image

10 May 2023 5:30 PM IST

Business

അവകാശ ഓഹരി വില്‍പ്പനയിലൂടെ സിയാലിന് നേട്ടം 478 കോടി

Kochi Bureau

cial gains through rights stake sale
X

Summary

  • മുഖ്യമന്ത്രി ചെയര്‍മാനായ സിയാലില്‍ സംസ്ഥാന സര്‍ക്കാരിനാണ് ഏറ്റവും വലിയ നിക്ഷേപമുള്ളത്


നെടുമ്പാശേരി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) നടപ്പാക്കിയ അവകാശ ഓഹരി പദ്ധതി വന്‍വിജയം. അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വിഭവ സമാഹരണത്തിന്റെ ഭാഗമായാണ് ഇത്. നിക്ഷേപകര്‍ക്ക് നിയമാനുസൃത അവകാശ ഓഹരി വിറ്റ് സിയാല്‍ സമാഹരിച്ചത് 478.21 കോടി രൂപ. ഇരുപത്തഞ്ച് രാജ്യങ്ങളില്‍ നിന്നായി 22,000ലധികംപേരാണ് സിയാലില്‍ നിക്ഷേപകരായുള്ളത്. 38 കോടിയാണ് ആകെ ഓഹരികളുടെ എണ്ണം. മുഖ്യമന്ത്രി ചെയര്‍മാനായ സിയാലില്‍ സംസ്ഥാന സര്‍ക്കാരിനാണ് ഏറ്റവും വലിയ നിക്ഷേപമുള്ളത്. 32.42 ശതമാനം ഓഹരിയാണ് സര്‍ക്കാരിനുള്ളത്.

ഒരു ഓഹരിയുടെ അടിസ്ഥാനമൂല്യം 10 രൂപയാണ്. പൊതുവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത സിയാലിന് അധികവിഭവ സമാഹരണത്തിനായി കമ്പനി നിയമം 62 (1) സെക്ഷന്‍ പ്രകാരമാണ് അവകാശ ഓഹരി നല്‍കുന്നത്. നാല് ഓഹരിയുള്ളവര്‍ക്ക് ഒരു അധിക ഓഹരി എന്ന അനുപാതത്തിലാണ് പദ്ധതി നടപ്പാക്കിയത്. 50 രൂപയാണ് അവകാശ ഓഹരിയുടെ വില നിശ്ചയിച്ചിരുന്നത്.

അവകാശ ഓഹരി പദ്ധതിയില്‍ സര്‍ക്കാര്‍ 178.09 കോടി രൂപ മുടക്കി 3.56 കോടി ഓഹരികള്‍ അധികമായി നേടിയിട്ടുണ്ട്. ഇതോടെ സര്‍ക്കാരിന്റെ ഓഹരി 33.38 ശതമാനമായി വര്‍ധിച്ചു. അവകാശ ഓഹരി പദ്ധതിവഴി 564 കോടി രൂപ സിയാലിന് ലഭിച്ചു. നിയമാനുസൃതമായി സമാഹരിക്കാവുന്നത് 478.21 കോടി രൂപയായിരുന്നു.

ബാക്കിയുള്ള 86 കോടി രൂപ ഓഹരിയുടമകള്‍ക്ക് തിരികെ നല്‍കി. ഡി മാറ്റ് അക്കൗണ്ട് ഉള്ളവര്‍ക്കേ അവകാശ ഓഹരിക്ക് അര്‍ഹതയുള്ളൂ. അതിനാല്‍ 10.79 ശതമാനം ഓഹരികള്‍ 'അണ്‍ സബ്സ്‌ക്രൈബ്ഡ്' വിഭാഗത്തിലായി. ഇത്തരം ഓഹരികള്‍ ഓഹരിയുടമകള്‍ക്ക് അനുപാതം അനുസരിച്ച് വീതിച്ചുനല്‍കി. ഇതിന് സംസ്ഥാന സര്‍ക്കാര്‍ 23 കോടി രൂപ അധികമായി നല്‍കി. അവകാശ ഓഹരി ലഭ്യമാക്കിയതോടെ സിയാലിന്റെ എല്ലാ നിക്ഷേപകരുടെയും ഓഹരി എണ്ണവും ശതമാനവും വര്‍ധിച്ചു.