8 March 2024 4:53 PM IST
Summary
- രാവിലെ 6.30 ന് ദേശീയ ഗാനം ആലപിച്ചു കൊണ്ടാണ് കഫേ തുറക്കുക
- കഫേയില്‍ രണ്ട് മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്
- എല്ലാ കസ്റ്റമേഴ്‌സിനെയും സംശയാസ്പദമായ പ്രവര്‍ത്തനങ്ങളെയും നിരീക്ഷിക്കാന്‍ രണ്ട് വ്യക്തികളെ നിയമിച്ചു
ബെംഗളുരുവിലെ രാമേശ്വരം കഫേ നാളെ പ്രവര്‍ത്തനം പുനരാരംഭിക്കും. ഒരാഴ്ച മുമ്പ് സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി അടച്ചത്. സ്‌ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു.
കഫേയില്‍ രണ്ട് മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ കസ്റ്റമേഴ്‌സിനെയും സംശയാസ്പദമായ പ്രവര്‍ത്തനങ്ങളെയും നിരീക്ഷിക്കാന്‍ രണ്ട് വ്യക്തികളെ നിയമിച്ചിട്ടുമുണ്ട്.
മാര്‍ച്ച് 9 ന് രാവിലെ 6.30 ന് ദേശീയ ഗാനം ആലപിച്ചു കൊണ്ടാണ് കഫേ തുറക്കുകയെന്ന് രാമേശ്വരം കഫേ ഉടമ രാഘവേന്ദ്ര അറിയിച്ചു.
നാളെ മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ കഫേയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് രാഘവേന്ദ്ര പറഞ്ഞു.
അതേസമയം രാമേശ്വരം കഫേ സ്‌ഫോടന കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ മുഖം മറയ്ക്കാത്ത ചിത്രം പുറത്തുവന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബസില്‍ സഞ്ചരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഇതില്‍ മുഖം മറച്ചിട്ടില്ല.
പ്രതിയെ കുറിച്ചുള്ള വിവരം പങ്കുവയ്ക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
മാര്‍ച്ച് 1-ന് ഉച്ചയ്ക്കാണ് വൈറ്റ്ഫീല്‍ഡിലെ കഫേയില്‍ സ്‌ഫോടനം നടന്നത്. സംഭവസ്ഥലത്തു നിന്നും സ്‌ഫോടക വസ്തുവായ ഐ.ഇ.ഡി.യുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.