16 Aug 2025 9:56 AM IST
Summary
റഷ്യന്‍ എണ്ണ വിഷയത്തില്‍ ട്രംപ് കടുത്ത നടപടിയില്‍നിന്ന് പിന്‍മാറാന്‍ സാധ്യത
ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാനോ താല്‍ക്കാലികമായി നിര്‍ത്താനോ ഉള്ള ഒരു കരാറും ഇല്ലാതെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള അലാസ്‌ക ഉച്ചകോടി അവസാനിച്ചു. ഇപ്പോള്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ് സംഘര്‍ഷം.
അലാസ്‌കയിലെ ആങ്കറേജില്‍ നടന്ന ഉച്ചകോടിക്ക് ശേഷം, ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായതായി ട്രംപ് പറഞ്ഞു. എന്നാല്‍ ഉക്രെയ്‌നിലെ യുദ്ധത്തെ കേന്ദ്രീകരിച്ച് നടന്ന ഉച്ചകോടിക്ക് ശേഷം അന്തിമ കരാറില്‍ എത്തിയില്ല.
കൂടിക്കാഴ്ചയ്ക്ക് ശേഷം ഉക്രെയ്‌നിനെക്കുറിച്ച് താനും ട്രംപും ഒരു 'ധാരണയില്‍' എത്തിയതായി റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. അദ്ദേഹം ആ കൂടിക്കാഴ്ചയെ 'പരിഹാരത്തിനുള്ള ആരംഭ പോയിന്റ്' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ഒരു കരാറിന്റെ അടുത്തെത്തിയതായി ട്രംപ് ഉച്ചകോടിക്കുശേഷം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇക്കാരിയത്തില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ അഭിപ്രായം പ്രധാനമാണ്.
പുടിനുമായി നടന്ന ചര്‍ച്ച മികച്ചതായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. അതിനാല്‍ എണ്ണ വിഷയത്തില്‍ യുഎസ് നിലപാടില്‍ അയവ് വരുത്തിയേക്കും. ഇത് ഇന്ത്യക്ക് അനുകൂലമായ കാര്യമാണ്. ഇന്ത്യയുടെ വര്‍ധിപ്പിച്ച താരിഫ് യുഎസ് കുറയ്ക്കാനുള്ള സാധ്യതയും നിലിവിലുണ്ട്.
ട്രംപിനും പുടിനും ഒപ്പം ഉന്നത സഹായികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് എന്നിവരോടൊപ്പം പങ്കെടുത്തു.
അസാധാരണമായ ഊഷ്മളമായ സ്വീകരണത്തോടെയാണ് യോഗം ആരംഭിച്ചത്. എല്‍മെന്‍ഡോര്‍ഫ്-റിച്ചാര്‍ഡ്സണിലെ ജോയിന്റ് ബേസില്‍ പുടിനായി ചുവന്ന പരവതാനി വിരിച്ചു , ട്രംപ് അദ്ദേഹത്തെ ഹസ്തദാനം ചെയ്തും പുഞ്ചിരിച്ചും സ്വീകരിച്ചു.
ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയേയും യൂറോപ്യന്‍ നേതാക്കളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. ഉക്രെയ്നിനെ പിന്തുണയ്ക്കുന്ന ഉറച്ച യുഎസ് നിലപാട് പ്രതീക്ഷിക്കുന്നതായി സെലെന്‍സ്‌കി പിന്നീട് അഭിപ്രായപ്പെട്ടു.