Summary
- കേരളത്തിലെ മൊത്തം വായ്പ 5,53,591.51 കോടി രൂപ
- നിഷ്‌ക്രിയ ആസ്തി 24,037.63 കോടി രൂപ
കൊച്ചി: കേരളത്തില്‍ 2023 ജൂണ്‍ 30 വരെ വിതരണം ചെയ്ത മുദ്ര വായ്പകളില്‍ 12 ശതമാനത്തോളം നിഷ്‌ക്രിയ ആസ്തികളായി തുടരുന്നു.
സംസ്ഥാനത്തെ ബാങ്കിംഗ് സംവിധാനത്തില്‍ നിന്നും ലഭ്യമായ ഔദ്യോഗിക കണക്കുകള്‍ പ്രകാര ഈ സാമ്പത്തിക വര്ഷം ജൂണ്‍ അവസാനം വരെയുള്ള കിട്ടാക്കടം 4.34 ശതമാനമാണ്.
ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തിലെ മൊത്തം വായ്പ 5,53,591.51 കോടി രൂപയാണ്. നിഷ്‌ക്രിയ ആസ്തി 24,037.63 കോടി രൂപയായും ഈ കാലയളവില്‍ ഉയര്‍ന്നു.
എന്നാല്‍, മുദ്ര വായ്പകളിലെ കിട്ടാക്കടം ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ചിത്രമാണ്. വാസ്തവത്തില്‍ പൊതുമേഖല ബാങ്കുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്ത മുദ്ര വായ്പകളാണ് ഈ മോശം അവസ്ഥയ്ക്കുള്ള പ്രധാന കാരണം.
പൊതുമേഖല ബാങ്കുകള്‍
പൊതുമേഖല ബാങ്കുകള്‍ ഈ വര്‍ഷം ജൂണ്‍ 30 വരെ വിതരണം ചെയ്ത മുദ്ര വായ്പകള്‍ 6060.47 കോടി രൂപയാണ്. അത്തരം വായ്പകളില്‍ 1,107.96 കോടി രൂപയോളം കിട്ടാക്കടമായി മാറി. ഇതോടെ കിട്ടാക്കടങ്ങളുടെ നിരക്ക് 18.28 ശതമാനമായി ഉയരുകയും ചെയ്തു.
മറ്റ് പൊതുമേഖല ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരള ഗ്രാമീണ്‍ ബാങ്കിന്റെ മുദ്ര വായ്പകളിലെ കിട്ടാക്കടം 2023 ജൂണ്‍ അവസാനത്തോടെ 8.25 ശതമാനം കുറവാണ്. ഇത് 2400.80 കോടി രൂപയോളം വരും.
സ്വകാര്യ മേഖല ബാങ്കുകള്‍
പൊതുമേഖല ബാങ്കുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്തതുപോലെ സജീവമായി മുദ്ര വായ്പകള്‍ വിതരണം ചെയ്യാന്‍ സ്വകാര്യ ബാങ്കുകള്‍ മുന്നിട്ടിറങ്ങിയിട്ടില്ല എന്നതാണ് വസ്തുത.
മൊത്തം 1,796.35 കോടി രൂപയുടെ മുദ്ര വായ്പകളില്‍ 141.96 കോടി രൂപ മാത്രമാണ് നിഷ്‌ക്രിയ ആസ്തിയായി മാറിയത്. ഇത് വെറും 7.90 ശതമാനം മാത്രമാണ്. ഇത് പൊതുമേഖല ബാങ്കുകള്‍ മുദ്ര വായ്പാ വിഭാഗത്തിലെ നിഷ്‌ക്രിയ ആസ്തികളായി കണക്കാക്കിയതിന്റെ പകുതിയില്‍ താഴെയാണ് ഇത്.
കേരളത്തിലെ 20 സ്വകാര്യ മേഖല ബാങ്കുകളില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് (523.18 കോടി രൂപ), ഫെഡറല്‍ ബാങ്ക് (246.36 കോടി രൂപ), ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് (270.33 കോടി രൂപ), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (340.75 കോടി രൂപ) എന്നിവയാണ് പ്രധാനമായും മികച്ച രീതിയില്‍ മുദ്ര വായ്പകള്‍ വിതരണം ചെയ്തിരിക്കുന്നത്.