19 April 2023 4:21 PM IST
Summary
- വിവാദത്തിന് തുടക്കമിട്ടത് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍
- ഷുഗര്‍ അളവ് അധികമല്ലെന്ന് കമ്പനിയുടെ വിശദീകരണം
- ഇന്‍ഫ്ളുവന്‍സര്‍മാര്‍ യോഗ്യത വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കിയേക്കും
ഹെല്‍ത്ത് ഡ്രിങ്ക് ഉല്‍പ്പന്നമായ ബോണ്‍വിറ്റക്കെതിരേ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‍സ്. ബോണ്‍വിറ്റയില്‍ അമിതമായ അളവില്‍ ഷുഗറും, കൊക്ക സോളിഡുകളും, ക്യാന്‍സറിലേക്ക് നയിച്ചേക്കാവുന്ന കളറന്‍റുകളുമുണ്ടെന്ന് സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സറായ രേവത് ഹിമത്സിംഘ തന്‍റെ ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ ആരോപിച്ചതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച് വ്യാപക ചര്‍ച്ചകള്‍ വിവിധ പ്ലാറ്റ്ഫോമുകളില്‍ നടന്നത്.
കാഡ്ബറി ബോണ്‍വിറ്റ ബ്രാന്‍ഡിന്‍റെ ഉടമകളായ മോണ്ടിലസ് ഇന്ത്യ (Mondelez India) ഈ വിഡിയോയിലെ ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന ഹെല്‍ത്തി ഡ്രിങ്കാണ് ബോണ്‍വിറ്റയെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. കുട്ടികളിലേക്ക് എത്തേണ്ട പ്രതിദിന ഷുഗര്‍ അളവിനേക്കാള്‍ കുറവാണ് ബോണ്‍വിറ്റയിലുള്ളതെന്നും കമ്പനി അവകാശപ്പെടുന്നു.
കമ്പനിയില്‍ നിന്നുള്ള ലീഗല്‍ നോട്ടീസിനെ തുടര്‍ന്ന് രേവത് തന്‍റെ വിഡിയോ പിന്‍വലിച്ചെങ്കിലും ഇതു സംബന്ധിച്ച വിവാദം കൊഴുക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇക്കാര്യം പരിശോധിക്കുമെന്ന് ബിഐഎസ് വ്യക്തമാക്കിയിട്ടുള്ളത്. "എഫ്എസ്എസ്എഐ-യാണ് ഈ കേസിലെ റെഗുലേറ്ററി സ്ഥാപനമെങ്കിലും ഇതുസംബന്ധിച്ച, പരാതി എപ്പോഴും ഞങ്ങളിലേക്കു വരാം, കേസിനെക്കുറിച്ച് അന്വേഷിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്, ”ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് തിവാരി പറഞ്ഞു.
വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യ-സൗഖ്യ വിഷയങ്ങളില്‍ വിഡിയോകള്‍ ചെയ്യുകയും സോഷ്യല്‍മീഡിയ വഴി ഉപദേശം നല്‍കുകയും ചെയ്യുന്ന ഇന്‍ഫ്ളുവന്‍സര്‍മാരെ നിയന്ത്രിക്കുന്നതിനായി പുതിയ ചട്ടങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്. ഇത്തരം വിഡിയോകള്‍ ചെയ്യുന്നതിന് ഇന്‍ഫ്ളുവന്‍സര്‍മാര്‍ തങ്ങളുടെ അക്കാഡമിക് യോഗ്യത വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കിയേക്കും. ഒരു ബ്രാന്‍ഡിനെ പ്രൊമോട്ട് ചെയ്യുകയാണെങ്കില്‍ തങ്ങള്‍ക്കു ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചും വെളിപ്പെടുത്തണം.