26 Jun 2023 5:00 PM IST
Summary
- നിലവില്‍ ആകെ 93,69,902 റേഷന്‍ കാര്‍ഡുകളാണ് സംസ്ഥാനത്തുള്ളത്
പുതിയ സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്ത് ഇതുവരെ 3,70,605 പുതിയ റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍. പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുകള്‍ 86,003 എണ്ണവും എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുകള്‍ 2,77,562 എണ്ണവും എന്‍പിഐ (ബ്രൗണ്‍) കാര്‍ഡുകള്‍ 7,040 എണ്ണവുമാണ് പുതുതായി അനുവദിച്ചത്. ഈ മാസം 22 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. ആകെ 3,49,235 കാര്‍ഡുകള്‍ മാറ്റി നല്‍കി. എഎവൈ(മഞ്ഞ) കാര്‍ഡുകള്‍ 28,699, പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുകള്‍ 3,20,536 എന്നിങ്ങനെയാണ് റേഷന്‍ കാര്‍ഡുകള്‍ മാറ്റി നല്‍കിയത്.
റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് 54,76,961 ഓണ്‍ലൈന്‍ അപേക്ഷകലാണ് ലഭിച്ചത്. അതില്‍ 54,49,427 എണ്ണം തീര്‍പ്പാക്കി. സംസ്ഥാനത്ത് നിലവില്‍ ആകെ 93,69,902 റേഷന്‍ കാര്‍ഡുകളാണ് ഉള്ളത്.
അനര്‍ഹര്‍ കൈവശം വെച്ചിട്ടുള്ള മുന്‍ഗണന കാര്‍ഡുകള്‍ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ രൂപം നല്‍കിയ 'ഓപ്പറേഷന്‍ യെല്ലോ' പരിപാടിയുടെ ഭാഗമായി ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന 9188527301 എന്ന മൊബൈല്‍ നമ്പറിലും 1967 എന്ന ടോള്‍ ഫ്രീ നമ്പറിലും ജനങ്ങള്‍ക്ക് വിളിച്ച് അറിയിക്കാം.
ലഭ്യമായ പരാതികള്‍ ബന്ധപ്പെട്ട ജില്ലാ-താലൂക്ക് സപ്ലൈ റേഷനിംഗ് ഓഫീസര്‍ എന്നിവരെ അറിയിച്ച് 48 മണിക്കൂറിനുള്ളില്‍ അനര്‍ഹമായി കാര്‍ഡ് കൈവശം വച്ചവരില്‍ നിന്നും അവര്‍ വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില കണക്കാക്കി പിഴ ഈടാക്കും. കൂടാതെ ഇത്തരത്തിലുള്ള കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്കു മാറ്റുന്നതിനുമായുള്ള നടപടികള്‍ വകുപ്പ് സ്വീകരിച്ചു വരുന്നുണ്ട്.
അനധികൃതമായി കാര്‍ഡ് കൈവശം ഉപയോഗിച്ചവരില്‍ നിന്നും 1,53,915 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും പിഴയിനത്തില്‍ കാര്‍ഡുടമകളില്‍ നിന്നും 4,42,61,032 രൂപയും, 2022 ല്‍ നടന്ന യെല്ലോ ഓപ്പറേഷന്റെ ഭാഗമായി പിഴയിനത്തില്‍ 4,19,19,486 രൂപയും ചേര്‍ത്ത് ആകെ 8,61,80,518 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.
ഭക്ഷ്യ മന്ത്രിയുടെ നേതൃത്വത്തില്‍ മെയ് മാസത്തില്‍ നടന്ന ഫോണ്‍ ഇന്‍ പരിപാടിയില്‍ 21 പരാതികളാണ് ലഭിച്ചത്. 17 പരാതികള്‍ മുന്‍ഗണനാ കാര്‍ഡുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. റേഷന്‍ വിതരണത്തെ സംബന്ധിച്ചും, സപ്ലൈകോ സേവനങ്ങളെ സംബന്ധിച്ചുള്ളതായിരുന്നുമറ്റു പരാതികള്‍. അവ ഓരോന്നും പരിശോധിച്ചു പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രി വ്യക്തമാക്കി.