാതെ സ്വര്‍ണം
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല, ആഭരണ കേന്ദ്രങ്ങളില്‍ പവന്‍ 42,200 രൂപയില്‍ സ്ഥിരത കൈവരിച്ചു. ഗ്രാമിന് വില 5275 രൂപ. അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1880 ഡോളറായി.