image

6 Sept 2023 3:56 PM IST

News

ജി20: ലോകബാങ്ക് പരിഷ്‌ക്കരണം ലക്ഷ്യമിട്ട് യുഎസ്

MyFin Desk

g20 biden will call for world bank reform | World News
X

Summary

  • ചൈനയുടെ സുസ്ഥിരമല്ലാത്ത വായ്പകള്‍ക്കെതിരായ യുഎസ് നീക്കം
  • വികസ്വര രാജ്യങ്ങള്‍ക്ക് താങ്ങാനാവുന്ന രീതിയില്‍ വായ്പ അനുവദിക്കാന്‍ ശ്രമം


ജി20 ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ലോക ബാങ്ക് പരിഷ്‌കരണത്തിലും പുതിയ ധനസഹായങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിനും ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ക്കുമുള്ള വായ്പകള്‍ വര്‍ധിപ്പിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.

''ആഗോളതലത്തിലെ ബഹുമുഖ വികസന ബാങ്കുകളെ, പ്രത്യേകിച്ച് ലോകബാങ്കിനെ അടിസ്ഥാനപരമായി പുനര്‍രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്' വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി സ്ഥാപിതമായ ലോകബാങ്കിനെ യുഎസ് ഭരണകൂടം കൂടുതല്‍ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്. പുതിയ സിഇഒ അജയ് ബംഗ കാലാവസ്ഥാ വ്യതിയാനം, ദാരിദ്യം ഇല്ലാതാക്കല്‍ പദ്ധതികള്‍ക്കായി പുതിയ ഫണ്ടിംഗും ബാലന്‍സ് ഷീറ്റ് നിയമങ്ങളും ഉപയോഗിച്ച് ബാങ്കിന്റെ വായ്പാ ശക്തി വര്‍ധിപ്പിക്കാനും ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്. ലോകബാങ്ക് മുഖേനയുള്ള വികസനവും അടിസ്ഥാന സൗകര്യവികസനവും വിപുലീകരിക്കുന്നതിനുള്ള അനുബന്ധ ബജറ്റ് അഭ്യര്‍ത്ഥനയുടെ ഭാഗമായി, വൈറ്റ് ഹൗസ് കോണ്‍ഗ്രസിനോട് 330 കോടി ഡോളര്‍ അധിക ധനസഹായം ആവശ്യപ്പെട്ടിരുന്നു. രാജ്യങ്ങള്‍ക്ക് വിശ്വസനീയമായ വായ്പ നല്‍കുന്നതിനായിരുന്നു ഈ നീക്കം. ചൈനയുടെ നിര്‍ബന്ധിതവും സുസ്ഥിരമല്ലാത്തതുമായ വായ്പ, അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ബദലായുള്ള യുഎസ് നടപടിയാണിത്.

വികസ്വര രാജ്യങ്ങള്‍ക്കായി സുതാര്യവും ഉയര്‍ന്ന നിലവാരമുള്ളതുമായ നിക്ഷേപം സമാഹരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ചില ഉപകരണങ്ങളാണ് ഈ സ്ഥാപനങ്ങള്‍ എന്ന് യുഎസ് പറയുന്നു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്ക് അര്‍ത്ഥവത്തായ കടാശ്വാസം നല്‍കുന്നതിന് ജി 20 യെ ഉപയോഗിക്കാനാകുമോ എന്നും ബൈഡന്‍ പരിശോധിക്കും.