12 April 2024 6:03 PM IST
Summary
- ഡ്രൈവര്‍ ജോലിക്കായി സൗദിയിലെത്തിയതാണ് കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം
- ഏപ്രില്‍ 16ന് അബ്ദുല്‍ റഹീമിന്റെ വധശിക്ഷ നടപ്പിലാക്കുമെന്നാണു സൗദി അറേബ്യ അറിയിച്ചിരുന്നത്
- തുക സമാഹരിക്കാനായി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ തിരുവനന്തപുരം മുതല്‍ കാസര്‍കകോട് വരെ യാചകയാത്ര ആരംഭിക്കുകയും സ്വന്തം അക്കൗണ്ടില്‍ നിന്ന് 1 കോടി രൂപ സംഭാവന നല്‍കുകയും ചെയ്തു
സൗദി ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിന് വഴി തെളിയുന്നു. റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ (15 മില്യന്‍ റിയാല്‍) സമാഹരിച്ചതോടെയാണ് മോചനം സാധ്യമാകുന്നത്.
ഏപ്രില്‍ 16ന് അബ്ദുല്‍ റഹീമിന്റെ വധശിക്ഷ നടപ്പിലാക്കുമെന്നാണു സൗദി അറേബ്യ അറിയിച്ചിരുന്നത്. അതിനു മുന്‍പ് ബ്ലഡ് മണിയായി 34 കോടി രൂപ നല്‍കിയാല്‍ മോചനം സാധ്യമാകുമെന്ന് അറിയിച്ചിരുന്നു.
തുടര്‍ന്ന് പ്രവാസി സമൂഹം, വിവിധ സംഘടനകള്‍ എന്നിവര്‍ ചേര്‍ന്ന് ജനകീയ സമിതിക്ക് രൂപം നല്‍കി. തുക സമാഹരിക്കാനായി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ തിരുവനന്തപുരം മുതല്‍ കാസര്‍കകോട് വരെ യാചകയാത്ര ആരംഭിക്കുകയും സ്വന്തം അക്കൗണ്ടില്‍ നിന്ന് 1 കോടി രൂപ സംഭാവന നല്‍കുകയും ചെയ്തു. ഒടുവില്‍ ധനസമാഹരണ യജ്ഞം വിജയം കാണുകയായിരുന്നു.
ഡ്രൈവര്‍ ജോലിക്കായി സൗദിയിലെത്തിയതാണ് കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം. 2006-ഡിസംബറില്‍ അനസ് എന്ന ബാലന്‍ മരിച്ചു.
റഹീമിന്റെ തന്നെ സ്‌പോണ്‍സറായ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ശഹ്രിയുടെ മകനാണ് അനസ്.
ചലനശേഷിയില്ലാത്ത അനസിന്റെ മരണത്തിന് അബ്ദുല്‍ റഹീം കാരണമായെന്നു കണ്ടെത്തിയാണു സൗദി കോടതി വധശിക്ഷ വിധിച്ചത്. അനസുമായി വാഹനത്തില്‍ ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് പോകും വഴി ഒരു ചെറിയ വാക്ക് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് അനസിന്റെ കഴുത്തില്‍ റഹീമിന്റെ കൈ തട്ടുകയും ചെയ്തപ്പോഴാണ് മരണം സംഭവിച്ചത്.