image

6 May 2023 7:00 PM IST

Kerala

ജനറല്‍ ആശുപത്രിയില്‍ പുതിയ ബ്ലോക്ക് യാഥാര്‍ത്ഥ്യമാകുന്നു

Kochi Bureau

ജനറല്‍ ആശുപത്രിയില്‍ പുതിയ ബ്ലോക്ക് യാഥാര്‍ത്ഥ്യമാകുന്നു
X

Summary

  • ഐസിയു ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും പുതിയ ബ്ലോക്കില്‍ സജ്ജീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്


കൊച്ചി: ജനറല്‍ ആശുപത്രിയില്‍ പുതിയ ബ്ലോക്ക് ഉടന്‍ യാഥാര്‍ത്ഥ്യമാകും. 100 കോടി രൂപ ചെലവില്‍ 700 കിടക്കകളുള്ള ഇന്‍പേഷ്യന്റ് (ഐപി) ബ്ലോക്കാണ് നിര്‍മിക്കാനൊരുങ്ങുന്നത്. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മിക്കുന്നത്. ഐസിയു ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും പുതിയ ബ്ലോക്കില്‍ സജ്ജീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

ദിനംപ്രതി നിരവധി പേരാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. എന്നാല്‍ നിലവില്‍ പരമാവധി 600 രോഗികള്‍ക്ക് കിടത്തിച്ചികിത്സ നല്‍കാനുള്ള സൗകര്യമേ ജനറല്‍ ആശുപത്രിയില്‍ ഉള്ളു. സര്‍ക്കാരിന്റെയും ആശുപത്രി വികസനസമിതിയും അനുവദിക്കുന്ന തുക, സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടുകള്‍ എന്നിവ പ്രയോജനപ്പെടുത്തിയാണ് പുതിയ ഐപി ബ്ലോക്ക് നിര്‍മിക്കുക. ആശുപത്രിയുടെ പ്രവേശനകവാടത്തിനുസമീപമായിരിക്കും ഈ ബ്ലോക്ക്. ഇന്ത്യയില്‍ ആദ്യമായി ഹൃദയശസ്ത്രക്രിയ നടന്ന ജനറല്‍ ആശുപത്രിയാണ് എറണാകുളം ജില്ലാ ആശുപത്രി.

ഇന്ന് ചേരുന്ന ആശുപത്രി വികസനസമിതി യോഗത്തില്‍ വിശദമായ പദ്ധതി അവതരണം നടത്തും. അതിന് ശേഷം അംഗീകാരത്തിനായി ആരോഗ്യ ഡയറക്ടര്‍ വഴിയാണ് സര്‍ക്കാരിന് സമര്‍പ്പിക്കുക. സര്‍ക്കാര്‍ അംഗീകാരം ലഭിച്ച ഉടന്‍ നിര്‍മാണം തുടങ്ങും.

സംസ്ഥാനത്തെ ജനറല്‍ ആശുപത്രികളിലെ ആദ്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കും ഇവിടെയാണ്. 25 കോടി രൂപ ചെലവില്‍ ക്യാന്‍സര്‍ ബ്ലോക്കിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ ജൂണില്‍ ന്യൂറോ സര്‍ജറി വിഭാഗവും വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാസൗകര്യങ്ങളും ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.