1 July 2023 3:30 PM IST
Summary
- നഗരത്തിലെ പ്രധാന പാര്‍ക്കുകളും പാലങ്ങളും സൗന്ദര്യവത്കരിക്കും.
തളി പൈതൃക പദ്ധതിയുടെ രണ്ടാംഘട്ടത്തിന് സംസ്ഥാന ടൂറിസം വകുപ്പില്‍ നിന്നും 1.40 കോടി രൂപ. തളിക്ഷേത്രത്തിന്റെ വികസനത്തിനായി വിവിധ പൈതൃക പദ്ധതികള്‍ക്ക് രൂപം നല്‍കിയതായും കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കല്‍മണ്ഡപത്തോട് കൂടി ഒരു വാട്ടര്‍ ഫണ്ടെയ്ന്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. തളി പൈതൃക പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 1.25 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കിയിരുന്നു. ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യം പുതു തലമുറയ്ക്ക് വ്യക്തമാക്കുന്ന തരത്തിലാണ് ടൂറിസം വകുപ്പ് ആദ്യ ഘട്ടത്തില്‍ പദ്ധതിക്ക് രൂപം നല്‍കിയത്. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടാംഘട്ട പദ്ധതി.
തളി ക്ഷേത്രത്തിനൊപ്പം കോഴിക്കോട് നഗരത്തിലെ മറ്റു ചരിത്രപ്രാധാന്യമുള്ള ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും പൈതൃക പദ്ധതികളും തീര്‍ത്ഥാടക ടൂറിസം പദ്ധതികളും ഉദ്ദേശിക്കുന്നതായും, കോഴിക്കോടിനെ ടൂറിസ്റ്റ് സിറ്റിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പ്രധാന പാര്‍ക്കുകളും പാലങ്ങളും സൗന്ദര്യ വത്കരിക്കും. ഇത് നഗരത്തെ പ്രധാന ടൂറിസം കേന്ദ്രമാകാന്‍ സഹായിക്കും. നഗരം രാത്രിയും സജീവമായി തുടങ്ങിയതിനാല്‍ നൈറ്റ് ലൈഫ് ആകര്‍ഷകമാക്കാന്‍ കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരും. തിരുവനന്തപുരത്തെ കനകക്കുന്ന് കേന്ദ്രീകരിച്ച് തുടങ്ങുന്ന പദ്ധതി യാഥാര്‍ഥ്യമായാല്‍ ഉടന്‍ കോഴിക്കോട് ഉള്‍പ്പെടെ കേരളത്തിലെ മറ്റു പ്രധാന കേന്ദ്രങ്ങളിലെല്ലാം സമാന പദ്ധതികള്‍ കൊണ്ടുവരുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.