21 May 2023 7:00 PM IST
Summary
- ഓഡിറ്റിന് ശേഷമേ അന്തിമ കണക്ക് വ്യക്തമാകൂ
- ആഭ്യന്തര വ്യോമഗതാഗതത്തിൽ ഉയർന്ന വളർച്ച
ന്യൂഡൽഹി: ആഭ്യന്തര വിമാന ഗതാഗതം കുതിച്ചുയരുന്നതിനാൽ, മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 3,400 കോടി രൂപ ലാഭം നേടി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). ഇതൊരു താൽക്കാലിക കണക്കാണ്, സാമ്പത്തിക ഫലങ്ങളുടെ ഓഡിറ്റിന് ശേഷമേ അന്തിമ കണക്ക് വ്യക്തമാകൂ.
എയർ ട്രാഫിക്കിനെയും വ്യോമയാന മേഖലയെയും മൊത്തത്തിൽ സാരമായി ബാധിച്ച കൊറോണ വൈറസ് പാൻഡെമിക്കിന് ശേഷം എഎഐ ആദ്യമായിട്ടാണ് ലാഭം റിപ്പോർട്ട് ചെയ്യുന്നത്.
2021-22, 2020-21 സാമ്പത്തിക വർഷങ്ങളിൽ എയർപോർട്ട് അതോറിറ്റി നഷ്ടതിലായിരുന്നു.
2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ നഷ്ടം 803.72 കോടി രൂപയായിരുന്നെങ്കിൽ, 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇത് 3,176.12 കോടി രൂപയായി.
ആഭ്യന്തര വ്യോമഗതാഗതത്തിലെ ഉയർന്ന വളർച്ചയാണ് മികച്ച പ്രകടനത്തിന് കാരണമെന്നും വൃത്തങ്ങൾ പറഞ്ഞു.
2022ൽ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 47.05 ശതമാനം വർധിച്ച് 12.32 കോടിയിലെത്തി. അതിനു മുൻപുള്ള വര്ഷം ഇത് 8.38 കോടിയായിരുന്നു.
കൂടാതെ, ഔദ്യോഗിക കണക്കുകൾ പ്രകാരം, ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം 51.70 ശതമാനം ഉയർന്ന് 3.75 കോടിയിലെത്തി.
ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ഇത് 2.47 കോടിയായിരുന്നു.
2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ സർക്കാർ നിർബന്ധിത ഡിവിഡന്റ് പേയ്‌മെന്റ് ആവശ്യകത ഒഴിവാക്കിയിരുന്നു. 2022 ജനുവരിയിൽ ടാറ്റ ഗ്രൂപ്പിന് എയർ ഇന്ത്യ സർക്കാർ വിൽക്കുന്നതിന് മുൻപ് തന്നെ ലാഭവിഹിതത്തിൽ നിന്ന് ഒഴിവാക്കുന്നതിന് എഎഐ ആവശ്യപ്പെട്ടിരുന്നു.
24 രാജ്യാന്തര വിമാനത്താവളങ്ങളും 80 ആഭ്യന്തര വിമാനത്താവളങ്ങളും ഉൾപ്പെടെ 137 വിമാനത്താവളങ്ങൾ എഎഐ കൈകാര്യം ചെയ്യുന്നു. കൂടാതെ, ഇത് മുഴുവൻ ഇന്ത്യൻ വ്യോമാതിർത്തിയിലും സമീപമുള്ള സമുദ്ര മേഖലകളിലും എയർ ട്രാഫിക് മാനേജ്‌മെന്റ് സേവനങ്ങളും (എടിഎംഎസ്) നൽകുന്നു.