image

30 Nov 2023 5:46 PM IST

News

പണമിടപാടുകള്‍ക്കായി പബ്ലിക് വൈഫൈ ഉപയോഗിക്കാതിരിക്കുക; മുന്നറിയിപ്പുമായി പോലീസ്

MyFin Desk

avoid using public wi-fi for transactions, police with warning
X

Summary

  • ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും
  • സുരക്ഷിതമല്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ അക്കൗണ്ടുകള്‍ എടുക്കുകയോ ചെയ്യരുത്


പൊതുസ്ഥലങ്ങളിലെ ഹോട്ട്‌സ്‌പോട്ട് സംവിധാനം ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുമ്പോള്‍ പരമാവധി ശ്രദ്ധ പുലര്‍ത്തണമെന്ന് കേരള പോലീസ്. പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്‌സ്‌പോട്ടുകള്‍ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. സൗജന്യ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് മൊബൈല്‍ ഫോണ്‍ ബന്ധിപ്പിച്ച് യു.പി.ഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കുമ്പോള്‍ പാസ് വേഡും യു.പി.ഐ ഐഡിയും ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പബ്ലിക് വൈ ഫൈ മുഖേന ചോരാന്‍ സാദ്ധ്യതയേറെയാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകള്‍, ഫോട്ടോകള്‍, ഫോണ്‍ നമ്പരുകള്‍, ലോഗിന്‍ വിവരങ്ങള്‍ എന്നിവയും ചോര്‍ത്തിയെടുക്കാന്‍ ഹാക്കര്‍മാര്‍ക്ക് ഇതിലൂടെ കഴിയും. പൊതു ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ അക്കൗണ്ടുകള്‍ എടുക്കുകയോ പണമിടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്നും പോലീസ് പറഞ്ഞു.

ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി പണം നഷ്ടപ്പെടുകയോ മറ്റ് സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതി റജിസ്റ്റര്‍ ചെയ്യാം. ഒരു മണിക്കൂറിനകം വിവരം 1930 ല്‍ അറിയിച്ചാല്‍ പൊലീസിന് പണം തിരിച്ചുപിടിക്കാന്‍ എളുപ്പത്തില്‍ കഴിയും.