24 Jun 2025 3:43 PM IST
Summary
ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങളാണ് സേന വാങ്ങുക
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ പുതിയ കരാറുമായി പ്രതിരോധ മന്ത്രാലയം. ഡ്രോണ്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ വാങ്ങാന്‍ രണ്ടായിരം കോടി രൂപയുടെ അടിയന്തര ആയുധ സംഭരണ കരാറിനാണ് അനുമതി.
13 കരാറുകളിലൂടെ അത്യാധുനിക സംവിധാനങ്ങള്‍ സേനയുടെ ഭാഗമാകും. പാക് അതിര്‍ത്തിയിലടക്കം പ്രതിരോധസംവിധാനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കാനാണ് പ്രതിരോധമന്ത്രാലയം പുതിയ കരാറിലേക്ക് എത്തുന്നത്.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരായ നടപടികള്‍ കടുപ്പിക്കുന്നതിനാണ് ഊന്നല്‍. ഡ്രോണുകളെ പ്രതിരോധിക്കാനും സൈനികരുടെ സുരക്ഷയും ആക്രമണശേഷിയും വര്‍ധിപ്പിക്കാനുള്ള പ്രതിരോധ ഇടപാടാണിത്. കേന്ദ്രീകൃത ഡ്രോണ്‍ സംവിധാനം, വ്യോമ ആക്രമണ പ്രതിരോധ സംവിധാനം, വിദൂര നിയന്ത്രിത നിരീക്ഷണ ഡ്രോണുകള്‍, കവചിത വാഹനങ്ങള്‍, തോക്കുകളില്‍ ഘടിപ്പിക്കാവുന്ന രാത്രിയിലും കാഴ്ച നല്‍കുന്ന നൈറ്റ് സൈറ്റ് സംവിധാനം എന്നിവയാണ് അടിയന്തരമായി വാങ്ങുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം അതിര്‍ത്തി മേഖലയിലെ പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് വിശദമായ വിലയിരുത്തല്‍ സേനകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംവിധാനങ്ങള്‍ക്കായുള്ള കരാര്‍.