image

12 Aug 2025 10:22 AM IST

News

താരിഫ്; ചൈനക്കുമുമ്പില്‍ മുട്ടുകുത്തി ട്രംപ്

MyFin Desk

താരിഫ്; ചൈനക്കുമുമ്പില്‍ മുട്ടുകുത്തി ട്രംപ്
X

Summary

താരിഫ് നടപ്പാക്കുന്നത് 90 ദിവസത്തേക്ക്കൂടി നീട്ടിവെച്ചു


താരിഫ് വിഷയത്തില്‍ ചൈനയുടെ മുമ്പില്‍ മുട്ടുമടക്കി യുഎസ്. താരിഫ് സംബന്ധിച്ച് ഇരു രാജ്യങ്ങളും കരാറിലെത്താത്ത സാഹചര്യത്തില്‍ തീരുവ ഈടാക്കുന്നത് ട്രംപ് 90 ദിവസത്തേക്ക് കൂടി നീട്ടിവെച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള അപകടകരമായ ഏറ്റുമുട്ടല്‍ തല്‍ക്കാലം വൈകി.

ഇത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് യുഎസ് പ്രസിഡന്റ് ഒപ്പുവെച്ചതായി ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ അറിയിച്ചു. 'കരാറിന്റെ മറ്റെല്ലാ ഘടകങ്ങളും അതേപടി തുടരുമെന്നും' ട്രംപ് പറഞ്ഞു.

ചൈനക്ക് അനുവദിച്ച സമയ പരിധി ചൊവ്വാഴ്ച പുലര്‍ച്ചെ 12.01 ന് അവസാനിക്കേണ്ടതായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍, യുഎസിന് ചൈനീസ് ഇറക്കുമതിയുടെ നികുതി ഇതിനകം തന്നെ ഉയര്‍ന്ന 30 ശതമാനത്തില്‍ നിന്ന് വര്‍ദ്ധിപ്പിക്കാമായിരുന്നു. എന്നാല്‍ ചൈനീസ് തിരിച്ചടി യുഎസ് ഏറ്റുവാങ്ങിയാല്‍ നിലവിലെ സാമ്പത്തിക സാഹചര്യങ്ങളില്‍ യുഎസിന് അത് കനത്ത തിരിച്ചടിയാകും. ഈ തിരിച്ചറിവാണ് റഷ്യന്‍ എണ്ണ ഇറക്കുമതി നടത്തുന്ന ബെയ്ജിംഗിനെ അധിക താരിഫില്‍നിന്നും ഒഴിവാക്കാന്‍ ട്രംപ് നിര്‍ബന്ധിതനായത്.

നിലിവില്‍ ലഭിക്കുന്ന 90 ദിവസത്തെ ഇടവേള ഇരു രാജ്യങ്ങള്‍ക്കും അവരുടെ ചില അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് സമയം നല്‍കുന്നു. ഒരുപക്ഷേ ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള ഈ വര്‍ഷാവസാനം ഒരു ഉച്ചകോടിക്ക് വഴിയൊരുക്കിയേക്കാം. ചൈനയുമായി ബിസിനസ്സ് നടത്തുന്ന യുഎസ് കമ്പനികള്‍ ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

'ഈ വിപുലീകരണം രണ്ട് സര്‍ക്കാരുകള്‍ക്കും ഒരു വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യാന്‍ സമയം നല്‍കുന്നതിന് 'നിര്‍ണ്ണായകമാണ്', യുഎസ്-ചൈന ബിസിനസ് കൗണ്‍സില്‍ പ്രസിഡന്റ് ഷോണ്‍ സ്റ്റീന്‍ പറഞ്ഞു. ഇതുവഴി യുഎസ് ബിസിനസുകള്‍ ചൈനയില്‍ അവരുടെ വിപണി പ്രവേശനം മെച്ചപ്പെടുത്താന്‍ സാധ്യതയേറെയാണ്.

യുഎസ് നടപടി ഇന്ത്യക്ക് ഫലത്തില്‍ ദോഷകരമാകുകയും ചെയ്യും. ചൈന പ്ലസ് വണ്‍ പോളിസിയുടെ തണലില്‍ മുന്നേറുന്ന ഇന്ത്യക്ക് തിരിച്ചടി നല്‍കുകകൂടിയാണ് ട്രംപ് ഈ നടപടിയിലൂടെ ചെയ്യുന്നത്.

ഭൂമിയിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ഇരട്ട അക്ക നികുതികള്‍ - താരിഫുകള്‍ - ഏര്‍പ്പെടുത്തി ആഗോള വ്യാപാര വ്യവസ്ഥയെ ഇതിനകം തന്നെ തകര്‍ത്ത ട്രംപിന് ചൈനയുമായി ഒരു കരാറിലെത്തുക എന്നത് ഇപ്പോഴും പൂര്‍ത്തിയാകാത്ത കാര്യമാണ്.

യൂറോപ്യന്‍ യൂണിയനും ജപ്പാനും മറ്റ് വ്യാപാര പങ്കാളികളും ട്രംപുമായി ഒരു തരത്തിലും യോജിക്കാത്ത വ്യാപാര കരാറുകളിലാണ് ഒപ്പുവെച്ചിട്ടുള്ളത്. എന്നാല്‍ ഇന്ത്യ ഇത്തരത്തിലൊരു കരാറിന് തയ്യാറായിട്ടില്ല.

കൂടുതല്‍ മോശമായ എന്തെങ്കിലും ഒഴിവാക്കുന്നതിനായി ഒരിക്കല്‍ ചിന്തിക്കാന്‍ പോലും കഴിയാത്തവിധം യുഎസ് ഉയര്‍ന്ന താരിഫുകള്‍ (ഉദാഹരണത്തിന് ജാപ്പനീസ്, യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതികള്‍ക്ക് 15 ശതമാനം) അംഗീകരിച്ചു.എന്നാല്‍ യുഎസ് വ്യാപാര നയത്തിന്റെ പരിധി ചൈന പരീക്ഷിച്ചു. ബെയ്ജിംഗിന് സ്വന്തമായി ഒരു കവചമുണ്ടായിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ മുതല്‍ ജെറ്റ് എഞ്ചിനുകള്‍ വരെ ഉപയോഗിക്കുന്ന അപൂര്‍വ എര്‍ത്ത് ധാതുക്കളിലേക്കും കാന്തങ്ങളിലേക്കുമുള്ള പ്രവേശനം വെട്ടിക്കുറയ്ക്കുകയോ മന്ദഗതിയിലാക്കുകയോ ചെയ്യുക. ഇത് യുഎസിന് താങ്ങാനാവുമായിരുന്നില്ല.

ജൂണില്‍, സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി ഇരു രാജ്യങ്ങളും ഒരു കരാറില്‍ എത്തി. കമ്പ്യൂട്ടര്‍ ചിപ്പ് സാങ്കേതികവിദ്യയ്ക്കും പെട്രോകെമിക്കല്‍ ഉല്‍പാദനത്തിലെ ഫീഡ്സ്റ്റോക്കായ ഈഥേനിനും മേലുള്ള കയറ്റുമതി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന് അമേരിക്ക പറഞ്ഞു. തുടര്‍ന്ന് യുഎസ് സ്ഥാപനങ്ങള്‍ക്ക് അപൂര്‍വ എര്‍ത്ത് നിക്ഷേപങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ചൈന സമ്മതിച്ചു.

പരസ്പരം വേദനപ്പിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിയുമെന്ന തിരിച്ചറിവ് ഇപ്പോള്‍ ചൈനയ്ക്കും യുഎസിനുമുണ്ട്. ചൈനയുടെ കാര്യത്തില്‍ റഷ്യന്‍ എണ്ണയെ ഒഴിവാക്കുന്ന ട്രംപ് ഇന്ത്യക്ക് ഈ പേരില്‍ 25 ശതമാനം അധികതാരിഫാണ് ചുമത്തിയിരിക്കുന്നത്. ഇത് ഇന്ത്യയുടെ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാകുന്നതിന് കാരണമായേക്കും.