image

14 Sept 2025 4:45 PM IST

News

ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ റാലി അക്രമാസക്തമായി

MyFin Desk

ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ റാലി അക്രമാസക്തമായി
X

Summary

പ്രതിഷേധത്തില്‍ പങ്കെടുത്തത് ഒന്നരലക്ഷത്തോളം പേര്‍


ലണ്ടനില്‍ തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിന്‍സണ്‍ സംഘടിപ്പിച്ച കുടിയേറ്റ വിരുദ്ധ റാലി അക്രമാസക്തമായി. ഏറ്റുമുട്ടലില്‍ ഇരുപത്തിയാറ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. റാലിയില്‍ ഒന്നരലക്ഷത്തോളം പേരാണ് പങ്കെടുത്തത്.

ചെറിയ ബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടക്കുന്ന കുടിയേറ്റക്കാരെക്കുറിച്ച്, യുകെയില്‍ ചര്‍ച്ചകള്‍ വര്‍ദ്ധിച്ചുവരുന്ന ഒരു കാലഘട്ടത്തിനിടയിലാണ് റാലി സംഘടിപ്പിച്ചത്. ''ബോട്ടുകള്‍ നിര്‍ത്തുക,'' ''അവരെ വീട്ടിലേക്ക് അയയ്ക്കുക,'' തുടങ്ങിയ എഴുത്തുകളുള്ള ബാനറുകള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി.

യൂറോപ്പിലെയും വടക്കന്‍ അമേരിക്കയിലെയും ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

വീഡിയോ ലിങ്ക് വഴി പ്രതിഷേധത്തിന്റെ ഭാഗമായ ടെസ്ല സിഇഒ എലോണ്‍ മസ്‌ക് ജനക്കൂട്ടത്തോട് പറഞ്ഞു, 'നിങ്ങള്‍ അക്രമം തിരഞ്ഞെടുത്താലും ഇല്ലെങ്കിലും, അക്രമം നിങ്ങളെ തേടിയെത്തും. നിങ്ങള്‍ ഒന്നുകില്‍ തിരിച്ചടിക്കുക അല്ലെങ്കില്‍ മരിക്കുക, അതാണ് സത്യം എന്ന് ഞാന്‍ കരുതുന്നു.' കെയര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിനെ പിരിച്ചുവിടാനും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് കുടിയേറ്റ വിരുദ്ധ വികാരം ഉയര്‍ന്ന് വരികയും ബ്രക്‌സിറ്റ് അനുകൂലിയായ നിഗല്‍ ഫാരേഗിന്റെ വലതുപക്ഷ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിഷേധം ഉണ്ടായിരിക്കുന്നത്. സാമ്പത്തികമായും, സാംസ്‌കാരികമായും, സാമൂഹികമായും ബ്രിട്ടനെ തിരിച്ചുപിടിക്കുക എന്നതായിരുന്നു പ്രതിഷേധക്കാരുടെ ഇടയില്‍ പ്രബലമായ വികാരം.

എന്നാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ മാര്‍ച്ചിനെക്കുറിച്ച് അഭിപ്രായം പറഞ്ഞില്ല. റാലി അക്രമാസക്തമായപ്പോള്‍ സ്റ്റാര്‍മറും മകനും പ്രീമിയര്‍ ലീഗ് മത്സരം കാണാനിറങ്ങിയത് വിവാദമായിട്ടുണ്ട്.