image

7 Jan 2023 5:54 PM IST

Banking

ബാങ്കുകളുടെ സ്വകാര്യവത്കരണം; തെറ്റായ പ്രചരണമെന്ന് നീതി ആയോഗ്

MyFin Desk

niti aayog
X

Summary

  • പിഎന്‍ബി, യൂണിയന്‍ ബാങ്ക്, എസ്ബിഐ, കാനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ പൊതുമേഖല ബാങ്കുകളെ് സ്വകാര്യവത്കരിക്കാന്‍ ഒരുങ്ങുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.


ഡെല്‍ഹി: പൊതു മേഖലാ ബാങ്കുകളില്‍ ചിലത് സ്വകാര്യവത്ക്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമെന്ന് നീതി ആയോഗ്. 'പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് നീതി ആയോഗ് പങ്കുവെച്ചതെന്ന പേരില്‍ ഒരു പട്ടിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, മാധ്യമങ്ങളില്‍ സൂചിപ്പിച്ചതുപോലെയുള്ള ഒരു പട്ടികയും നീതി ആയോഗ് ഒരു തരത്തിലും പങ്കിട്ടിട്ടില്ലെന്ന് അറിയിക്കുന്നു'' നീതി ആയോഗ് അറിയിപ്പിറക്കി. പിഎന്‍ബി, യൂണിയന്‍ ബാങ്ക്, എസ്ബിഐ, കാനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ പൊതുമേഖല ബാങ്കുകളെ് സ്വകാര്യവത്കരിക്കാന്‍ ഒരുങ്ങുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.

ബന്ധപ്പെട്ട വകുപ്പുമായും റെഗുലേറ്ററുകളുമായും കൂടിയാലോചിച്ച ശേഷം ബാങ്കുകളുടെ സ്വകാര്യവത്കരണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഡിസംബര്‍ 19 ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഓഹരി വിറ്റഴിക്കല്‍, സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ്, പാലിക്കേണ്ട വ്യവസ്ഥകളും, നിബന്ധനകളും എന്നിവയെല്ലാം നിയുക്ത കാബിനറ്റ് കമ്മിറ്റിയെ ഏല്‍പ്പിക്കുമെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കരാട് ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചിരുന്നു. 1961 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ (വ്യാപാര ഇടപാട്) ചട്ടങ്ങള്‍ക്ക് കീഴിലാണ് ഇവയെല്ലാം വരുന്നത്.

മാധ്യമങ്ങളിലൂടെ പുറത്തു വന്ന റിപ്പോര്‍ട്ടനുസരിച്ച് 2021 ഏപ്രിലില്‍, ധനമന്ത്രാലയവുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം നീതി ആയോഗ്, സ്വകാര്യവല്‍ക്കരിക്കുന്ന രണ്ട് പൊതുമേഖലാ ബാങ്കുകള്‍ ഏതൊക്കെയാണെന്നത് സംബന്ധിച്ച ആലോചനകള്‍ ആരംഭിച്ചു. 2021-22 ബജറ്റില്‍ പ്രഖ്യാപിച്ചതുപോലെ സ്വകാര്യവത്ക്കരണത്തിനായി രണ്ട് പൊതുമേഖലാ ബാങ്കുകളുടെയും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെയും പേരുകള്‍ തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ നീതി ആയോഗിനെ ചുമതലപ്പെടുത്തിയെന്നുമാണ്.

2021 മാര്‍ച്ചില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണത്തിന് പിന്നിലെ യുക്തി വിശദീകരിച്ചു കൊണ്ട് പറഞ്ഞത് ''ഞങ്ങള്‍ക്ക് സ്‌കെയില്‍ അപ് ചെയ്യാന്‍ കഴിയുന്ന ബാങ്കുകളെ ആവശ്യമുണ്ട്. രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ബാങ്കുകളെയാണ് വേണ്ടതെന്നാണ്'.

സ്വകാര്യവത്ക്കരിക്കാന്‍ സാധ്യതയുള്ള ബാങ്കുകളിലെ തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കുമെന്നും അവരുടെ ശമ്പളം അല്ലെങ്കില്‍ പെന്‍ഷന്‍ എന്നിവ സംബന്ധിച്ച ആശങ്കകള്‍ പരിഗണിക്കുമെന്നും ധനമന്ത്രി വിശദീകരിച്ചിരുന്നു.

എസ്ബിഐ പോലെ രാജ്യത്തെ ബാങ്കുകളും വലുതാകേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. 2021-22 ലെ ബജറ്റില്‍ രണ്ട് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്ക്കരണം, പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടായിരുന്നു.