image

6 Dec 2024 9:25 PM IST

News

കുവൈറ്റിൽ ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടി, 1425 മലയാളികൾക്കെതിരെ അന്വേഷണം

MyFin Desk

1425 Malayalis investigated for defrauding bank in Kuwait of Rs 700 crore
X

കുവൈറ്റിൽ ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടിയെന്ന പരാതിയിൽ 1425 മലയാളികൾക്കെതിരെ അന്വേഷണം. ഗൾഫ് ബാങ്ക് കുവൈത്താണ് പരാതിയുമായി രംഗത്ത് വന്നത്. 50 ലക്ഷം മുതൽ 2 കോടി വരെയാണ് പലരും ലോണെടുത്തിട്ടുള്ളത്. സംഭവത്തിൽ എറണാകുളം, കോട്ടയം ജില്ലകളിലായി 10 കേസുകൾ രജിസ്റ്റ‍ർ ചെയ്തു.

കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്സുമാരായി ജോലി ചെയ്തിരുന്നവർക്കെതിരെയാണ് ഏറെയും പരാതി വന്നിട്ടുള്ളത്. ആരോപിക്കപ്പെട്ടവരിൽ എഴൂനൂറോളം പേർ നഴ്സുമാരാണ്. കുവൈത്ത് വിട്ട പലരും പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് ജോലിക്കായി പോയി. ഒരു മാസം മുൻപാണ് ഗൾഫിൽ നിന്ന് ബാങ്ക് തട്ടിപ്പ് സംബന്ധിച്ച വിവരം കേരള പോലീസിനെ അറിയിച്ചത്. തട്ടിപ്പ് നടത്തിയവരിൽ കുവൈത്തിലെ സർക്കാർ ഉദ്യോഗസ്ഥരായ മലയാളികളും ഉണ്ട്.

2020-22 കാലത്താണ് ബാങ്കിൽ തട്ടിപ്പ് നടന്നത്. ആദ്യം ബാങ്കിൽ നിന്ന് ചെറിയ തുക വായ്പയെടുത്ത് ഇത് കൃത്യമായി തിരിച്ചടച്ച് ക്രഡിറ്റ് സ്കോർ ഉയർത്തിയ ശേഷം പ്രതികൾ വലിയ തുക വായ്പയെടുത്ത് ഇവിടെ നിന്നും മുങ്ങുകയായിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് കുവൈത്ത് ബാങ്ക് അധികൃത‍ർ അന്വേഷണം തുടങ്ങിയത്. തട്ടിപ്പ് നടത്തിയവരിൽ കുറച്ചേറെ പേർ കേരളത്തിലെത്തിയെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ബാങ്ക് അധികൃതർ കേരളത്തിലെത്തി ഡിജിപിയെയും പിന്നീട് എഡിജിപിയെയും കണ്ടു. നവംബർ അഞ്ചിന് എഡിജിപി മനോജ് എബ്രഹാമിന് രേഖാമൂലം പരാതി നൽകുകയും ചെയ്തു. പ്രതികളുടെ വിലാസമടക്കമാണ് പരാതി നൽകിയത്. ആദ്യം തട്ടിപ്പ് നടത്തിയവർ വഴി പഴുത് മനസിലാക്കി കൂടുതൽ മലയാളികൾ ബാങ്കിനെ പറ്റിച്ചുവെന്നാണ് നിഗമനം.