image

16 Feb 2023 5:45 PM IST

Market

അടയ്ക്ക ഇറക്കുമതി ഡ്യൂട്ടി കുത്തനെ വര്‍ധിപ്പിച്ചു, സൗരഭ്യം പരത്തി ഏലക്ക

Kochi Bureau

commodities market udpdation
X

Summary

  • ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍ കുരുമുളക് ശേഖരിക്കാന്‍ ഉത്സാഹിച്ചത് ഉത്പന്ന വില വീണ്ടും ഉയര്‍ത്തി


കേരളത്തിലെ അടയ്ക്ക കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി. അനിയന്ത്രിതമായ തോതില്‍ വിദേശ അടയ്ക്കയുടെ വരവ് ആഭ്യന്തര കര്‍ഷകരെ സാമ്പത്തിക പ്രതിസന്ധിലാക്കിയ വിവരം പുറത്തുവന്നതോടെ കേന്ദ്ര വാണിജ്യമന്ത്രാലയം അടയ്ക്ക ഇറക്കുമതി ഡ്യൂട്ടി കുത്തനെ വര്‍ധിപ്പിച്ചു.

വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും കനത്തതോതിലുള്ള ഇറക്കുമതിയുടെ വിവരം ഇന്നലെ നമ്മള്‍ വ്യക്തമാക്കിയിരുന്നു. ഉല്‍പാദകര്‍ക്ക് താങ്ങ് പകരാന്‍ കേന്ദ്രം അടയ്ക്ക ഇറക്കുമതി ഡ്യൂട്ടി കിലോ 251 രൂപയില്‍ നിന്നും 351 രൂപയാക്കി. ഓരോ കിലോയിലും നൂറ് രൂപയുടെ വര്‍ദ്ധനയാണ് നടപ്പാക്കിയത്. പുതിയ സാഹചര്യത്തില്‍ വിദേശ ഭീഷണി കുറയുമെന്നാണ് കണക്കാക്കുന്നത്. മ്യാന്‍മാര്‍, ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ യുഎഇ യില്‍ നിന്നും സിംഗപ്പുരില്‍ നിന്നും വരെ അടയ്ക്ക ഇന്ത്യയില്‍ എത്തുന്നുണ്ട്. ഏപ്രില്‍-നവംബര്‍ കാലയളവില്‍ മ്യാന്‍മാറില്‍ നിന്ന് 28,500 ടണ്‍ അടയ്ക്കയാണ് ഇറക്കുമതി നടത്തി. കൊച്ചിയില്‍ അടയ്ക്ക വില ക്വിന്റ്റലിന് 35,000 രൂപ.

സൗരഭ്യം പരത്തി ഏലക്ക

ലേല കേന്ദ്രങ്ങളില്‍ ഏലക്ക കൂടുതല്‍ സൗരഭ്യം പരത്തിയതോടെ വാങ്ങലുകാര്‍ ഉത്പന്നത്തില്‍ വട്ടമിട്ടു പറക്കുകയാണ്. രണ്ട് മാസം മുന്‍പ് കിലോ 800 രൂപയിലേയ്ക്ക് താഴ്ന്ന ശരാശരി ഇനം ഏലക്ക വില വണ്ടന്‍മേട്ടില്‍ നടന്ന ലേലത്തില്‍ കിലോ 1640 രൂപയായി കയറി. നിരക്ക് ഇരട്ടിയില്‍ ഏറെ ഉയര്‍ന്നെങ്കിലും വിലക്കയറ്റത്തിന്റെ മാധുര്യം നുകരാന്‍ വലിയോരു പങ്ക് കര്‍ഷകര്‍ക്കുമായില്ല. വിളവെടുപ്പ് വേളയില്‍ തന്നെ ഉയര്‍ന്ന കാര്‍ഷിക ചിലവുകള്‍ മൂലം ചരക്ക് വിറ്റുമാറാന്‍ ഉത്പാദകര്‍ നിര്‍ബന്ധിതരായിരുന്നു. വിദേശ വാങ്ങലുകാര്‍ മികച്ചയിനങ്ങള്‍ കിലോ 2547 രൂപയ്ക്ക് ശേഖരിച്ചു.

വെളിച്ചെണ്ണ വില്‍പ്പന പിന്നാക്കം

നാളികേരോത്പന്നങ്ങളുടെ നിരക്ക് ഏതാണ്ട് ഒരുമാസമായി നിശ്ചലമാണ്. പ്രദേശിക വിപണികളില്‍ വെളിച്ചെണ്ണ വില്‍പ്പനയിലെ കുറവ് മുന്‍ നിര്‍ത്തി കൊപ്രയാട്ട് വ്യവസായികള്‍ സംഭരണം കുറച്ചത് വിപണിയെ മൊത്തതില്‍ തളര്‍ത്തി. പച്ചതേങ്ങ സംഭരണ വില സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തി നിശ്ചയിച്ചെങ്കിലും സംഭരണം തുടങ്ങുന്നത് സംബന്ധിച്ചുള്ള അനിശ്ചിതവസ്ഥ വിപണിയെ കൂടുതല്‍ പരിങ്ങലിലാക്കി. കൊപ്ര 8400 രൂപയിലും വെളിച്ചെണ്ണ 13,100 രൂപയിലുമാണ്.

ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍ കുരുമുളക് ശേഖരിക്കാന്‍ ഉത്സാഹിച്ചത് ഉത്പന്ന വില വീണ്ടും ഉയര്‍ത്തി. ആഭ്യന്തര ഡിമാന്റ്റില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 511 രൂപയായി കയറി.



സ്വര്‍ണ വില താഴ്ന്നു

കേരളത്തില്‍ സ്വര്‍ണ വില താഴ്ന്നു, ആഭരണ വിപണികളില്‍ സ്വര്‍ണ വില പവന് 320 രൂപ ഇടിഞ്ഞ് 41,600 രൂപയില്‍ ഇന്ന് ഇടപാടുകള്‍ നടന്നു. ഇതോടെ ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് 5200 രൂപയായി. രാജ്യാന്തര മാര്‍ക്കറ്റില്‍ ട്രോയ് ഔണ്‍സിന് 1830 ഡോളറില്‍ നിന്നും 1837 ലേയ്ക്ക് കയറി. വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം 81.65 ലേയ്ക്ക് ശക്തിപ്രാപിച്ചു.