27 Jan 2022 12:45 PM IST
Summary
ഡെല്‍ഹി: സമ്പദ് വ്യവസ്ഥയെ പുറകോട്ടടിച്ച കൊവിഡ് മഹാമാരിയില്‍ നിന്ന് കരകയറുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരാഖണ്ഡ് മാതൃകയില്‍ ഹോംസ്റ്റേകള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ട്രാവല്‍ ഏജന്റ് അസ്സോസ്സിയേഷന്‍ ഓഫ് ഇന്ത്യ (ടി എ എ ഐ). സമ്പദ് വ്യവസ്ഥയുടെ ഉണര്‍വിനും ടൂറിസം വ്യവസായത്തിന്റെ പുനരുജ്ജീവനത്തിനും ഇത് സഹായകമാവുമെന്നാണ് ടി എ എ ഐയുടെ വിലയിരുത്തല്‍. ടൂറിസം മേഖലകളിലെ വിപുലമായ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനായി നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്കും സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. ഇതിന്റെ ഭാഗമായി ഏതാണ്ട് […]
ഡെല്‍ഹി: സമ്പദ് വ്യവസ്ഥയെ പുറകോട്ടടിച്ച കൊവിഡ് മഹാമാരിയില്‍ നിന്ന് കരകയറുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരാഖണ്ഡ് മാതൃകയില്‍ ഹോംസ്റ്റേകള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ട്രാവല്‍ ഏജന്റ് അസ്സോസ്സിയേഷന്‍ ഓഫ് ഇന്ത്യ (ടി എ എ ഐ). സമ്പദ് വ്യവസ്ഥയുടെ ഉണര്‍വിനും ടൂറിസം വ്യവസായത്തിന്റെ പുനരുജ്ജീവനത്തിനും ഇത് സഹായകമാവുമെന്നാണ് ടി എ എ ഐയുടെ വിലയിരുത്തല്‍.
ടൂറിസം മേഖലകളിലെ വിപുലമായ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനായി നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്കും സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. ഇതിന്റെ ഭാഗമായി ഏതാണ്ട് 36,000 ഓളം പുതിയ ഹോംസ്റ്റേ രജിസ്ട്രേഷനുകള്‍ നടന്നിട്ടുണ്ട്. 8,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ഈ പദ്ധതിയിലൂടെ സാധ്യമാകുമെന്നും ടി എ എ ഐ വ്യക്തമാക്കുന്നു.
"കൊവിഡ് കാലത്തെ അതിജീവനം നാമെല്ലാവരും മനസിലാക്കേണ്ടതുണ്ട്. ഇത്തരം കുഞ്ഞു ചുവടു വയ്പ്പുകള്‍ ഫലപ്രദമായ ഒരു മുന്നേറ്റം സാധ്യമാക്കും. പല മോശം സാഹചര്യങ്ങളും നമ്മള്‍ ഇതിനോടകം അതിജീവിച്ച് കഴിഞ്ഞു. നമ്മുടെ വിനോദ സഞ്ചാര മേഖല അഭിവൃദ്ധിപ്പെടണമെങ്കില്‍ ഏതറ്റം വരെയും പോകാന്‍ സ്വയം തയ്യാറാകണം," ടി എ എ ഐ പ്രസിഡന്റ് ജ്യോതി മായല്‍ പറഞ്ഞു.
സംഘടനയുടെ വൈസ് പ്രസിഡന്റ് ജയ് ഭാട്ടിയയുടെ അഭിപ്രായത്തില്‍," കുടുംബം പോറ്റാന്‍ കഷ്ടപ്പെടുന്നവരും ജോലി നഷ്ടപ്പെട്ടവരുമടക്കം സാമ്പത്തികക്ലേശം അനുഭവിക്കുന്നവര്‍ക്ക് ഈ നീക്കം സ്വാഗതാര്‍ഹമാണ്,"
വിവിധ പദ്ധതികളിലൂടെ സര്‍ക്കാര്‍ ഇതിനോടകം സ്വയം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും, വായ്പാ നടപടി ക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ടെന്നും ടി എ എ ഐയുടെ ഓണററി സെക്രട്ടറി ജനറല്‍ ബെട്ടിയ ലോകേഷ് അഭിപ്രായപ്പെട്ടു.
വരുമാനശ്രോതസ് മാത്രമല്ല ഹോംസ്റ്റേകള്‍. ആഡംബര ഹോട്ടലുകളേക്കാള്‍ സൗകര്യ പ്രദവും ഗ്രാമീണതയും പ്രകൃതി മനോഹാരിതയും പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയുന്നതുമായതിനാല്‍ സഞ്ചാരികള്‍ തേടിയെത്താന്‍ സാധ്യത കൂടുതലാണ്. ഇത് ടൂറിസം മേഖലയുടെ മുന്നേറ്റത്തിന് കാരണമാകും.
ഒരു വ്യവസായം ശക്തമായി നിലകൊള്ളേണ്ടതിനാലും, ടൂറിസം വികസനത്തിനായി സഞ്ചാരികളുടെ ഒഴുക്ക് ശക്തമായി നിലനിര്‍ത്തുന്നതിനുള്ള ആശയങ്ങള്‍ പരമാവധി നടപ്പിലാക്കുന്നതിന് വേണ്ടിയും ടി എ എ ഐ എല്ലാക്കാലത്തും ജാഗരൂകരാണ്. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും യാത്രാ മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഹോംസ്റ്റേകള്‍ പോലെയുള്ള ഏതൊരു നീക്കത്തെയും ടി എ എ ഐ പൂര്‍ണ്ണഹൃദയത്തോടെ പിന്തുണയ്ക്കുന്നുവെന്നും ട്രഷറര്‍ ശ്രീറാം പട്ടേല്‍ പറഞ്ഞു.