image

28 Nov 2022 3:02 PM IST

Banking

പലിശ കുതിച്ചുയരുന്നു, വായ്പയും: നിരക്ക് വര്‍ധന ലോണുകളില്‍ പ്രതിഫലിക്കുന്നില്ലെന്ന് ഫിച്ച്

MyFin Desk

പലിശ കുതിച്ചുയരുന്നു, വായ്പയും: നിരക്ക് വര്‍ധന ലോണുകളില്‍ പ്രതിഫലിക്കുന്നില്ലെന്ന് ഫിച്ച്
X


പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പലിശ നിരക്ക് വര്‍ധിപ്പിച്ചുവെങ്കിലും നടപ്പു സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ക്ക് ശക്തമായ വായ്പ വളര്‍ച്ചയാണ് ഉണ്ടായതെന്ന് ഫിച്ച് റേറ്റിംഗ്സ് പറഞ്ഞു. വായ്പ വളര്‍ച്ച അറ്റാദായത്തിനു ഗുണം ചെയ്യും. വായ്പ വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 11.5 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കു ശേഷം സാമ്പത്തിക നില സാധാരണഗതിയിലായതും, ജിഡിപി വളര്‍ച്ച ഉയര്‍ന്നതും വായ്പ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനു സഹായിച്ചിട്ടുണ്ട്. ഇത് റീട്ടെയില്‍, പ്രവര്‍ത്തന മൂലധന വായ്പകളുടെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7 ശതമാനമാകുമെന്ന് ഫിച്ച് കണക്കാക്കുന്നു. പലിശ നിരക്കുയര്‍ത്തിയിട്ടും, വായ്പ നല്‍കുന്നതിനായി ബാങ്കുകള്‍ മൂലധന സമാഹരണം നടത്തുന്നുവെന്ന് ഫിച്ച് പറയുന്നു. മൂലധനം സമാഹരിക്കുന്നതില്‍ സ്റ്റേറ്റ് ബാങ്കുകളേക്കാള്‍ സ്വകാര്യ ബാങ്കുകളാണ് മുന്നില്‍ എന്നും ഫിച്ച് പറയുന്നു.

നിക്ഷേപങ്ങള്‍ക്ക് ഭാവിയില്‍ കടുത്ത മത്സരം ഉണ്ടാകുമെന്നും ഫിച്ച് കണക്കാക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷവും അടുത്ത വര്‍ഷത്തിലുമായി നിക്ഷേപം 11 ശതമാനമായി വളരുമെന്നാണ് ഫിച്ച് പ്രതീക്ഷിക്കുന്നത്. ഇത് വായ്പ വളര്‍ച്ചയേക്കാള്‍ പതുക്കെയായിരിക്കും. നിക്ഷേപ നിരക്ക് വര്‍ധിക്കുന്നത് ബാങ്കുകളുടെ മാര്‍ജിനില്‍ സമ്മര്‍ദ്ദം ചെലുത്തും. എന്നാല്‍ വായ്പ ചെലവ് കുറയുന്നത് നിക്ഷേപങ്ങളിലുള്ള ഉയര്‍ന്ന നിരക്കുകളുടെ മൂല്യ നിര്‍ണയം ഉള്‍പ്പെടെ ലാഭക്ഷമതയിലുള്ള സമ്മര്‍ദ്ദം കുറക്കുമെന്നും ഫിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.