2 April 2022 11:02 AM IST
Summary
ഡെല്‍ഹി: ഉപഭോക്താവിന്റെ അവകാശം ലംഘിക്കുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങളായാലും ശക്തമായി പോരാടണമെന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ നല്‍കുകയാണ് ബീഹാര്‍ സ്വദേശി ഇന്ദര്‍നാഥ് ഝാ. സ്‌ളീപ്പര്‍ കോച്ചില്‍ റിസര്‍വേഷന്‍ ഉണ്ടായിരുന്നിട്ടും അതിന് തുല്യമായ ബദല്‍ സംവിധാനം (ബെര്‍ത്ത്) റെയില്‍വേ തനിക്ക് നല്‍കിയില്ലെന്നും അധികൃതരുടെ ഭാഗത്ത് നിന്നും മോശം രീതിയില്‍ പ്രതികരണമുണ്ടായെന്നുമുള്ള ഇന്ദര്‍നാഥിന്റെ പരാതിയിലാണ് 14 വര്‍ഷത്തിന് ശേഷം തീര്‍പ്പുണ്ടായിരിക്കുന്നത്. ഇന്ദര്‍നാഥിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജറോട് ഡെല്‍ഹിയിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര […]
ഡെല്‍ഹി: ഉപഭോക്താവിന്റെ അവകാശം ലംഘിക്കുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങളായാലും ശക്തമായി പോരാടണമെന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ നല്‍കുകയാണ് ബീഹാര്‍ സ്വദേശി ഇന്ദര്‍നാഥ് ഝാ. സ്‌ളീപ്പര്‍ കോച്ചില്‍ റിസര്‍വേഷന്‍ ഉണ്ടായിരുന്നിട്ടും അതിന് തുല്യമായ ബദല്‍ സംവിധാനം (ബെര്‍ത്ത്) റെയില്‍വേ തനിക്ക് നല്‍കിയില്ലെന്നും അധികൃതരുടെ ഭാഗത്ത് നിന്നും മോശം രീതിയില്‍ പ്രതികരണമുണ്ടായെന്നുമുള്ള ഇന്ദര്‍നാഥിന്റെ പരാതിയിലാണ് 14 വര്‍ഷത്തിന് ശേഷം തീര്‍പ്പുണ്ടായിരിക്കുന്നത്. ഇന്ദര്‍നാഥിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജറോട് ഡെല്‍ഹിയിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.
2008 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ബീഹാറിലെ ദര്‍ഭംഗയില്‍ നിന്നും ഡെല്‍ഹിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനായി ഒരു മാസം മുന്‍പ് തന്നെ ഇന്ദര്‍നാഥ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. സ്‌ളീപ്പര്‍ ബെര്‍ത്ത് ആയിരുന്നു അദ്ദേഹം ബുക്ക് ചെയ്തത്. യാത്ര ചെയ്യേണ്ട ദിവസം റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് അധികൃതര്‍ ഈ ടിക്കറ്റ് മറ്റൊരാള്‍ക്ക് നല്‍കിയെന്ന് അറിഞ്ഞത്. ഇതോടെ ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനറെ (ടിടിഇ) നേരിട്ട് കണ്ട് ഇന്ദര്‍നാഥ് പരാതി നല്‍കി. അദ്ദേഹത്തിന്റെ സ്‌ളീപ്പര്‍ ക്ലാസ് ടിക്കറ്റ് എസിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ടിടിഇ അറിയിച്ചു. ഇത് പ്രകാരം അദ്ദേഹം എസി കംപാര്‍ട്ട്‌മെന്റില്‍ എത്തിയെങ്കിലും ഫലമുണ്ടായില്ല.
പകരം ഒരു സാധരാണ ബെര്‍ത്തോ സീറ്റോ പോലും റെയില്‍വേ അധികൃതര്‍ ഇന്ദര്‍നാഥിന് തരപ്പെടുത്തി കൊടുത്തില്ല. യാത്രയിലുടനീളം നിന്നു കൊണ്ട് സഞ്ചരിക്കേണ്ടി വന്നുവെന്നും മുതിര്‍ന്ന പൗരനെന്ന പരിഗണന പോലും നല്‍കിയില്ലെന്നും ഇന്ദര്‍നാഥ് പരാതിയില്‍ വ്യക്തമാക്കി. ദര്‍ഭംഗ മുതല്‍ ഡെല്‍ഹി വരെ ഏകദേശം 1,134 കിലോമീറ്റര്‍ ദൂരമുണ്ട്. പരാതിക്കാരന്‍ കൃത്യ സമയത്ത് സ്റ്റേഷനില്‍ എത്തിയില്ലെന്നും അഞ്ചു മണിക്കൂര്‍ വൈകി മറ്റൊരു സ്റ്റേഷനില്‍ നിന്നാണ് ട്രെയിനില്‍ കയറിയതെന്നും കമ്മീഷന്‍ മുന്‍പാകെ റെയില്‍വേ അധികൃതര്‍ പറഞ്ഞു.
എന്നാല്‍ സീറ്റ് മാറ്റി നല്‍കുന്നത് സംബന്ധിച്ച് ഇന്ദര്‍നാഥിനെ റെയില്‍വേ അധികൃതര്‍ കൃത്യമായ വിവരങ്ങള്‍ ധരിപ്പിച്ചില്ലെന്നും ഒരു മാസം മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്ത വ്യക്തിയോട് ഇത്തരത്തില്‍ പെരുമാറിയത് ഗുരുതര വീഴ്ച്ചയാണെന്നും ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് മോണിക്ക ശ്രീവാസ്തവ, രശ്മി ബന്‍സാല്‍, ഡോ രാജേന്ദര്‍ ഝാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. റെയില്‍വേ അപ്ഗ്രഡേഷന്‍ സ്‌കീം എന്ന സംവിധാനം തന്നെ ഇത്തരത്തില്‍ സീറ്റ് മാറ്റി നല്‍കാനുള്ളതാണ്. ഇവയെല്ലാം നിരീക്ഷിച്ചാല്‍ തന്നെ റെയില്‍വേയുടെ ഭാഗത്ത് നിന്നുമാണ് തെറ്റ് സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമാണെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.