image

8 April 2023 6:00 PM IST

News

വിപണി സജീവം; ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 11.45 കോടി കടന്നു

MyFin Desk

വിപണി സജീവം; ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 11.45 കോടി കടന്നു
X

Summary

ഒരു വർഷത്തിനിടയിൽ 27 ശതമാനം വർധന


വളരെയധികം സങ്കീർണമായ ഒരു വർഷമാണ് വിപണിയെ സംബന്ധിച്ച് കടന്നു പോയത്. കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്ക് വർധനവും, റഷ്യ യുക്രൈൻ യുദ്ധവും, പണപ്പെരുപ്പവും, ബാങ്കിങ് പ്രതിസന്ധിയും പോലുള്ള പല വിധത്തിലുള്ള പ്രതിസന്ധികൾ ഒന്നൊഴിയാതെ വന്നു കൊണ്ടിരുന്നത് വിപണി കൂടുതൽ അസ്ഥിരമായി കാണുന്നതിന് കാരണമായി. നിക്ഷേപകർക്ക് വലിയ തോതിലുള്ള നഷ്ടങ്ങൾ നേരിടേണ്ടി വന്നു.

ഇത്തരമൊരു സാഹചര്യത്തിലും വിപണിയിലെ നിക്ഷേപ സാധ്യതകളെ വിനിയോഗിക്കുന്നവരുടെ എണ്ണം വർധിക്കുന്നു എന്നാണ് ഡെപ്പോസിറ്ററികൾ പുറത്തു വിടുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. പുതിയതായി ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിലാണ് വർധനവുണ്ടായിട്ടുള്ളത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 25 ദശലക്ഷത്തിലുമധികമായി. അതായത് പ്രതി മാസം ഏകദേശം 2 ദശലക്ഷത്തിലധികം പുതിയ ഡീമാറ്റ് അക്കൗണ്ടുകളാണ് ഡെപ്പോസിറ്ററികളിൽ രജിസ്റ്റർ ചെയ്തതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ പ്രധാന ഡെപ്പോസിറ്ററികളായ സെൻട്രൽ ഡെപ്പോസിറ്ററി സർവീസ് (സിഡിഎസ് എൽ ), നാഷണൽ സെക്യുരിറ്റീസ് ഡെപ്പോസിറ്ററി (എൻഎസ് ഡിഎൽ ) എന്നിവയിൽ രജിസ്റ്റർ ചെയ്ത ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 27 ശതമാനം വർധിച്ച് 89.7 ദശലക്ഷത്തിൽ നിന്നും ഉയർന്ന് 114.46 ദശലക്ഷമായി.

എന്നാൽ വിപണിയിൽ പ്രാരംഭ ഓഹരി വിൽപനക്കായി എത്തുന്ന കമ്പനികളുടെ എണ്ണത്തിൽ ഇടിവ് വന്നു.

2022 സാമ്പത്തിക വർഷത്തിൽ 53 കമ്പനികൾ ചേർന്ന് പ്രാരംഭ ഓഹരി വില്പനയിലൂടെ 1.11 ട്രില്യൺ രൂപ സമാഹരിച്ചപ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 37 കമ്പനികൾ മാത്രമാണ് ഐ പി ഒയ്ക്കായി എത്തിയത്. ഈ കമ്പനികൾ എല്ലാം ചേർന്ന് ആകെ 52,115 കോടി രൂപയാണ് സമാഹരിച്ചത്.

വിപണിയിൽ തുടരുന്ന ചാഞ്ചാട്ടം പുതിയതായി വരുന്ന നിക്ഷേപകരെ ബാധിക്കുകയില്ലെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.