image

29 April 2022 12:36 PM IST

Travel & Tourism

ഹിമാലയന്‍ ഗ്രാമങ്ങളുടെ സൗന്ദര്യം ആസ്വദിക്കാം ഏപ്രില്‍-മെയ് മാസങ്ങളില്‍

MyFin Desk

ഹിമാലയന്‍ ഗ്രാമങ്ങളുടെ സൗന്ദര്യം ആസ്വദിക്കാം ഏപ്രില്‍-മെയ് മാസങ്ങളില്‍
X

Summary

യാത്രകളെ പ്രണയിക്കുന്ന ആളുകളുടെ ഹൃദയം ഹിമാലയത്തിന് വേണ്ടി തുടിക്കാതിരിക്കില്ല. സ്വന്തം ബൈക്കില്‍, അതും ബുള്ളറ്റിൽ , ഹിമാലയം കണ്ട് വരണമെനന് ആഗ്രഹിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. ഹിമാലയന്‍ കാഴ്ച്ചകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സിലേയ്ക്ക് ഓടിയെത്തുന്നത് മഞ്ഞുമൂടിയ പര്‍വതങ്ങളും മനോഹരമായ കാടുകളും നദികളിലെ ആല്‍പൈന്‍ പുല്‍മേടുകളുമെല്ലാമായിരിക്കും.സമാധാനത്തോടെ കുറച്ച് സമയം പ്രകൃതിയോടിണങ്ങികഴിയാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇനി പറയുന്ന എതെങ്കിലുമൊരു സ്ഥലം തെരഞ്ഞെടുത്ത് ഒരു യാത്ര പോകണം. ചൂടില്‍ നിന്നുള്ള രക്ഷപ്പെടലിനൊപ്പം ഹിമാലയത്തോളം ഉയരമുള്ള സ്വപ്‌നത്തിന്റെ സാക്ഷാത്കാരവുമാകും അത്. ലഡാക്ക് പ്രകൃതി സൗന്ദര്യത്താല്‍ സമ്പന്നമാണ്, ഹിമാലയത്തിന്റെ […]


യാത്രകളെ പ്രണയിക്കുന്ന ആളുകളുടെ ഹൃദയം ഹിമാലയത്തിന് വേണ്ടി തുടിക്കാതിരിക്കില്ല. സ്വന്തം ബൈക്കില്‍, അതും ബുള്ളറ്റിൽ , ഹിമാലയം കണ്ട് വരണമെനന് ആഗ്രഹിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. ഹിമാലയന്‍ കാഴ്ച്ചകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സിലേയ്ക്ക് ഓടിയെത്തുന്നത് മഞ്ഞുമൂടിയ പര്‍വതങ്ങളും മനോഹരമായ കാടുകളും നദികളിലെ ആല്‍പൈന്‍ പുല്‍മേടുകളുമെല്ലാമായിരിക്കും.സമാധാനത്തോടെ കുറച്ച് സമയം പ്രകൃതിയോടിണങ്ങികഴിയാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇനി പറയുന്ന എതെങ്കിലുമൊരു സ്ഥലം തെരഞ്ഞെടുത്ത് ഒരു യാത്ര പോകണം. ചൂടില്‍ നിന്നുള്ള രക്ഷപ്പെടലിനൊപ്പം ഹിമാലയത്തോളം ഉയരമുള്ള സ്വപ്‌നത്തിന്റെ സാക്ഷാത്കാരവുമാകും അത്.

ലഡാക്ക്

പ്രകൃതി സൗന്ദര്യത്താല്‍ സമ്പന്നമാണ്, ഹിമാലയത്തിന്റെ വലിയൊരു ഭാഗം ഉള്‍ക്കൊള്ളുന്ന ലഡാക്ക് . പുരാതനവും ചരിത്രപ്രാധാനവുമായ ബുദ്ധവിഹാരങ്ങളാല്‍ നിറഞ്ഞ ഈ സ്ഥലം, സാഹസികത ഇഷ്ടപ്പെടുന്നവരുടെ ഒരു കേന്ദ്രം കൂടിയാണ് . മൗണ്ടന്‍ ബൈക്കിംഗ്, ട്രെക്കിംഗ്, ഹൈക്കിംഗ് തുടങ്ങിയ വിനോദങ്ങള്‍ ആസ്വദിക്കാനുള്ള നിരവധി അവസരങ്ങള്‍ ലേ ലഡാക്ക് നിങ്ങള്‍ക്ക് നല്‍കുന്നു. ലേ ലഡാക്കിലേയ്ക്ക് ഒരു ബൈക്ക് ട്രിപ്പിലൂടെ കൈവരിക്കുന്ന ആത്മവിശ്വസവും ജീവിതകാലം മുഴുവനും ഓര്‍ത്തിരിക്കാന്‍ ലഭിക്കുന്ന സുന്ദര നിമിഷങ്ങളും വിലമതിക്കാനാവാത്തതാണ്.

ലാച്ചുങ്, ലാചെന്‍, സിക്കിം

വടക്കന്‍ സിക്കിമില്‍ സ്ഥിതി ചെയ്യുന്ന രണ്ട് മനോഹരമായ ഹിമാലയന്‍ പട്ടണങ്ങളാണ് ലാച്ചുങും ലാച്ചനും . ഹിമാലയന്‍ കൊടുമുടികളുടേയും ശാന്തമായ ആല്‍പൈന്‍ തടാകങ്ങളുടേയും അതിമനോഹരമായ കാഴ്ചകളാണ് ഈ പട്ടണങ്ങള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. പ്രകൃതിയെ അറിഞ്ഞൊരു ട്രെക്കിംഗും ബുദ്ധവിഹാരങ്ങളുടെ സന്ദർശനവും ഈ യാത്രയില്‍ നിര്‍ബന്ധമാണ്. ഗുരുഡോങ്മാര്‍, ചോളമു തുടങ്ങിയ തടാകങ്ങള്‍ നിങ്ങളെ അതിശയിപ്പിക്കുമെന്നതിൽ സംശയമില്ല.

സ്പിതി

ബുദ്ധമത മിസ്റ്റിസിസത്തിന്റെ നാടായ സ്പിതി ഇപ്പോഴും തൊട്ടുകൂടാത്ത ഹിമാലയന്‍ സുന്ദരികളില്‍ ഒന്നായി തുടരുന്നു. കാലാവസ്ഥ അതിരൂക്ഷവും ഭൂപ്രദേശം പരുക്കനുമാണെങ്കിലും ഇവിടം സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. ഇവിടുത്തെ വിചിത്രമായ പഴയ ആശ്രമങ്ങളും കിബ്ബര്‍, കോമിക്, ഡെമുല്‍, ധങ്കര്‍ തുടങ്ങിയ പ്രകൃതിരമണീയ ഗ്രാമങ്ങളും ആരുടേയും മനം കവരും.


തീര്‍ത്ഥന്‍ വാലി

ഒരു ഡിസ്‌നി സിനിമയിലെ രംഗം പോലെയാണ് ശരിക്കും ഈ ഗ്രാമം. യക്ഷിക്കഥയിലെന്നപോലെ മോഹിപ്പിക്കുന്ന ഈ മനോഹരമായ ഗ്രാമം പ്രകൃതി സ്‌നേഹികള്‍ക്കും അവധിക്കാലം ആഘോഷിക്കുന്നവര്‍ക്കും ഒരു പറുദീസയാണ്. ഹിമാലയന്‍ കൊടുമുടികളാല്‍ ചുറ്റപ്പെട്ട ഈ താഴ്വരയില്‍ മനോഹരമായ ആപ്പിള്‍ തോട്ടങ്ങള്‍ കാണാം. പ്രശസ്തമായ ഗ്രേറ്റ് ഹിമാലയന്‍ ദേശീയോദ്യാനത്തിലേക്കുള്ള പ്രവേശന കേന്ദ്രം കൂടിയാണ് തീര്‍ത്ഥന്‍ താഴ്വര.

കസോള്‍

പാര്‍വ്വതി താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹരമായ ഹിമാചലി ഗ്രാമമാണ് കസോൾ. മിനി ഇസ്രായേല്‍ എന്നാണ് സഞ്ചാരികള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിന് ഒരു കാരണമുണ്ട്. ഇസ്രായേലി ബാക്ക്പാക്കര്‍മാരുടെയും ആധികാരിക ഇസ്രായേലി ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലകളുടെയും കേന്ദ്രമാണ് ഈ സ്ഥലം. അതിമനോഹരമായ പ്രകൃതി ഭംഗിയും ഹിമാലയന്‍ കാഴ്ചകളും കൊണ്ട് ഈ സ്ഥലം സന്ദര്‍ശകരെ അമ്പരപ്പിക്കുന്നു.

മലാന

മലാന ക്രീമും മാരിജുവാനയുമാണ് ഈ ഗ്രാമത്തെ പുറംലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തത്. മാരിജുവാന എന്ന മയക്കുമരുന്ന് ചെടി ഇവിടെ വ്യാപകമായി കൃഷിചെയ്യുന്നു. കുളു - മണാലിക്ക് സമീപമുള്ള പാര്‍വതി താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന ചെറുതും മനോഹരവുമായ കുഗ്രാമമാണ് മലാനയെങ്കിലും ഇന്നവിടം ട്രക്കര്‍മാരുടെ ഇഷ്ട ലൊക്കേഷനായി മാറിയിരിക്കുന്നു. ഇവിടെയുള്ള ഗ്രാമീണര്‍ പുറത്തുനിന്നുള്ളവരുടെ സ്വാധീനത്തില്‍ നിന്ന് അകന്ന് ഒറ്റപ്പെട്ടതും സമാധാനപരവുമായ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.ഹിമാലയത്തിന്റെ മടിത്തട്ടിലെ ഏകാന്തമായ അവധിക്കാലത്തിന് ഈ സ്ഥലം എന്തുകൊണ്ടും അനുയോജ്യമാണ്.