image

13 July 2025 10:48 AM IST

News

താരിഫ് യുദ്ധം തുടർന്ന് ട്രംപ്; യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കും 30% താരിഫ്

MyFin Desk

retaliatory tariffs from august 1, global markets fall
X

യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കും അധിക തീരുവ ചുമത്തി അമേരിക്കൻ പ്രസിഡ‍ൻ്റ് ഡോണൾഡ് ട്രംപ്. വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രസിഡന്റിന്റെ പുതിയ തീരുമാനം. 30 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്. ഇറക്കുമതി തീരുവയിലെ വർധന ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഏതെങ്കിലും വ്യാപാര പങ്കാളികൾ അമേരിക്കയ്ക്കെതിരെ പകരം ഇറക്കുമതി തീരുവ ചുമത്തിയാൽ തിരിച്ചടി ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തന്റെ ഔദ്യോ​ഗിക ട്രൂത്ത് പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. തീരുമാനം നടപ്പിലാക്കാൻ ഇനിയും ദിവസങ്ങൾ ഉണ്ടെന്നും അതിന് മുൻപ് വ്യാപാര കരാറുകളിൽ ചർച്ചകൾ തുടർന്നാൽ മെക്സിക്കോയ്ക്കും യൂറോപ്യൻ യൂണിയനും അത് ഗുണം ​ചെയ്യുമെന്നും ട്രംപ് ട്രൂത്ത് പോസ്റ്റിൽ കുറിച്ചു.

ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിൽ പ്രതികരണവുമായി യൂറോപ്യൻ യൂണിയനും മെക്സിക്കോയും രം​ഗത്തെത്തിയിട്ടുണ്ട്. താരിഫുകൾ അന്യായവും വിനാശകരവുമാണെന്നായിരുന്നു പ്രതികരണം. അമേരിക്കയുമായി ഒരു കരാറിലെത്താൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോം പറഞ്ഞു. ഏത് പ്രശ്‌നത്തെയും ​ശാന്തതയോടെ നേരിടണമെന്നാണ് താൻ എപ്പോഴും വിശ്വസിക്കുന്നതെന്നും മെക്സിക്കൻ പ്രസിഡൻ്റ് പറഞ്ഞു.