image

20 Feb 2023 5:15 PM IST

Market

ലാഭം വാരിക്കൂട്ടാനൊരുങ്ങി കുരുമുളക്, ഏലം വില കുതിച്ചേക്കും

Kochi Bureau

commodies market rate updates 20 02
X

Summary

  • പ്രമുഖ വിപണികളില്‍ വെളിച്ചെണ്ണ, കൊപ്ര വിലകളില്‍ മാറ്റമില്ല. കൊച്ചിയില്‍ കൊപ്ര വില 8400 രൂപ


റീ എക്സ്പോര്‍ട്ടിനായി കുരുമുളക് ഇറക്കുമതി നടത്തിയ ശേഷം മൂല്യവര്‍ധിത ഉത്പന്നമാക്കി മാറ്റാതെ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചിരിക്കുകയാണ്. ഇത് വന്‍ ലാഭം വാരികൂട്ടിയ വ്യവസായികള്‍ ചരക്ക് സംഭരിക്കാനുള്ള നെട്ടോട്ടത്തിലാണ്.

ഇറക്കുമതി നടത്തുന്ന മുളക് 180 ദിവസത്തിനുള്ളില്‍ മൂല്യ വര്‍ധിത ഉത്പന്നമാക്കി ഷിപ്പ്മെന്റ് നടത്തണമെന്നാണ് വ്യവസ്ഥ. പലപ്പോഴും വ്യവസായികള്‍ ഇത് പാലിക്കാറില്ലെങ്കിലും കസ്റ്റംസ് ഇത് സംബന്ധിച്ച് അന്വേഷണങ്ങള്‍ ആരംഭിച്ചതോടെ ഉത്തരേന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വന്‍കിട എക്സ്പോര്‍ട്ട് ഓറിയന്റ്റല്‍ യൂണിറ്റുകള്‍ റീ എക്സ്പോര്‍ട്ടിനാവശ്യമായ മുളക് സംഭരണം തുടങ്ങിക്കഴിഞ്ഞു.

വ്യവസായികളുടെ വരവില്‍ പോയവാരം കുരുമുളക് വില ക്വിന്റ്റലിന് 500 രൂപ വര്‍ധിച്ചു. വിപണിയില്‍ നിന്നും പ്രതീക്ഷിച്ചതോതില്‍ ചരക്ക് സംഭരിക്കാന്‍ കഴിയാഞ്ഞ പലരും കാര്‍ഷിക മേഖലകളില്‍ നേരിട്ട് ഇറങ്ങി കര്‍ഷകരില്‍ നിന്നും മുളക് ശേഖരിച്ചു. ഗാര്‍ബിള്‍ഡ് കുരുമുളക് വില 51,100 രൂപ.

റബര്‍ പിന്നാക്കം

സാമ്പത്തിക വര്‍ഷാന്ത്യം അടുത്തതോടെ വ്യവസായികള്‍ റബര്‍ സംഭരണത്തില്‍ നിന്നും അല്‍പ്പം പിന്‍വലിയുന്നുണ്ട്. ഉയര്‍ന്ന അളവില്‍ റബര്‍ ആവശ്യമുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി മറയാക്കി വിലക്കയറ്റം പിടിച്ചു

നിര്‍ത്താനുള്ള ശ്രമങ്ങളാണ് ടയര്‍ ലോബി വിപണികളില്‍ പയറ്റുന്നത്. കൊച്ചി, കോട്ടയം, മലബാര്‍ മേഖലകളില്‍ റബര്‍ ഷീറ്റ് ലഭ്യത ചുരുങ്ങിയതിനാല്‍ വിലക്കയറ്റ ഭീതി വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നുണ്ട്. പകല്‍ ചൂട് കനത്തതോടെ ഒട്ടുമിക്ക തോട്ടങ്ങളിലും റബര്‍ മരങ്ങളില്‍ നിന്നുള്ള യീല്‍ഡ് ചുരുങ്ങിയത് ഉത്പാദനം ഗണ്യമായി കുറച്ചു.

നിലവില്‍ കിലോ 142 രൂപയില്‍ നീങ്ങുന്ന മികച്ചയിനം റബര്‍ വില 150 ലേയ്ക്ക് ഓഫ് സീസണില്‍ ഉയരുമെന്ന കണക്ക് കൂട്ടലിലാണ് റബര്‍ സ്റ്റോക്കിസ്റ്റുകള്‍.

വിലക്കയറ്റം പ്രതീക്ഷിച്ച് ഏലം

നെടുക്കണ്ടത്ത് നടന്ന ഏലക്ക ലേലത്തില്‍ 86,175 കിലോഗ്രാം ചരക്ക് വില്‍പ്പനയ്ക്ക് എത്തിയതില്‍ 65,421 കിലോയും വിറ്റഴിഞ്ഞു. ഏലക്ക ശേഖരിക്കാന്‍ ആഭ്യന്തര ഇടപാടുകാര്‍ക്ക് ഒപ്പം കയറ്റുമതിക്കാരും മത്സരിച്ച് രംഗത്തുണ്ട്. മികച്ചയിനങ്ങള്‍ കിലോ 2601 രൂപയിലും ശരാശരി ഇനങ്ങള്‍ 1522 രൂപയിലുമാണ് ലേലം നടന്നത്. ഉത്പാദകരുടെ കൈവശം കുറഞ്ഞ അളവില്‍ മാത്രമേ ഏലക്ക സ്റ്റോക്കുള്ളു. പുതിയ സീസണ്‍ ആരംഭിക്കാന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയായതിനാല്‍ വിലക്കയറ്റം ശക്തമാകാന്‍ ഇടയുണ്ട്.

പ്രമുഖ വിപണികളില്‍ വെളിച്ചെണ്ണ, കൊപ്ര വിലകളില്‍ മാറ്റമില്ല. കൊച്ചിയില്‍ കൊപ്ര വില 8400 രൂപ