29 Aug 2023 8:04 AM IST
Stock market pre opening analysis
Summary
- ഏഷ്യൻ വിപണികളിൽ പോസിറ്റീവ് ഓപ്പണിംഗ്
- ക്രൂഡ് വിലയിൽ നേരിയ കുറവ്
- എഫ്എഫ്ഐ ഓഗസ്റ്റിൽ നെറ്റ് വിൽപനക്കാർ
രണ്ടു ദിവസമായി തുടരുന്ന ഇടിവില്‍നിന്നു ആഗോള വിപണിയുടെ പിന്തുണയില്‍ തിങ്കളാഴ്ച ഇന്ത്യന്‍ വിപണി തിരിച്ചു കയറിയിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയുടെ ബെഞ്ച് മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സ് 110.09 പോയിന്റും നിഫ്റ്റി 40.25 പോയിന്റും വീതം തിങ്കളാഴ്ച മെച്ചപ്പെടുത്തി. ക്ലോസിംഗ് യഥാക്രമം 64996.6 പോയിന്റിലും 19306.05 പോയിന്റിലുമാണ്.
തിങ്കളാഴ്ച രാവിലത്തെ ഏറ്റവും കുറഞ്ഞ താഴ്ചയായ 19249.7 പോയിന്റില്‍ നിന്നു നിഫ്റ്റി തിരിച്ചുവന്നുവെങ്കിലും നിക്ഷേപകര്‍ക്ക് അത് അത്രയ്ക്കു ബോധ്യമായിട്ടില്ല. പിന്നീടുള്ള വ്യാപാരം അതു തെളിയിച്ചു. റിലയന്‍സിന്റെ എജിഎമ്മില്‍ വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടാകാത്തത്, നിഫ്റ്റിയിലെ ഹെവി വെയിറ്റുകളിലൊന്നായ റിലയന്‍സില്‍ ബുക്ക് പ്രോഫിറ്റിംഗിനു വഴി തെളിച്ചു. എന്നാല്‍ ബാങ്ക്, ഓട്ടോ, ഹെല്‍ത്ത് ഓഹരികളാണ് വിപണിയെ പിടിച്ചു നിറുത്തിയത്.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
നിഫ്റ്റി 19400 പോയിന്റ് വ്യാപാര വ്യാപ്തത്തോടെ മറികടക്കുന്നതു കാത്തിരിക്കുകയാണ് നിക്ഷേപകര്‍. മുന്നോട്ടു പോയാല്‍ തന്നെ 19600 ചുറ്റളവില്‍ ശക്തമായ റെസിസ്റ്റന്‍സ് ആണ് നിലനില്‍ക്കുന്നത്. താഴേയ്ക്കു നീങ്ങിയാല്‍ 19200-19300 റേഞ്ചില്‍ മോശമല്ലാത്ത സപ്പോര്‍ട്ടുണ്ട്. കഴിഞ്ഞയാഴ്ചകളില്‍ പല പ്രാവശ്യം ഈ റേഞ്ചില്‍ പിന്തുണ നേടി നിഫ്റ്റി തിരികെ വന്നിരുന്നു.
ജാഗ്രതയോടെ മുന്നോട്ട്
വിപണി വളരെ ജാഗ്രതയോടെയാണ് മുന്നോട്ടു നീങ്ങുന്നത്. വ്യാഴാഴ്ച ഓഗസ്റ്റ് എഫ് ആന്‍ഡ് ഒ ക്ലോസിംഗ് ആണെന്നതും ജാഗ്രതയോടെയോ മുന്നോട്ടു പോകുകയുള്ളുവെന്നു ഫെഡറല്‍ റിസര്‍വ് പറയുമ്പോഴും പലിശ ഉയര്‍ത്തല്‍ സാധ്യത നിലനില്‍ക്കുന്നതും ചൈനീസ് സമ്പദ്ഘടനയിലെ വിലച്ചുരുക്കവുമൊക്കെ വിപണിയുടെ സെന്റിമെന്റിനെ ബാധിക്കുന്നുണ്ട്.
സമ്പദ്ഘടന
ഓഗസ്റ്റ് 31-ന് എത്തുന്ന ആദ്യ ക്വാര്‍ട്ടര്‍ ഇന്ത്യന്‍ ജിഡിപി കണക്കുകളാണ് വിപണി ഉറ്റു നോക്കുന്ന ഈയാഴ്ചയിലെ മറ്റൊരു പ്രധാന സംഭവം.
ഓഗസ്റ്റ് 18-ന് അവസാനിച്ച വാരത്തില്‍ ഇന്ത്യയുടെ വിദേശനാണ്യശേഖരത്തില്‍ 727.3 കോടി ഡോളറിന്റെ കുറവോടെ 59489 കോടി ഡോളറിലെത്തി. ആറു മാസത്തിനുള്ളില്‍ ഒരാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന താഴ്ചയാണിത്.
ഇന്ത്യന്‍ ബോണ്ട് യീല്‍ഡ് 7.20 ശതമാനത്തില്‍നിന്ന് 7.18 ശതമാനമായി കുറഞ്ഞതും ഡോളറിനെതിരേ രൂപ അല്‍പ്പം മെച്ചപ്പെട്ടതും വിപണിക്ക് ചെറിയ ആശ്വാസമായി.
ആഗോള വിപണി
തിങ്കളാഴ്ച ആഗോള വിപണികളെല്ലാം മെച്ചപ്പെടുകയായിരുന്നു. പ്രധാന കാരണം ചൈന ഓഹരി വ്യാപാരത്തിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറച്ചതാണ്. പതിയെ പുറത്തേക്ക് പോകുന്ന നിക്ഷേപകരെ തിരിച്ചെത്തിക്കുകയെന്നതാണ് ഇതിലൂടെ ചൈന ലക്ഷ്യമിടുന്നത്. ഇത് ആഗോള വിപണിയില്‍ പോസീറ്റീവ് സെന്റിമെന്റിനു കാരണമായി. പലിശ ഉയര്‍ത്തുന്ന കാര്യത്തില്‍ ജാഗ്രതയോടെ മാത്രമേ മുന്നോട്ടു പോവുകയുള്ളുവെന്ന ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്താവന തല്‍ക്കാലം വിപണി ആശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്
ഇന്ത്യന്‍ വിപണിക്കു ശേഷം ക്ലോസ് ചെയ്ത യൂറോപ്യന്‍, യുഎസ് വിപണികള്‍ പോസീറ്റീവായാണ് ക്ലോസ് ചെയ്തത്. ഡൗ 345 പോയിന്റും നാസ്ഡാക് 115 പോയിന്റും എസ് ആന്‍ഡ് പി 27.6 പോയിന്റും മെച്ചെപ്പെട്ടാണ് ക്ലോസ് ചെയ്തത്. മിക്ക ഫ്യൂച്ചേഴ്‌സും പോസീറ്റീവായാണ് നീങ്ങുന്നത്. ജര്‍മന്‍ ഡാക്‌സ് ഫ്യൂച്ചര്‍ നേരിയ തോതില്‍ താഴെയാണ്.
പോസീറ്റീവ് ഓപ്പണിംഗ്
യു എസ് വിപണികളുടെ ചുവടുപിടിച്ച് ഇന്നു രാവിലെ ഓപ്പണ്‍ ചെയ്ത് ജാപ്പനീസ് നിക്കി, കൊറിയന്‍ കോസ്പി, ഓസ്‌ട്രേലിയന്‍ ഓര്‍ഡനറി തുടങ്ങിയ സൂചികകളെല്ലാം പോസീറ്റീവായി തുടരുകയാണ്. ഇന്ത്യന്‍ ഗിഫ്റ്റി നിഫ്റ്റിയും പോസീറ്റാവാണ്. എന്നാല്‍ നിക്കി ഫ്യൂച്ചേഴ്‌സും എസ്ജിഎക്‌സ് നിഫ്റ്റി ഫ്യൂച്ചേഴ്‌സും നേരിയ തോതില്‍ താഴ്ന്നു നില്‍ക്കുകയാണ്.
ഈ ഓഹരികള്‍ ശ്രദ്ധിക്കാം
റിലയന്‍സ് ഇന്‍ഡസ്ട്രീസ്: റിലയന്‍സ് ഇന്‍ഡസ്ട്രീസ് തിങ്കളാഴ്ച 1.1 ശതമാനത്തോളം ഇടിവു രേഖപ്പെടുത്തി. 2443.75 രൂപയിലാണ് ക്ലോസിംഗ്. ഡിസംബറോടെ രാജ്യമെങ്ങും 5ജി കവറേജ് ലക്ഷ്യമിടുന്നുവെന്നു കമ്പനി എജിഎമ്മില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ജിയോ എയര്‍ ഫൈബര്‍ സെപ്റ്റംബര്‍ 19-ന് ലോഞ്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്നു. റിലയന്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലേക്ക് പുതിയ തലമുറയിലെ ഇഷാ അംബാനി, ആകാശ് അംബാനി എന്നിവരെ കൊണ്ടുവരികയാണ്. കമ്പനി നേതൃത്വമാറ്റത്തിനു തുടക്കം കുറിച്ചിരിക്കുന്നു. അവരുടെ നീക്കങ്ങളെയാണ് വിപണി ഇനി വീക്ഷിക്കുക. ജിയയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍ഷുറന്‍സ് മേഖലയിലേക്കു കടക്കുവാന്‍ ഉദ്ദേശിക്കുന്നു. സൂചികകളില്‍നിന്നു ജിയോ പുറത്തുപോകുന്നത് സെപ്റ്റംബര്‍ ഒന്നിലേക്ക് നീട്ടിയിട്ടുണ്ട്.
എച്ച് ഡിഎഫ് സി ബാങ്ക് : ചീഫ് റിസ്‌ക് ഓഫീസറായി സന്‍മോയി ചക്രവര്‍ത്തിയുടെ നിയമനത്തിന് ബോര്‍ഡ് അനുമതി നല്‍കി 2028 വരെ അദ്ദേഹത്തിനു കാലാവധിയുണ്ട്.
ഭാരത് ഇലക്ട്രോണിക്‌സ് ( ബെല്‍) : ബെല്ലിന് ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്‍ഡില്‍നിന്ന് 1075 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു.
വിദേശ നിക്ഷേപം
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്ഐഐ) തിങ്കളാഴ്ച 1393.25 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചപ്പോള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 1264.01 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. ഓഗസ്റ്റ് 28 വരെ ഈ മാസം എഫ്‌ഐഐ 17215 കോടി രൂപയുടെ ഓഹരികള്‍ നെറ്റ് വില്‍പ്പന നടത്തിയപ്പോള്‍ ഇന്ത്യന്‍ നിക്ഷേപക സ്ഥാപനങ്ങള്‍ 19006 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്.
ക്രൂഡ് ഓയിലും സ്വര്‍ണവും
ചൈനീസ് സമ്പദ്ഘടനയെ സംബന്ധിച്ച ആശങ്കകള്‍ ക്രൂഡോയില്‍ വിലയില്‍ 0.28 ശതമാനം കുറവുണ്ടാക്കി. വില ബാരലിന് 79.91 ഡോളറാണ്. ബ്രെന്റ് ക്രൂഡ് വില 27 സെന്റ് കുറഞ്ഞ് ബാരലിന് 84.24 ഡോളറായി.
മറ്റു കറന്‍സികളുമായുള്ള വിനിമയത്തില്‍ ഡോളറിനുണ്ടായ നേരിയ ക്ഷീണവും യുഎസ് ബോണ്ട് ആദായം (4.188 ശതമാനം) നേരിയ തോതില്‍ കുറഞ്ഞതും സ്വര്‍ണവിലയില്‍ 2.4 ഡോളറിന്റെ വര്‍ധനയുണ്ടാക്കി. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,949.2 ഡോളറാണ്.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല