13 Jun 2025 1:58 PM IST
എയര്‍ ഇന്ത്യാ വിമാന അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ എട്ടരയോടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മോദി റോഡ് മാര്‍ഗം വിമാനം അപകടം നടന്ന മേഘാനി നഗറിലെത്തി. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിശ്വാസിനെയും മോദി സന്ദര്‍ശിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെയും മോദി കാണും. അതിനുശേഷം സുരക്ഷാക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള ഉന്നതതലയോഗം ചേരും.
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 242 യാത്രക്കാരും ജീവനക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ 265 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ദുരന്തത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു. വിമാനത്തില്‍ 232 യാത്രക്കാരും 10 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസുകാരും ഒരു കനേഡിയനും ഉള്‍പ്പെടുന്നു. ഹോസ്റ്റല്‍ സമുച്ചയത്തില്‍ മരിച്ചവരില്‍ നാല് എംബിബിഎസ് വിദ്യാര്‍ഥികളും ഒരു ഡോക്ടറുടെ ഭാര്യയുമുണ്ട്.