image

25 Sept 2023 5:37 PM IST

News

കാവേരിനദീജല പ്രശ്‌നം; ചൊവ്വാഴ്ച ബെംഗളൂരു ബന്ദ്

MyFin Desk

കാവേരിനദീജല പ്രശ്‌നം;  ചൊവ്വാഴ്ച ബെംഗളൂരു ബന്ദ്
X

Summary

  • ബെംഗളൂരു ചൊവ്വാഴ്ച നിശ്ചലമാകും
  • സമരത്തിന് 175ഓളം സംഘടനകളുടെ പിന്തുണ
  • പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണയ്ക്കും


തമിഴ്നാടിന് കാവേരി ജലം അനുവദിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 26) ബന്ദാചരിക്കുന്നു. കര്‍ഷക സംഘടനകളും മറ്റ് കന്നഡ അനുകൂല സംഘടനകളും ബെംഗളൂരു, ഓള്‍ഡ് മൈസൂരു മേഖലകളിലാണ് ബന്ദാചരിക്കുക. കാവേരീ നദീജല ജില്ലകളായ മാണ്ഡ്യ,മൈസൂരു, രാമനഗര എന്നിവിടങ്ങളിലും ബന്ദ് ബാധിക്കും.കര്‍ണാടക മുഴുവന്‍ ബന്ദാചരിക്കുന്നതിനും ആലോചന നടക്കുന്നുണ്ട്.

നിരവധി സര്‍വീസുകള്‍ ഈ ദിവസം പൂര്‍ണമായും നിര്‍ത്തിവെയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. 175ഓളം സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 26 ന് രാവിലെ 11 മണിക്ക് നഗരത്തിലെ ടൗണ്‍ ഹാളില്‍ നിന്ന് മൈസൂരു ബാങ്ക് സര്‍ക്കിളിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തും.

തമിഴ്നാടിന് 5,000 ക്യുസെക്സ് വെള്ളം 15 ദിവസത്തേക്ക് കൂടി വിട്ടുനല്‍കാന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റി (സിഡബ്ല്യുഎംഎ) ഉത്തരവിട്ടു. എന്നാല്‍ സംസ്ഥാനത്തെ കര്‍ഷകര്‍ തീരുമാനത്തെ എതിര്‍ത്തു. സെപ്റ്റംബര്‍ 26ന് ചേരുന്ന കാവേരി നദീജല നിയന്ത്രണ സമിതിയുടെ (സിഡബ്ല്യുആര്‍സി) യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് സംസ്ഥാന മന്ത്രിസഭ അറിയിച്ചു.

കര്‍ണാടക ജലസംരക്ഷണ സമിതി പ്രസിഡന്റ് കുറുബുര്‍ ശാന്തകുമാറാണ് ബാംഗ്ലൂര്‍ ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഐടി കമ്പനികള്‍ക്കും അവധി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്‌കൂളുകളും കോളേജുകളും അടച്ചിടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടാകും. സമരത്തിന് കൈകളില്‍ കറുത്ത ബാന്‍ഡ് ധരിച്ച് പിന്തുണ നല്‍കുമെന്ന് പ്രൈവറ്റ് സ്‌കൂള്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ശശികുമാര്‍ പറഞ്ഞു.കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെയും (കെഎസ്ആര്‍ടിസി) ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെയും (ബിഎംടിസി) സര്‍വീസുകളെ ബന്ദ് ബാധിക്കാന്‍ സാധ്യതയുണ്ട്. ബെംഗളൂരു സമരത്തിന് ഒല, ഊബര്‍ ഡ്രൈവേഴ്സ് ആന്‍ഡ് ഓണേഴ്സ് അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ നഗരത്തിലെ സ്വകാര്യ കാബ് സേവനങ്ങളെയും ബാധിക്കും. റെസ്റ്റോറന്റുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ചയും അവധിയായിരിക്കും.

എന്നാല്‍ നമ്മ മെട്രോ പൂര്‍ണമായും പ്രവര്‍ത്തിക്കും.