23 Jun 2023 5:58 PM IST
Summary
- ഇടപാട്. ഏകദേശം 5.74 ലക്ഷം കോടി രൂപ വരും
- അടിമുടി എയര്‍ ഇന്ത്യയെ മാറ്റാനാണ് ടാറ്റാ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്
- ഇന്ത്യന്‍ കമ്പനിയായ ഇന്‍ഡിഗോ 500 വിമാനങ്ങള്‍ വാങ്ങുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു
ബോയിങ്, എയര്‍ബസ് എന്നിവയില്‍നിന്നും 470 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ഒപ്പുവച്ചു. പാരിസില്‍ വച്ചാണ് കരാര്‍ ഒപ്പിട്ടത്. 700 കോടി ഡോളറിന്റേതാണ് ഇടപാട്. ഏകദേശം 5.74 ലക്ഷം കോടി രൂപ വരും.
250 എയര്‍ബസ് വിമാനങ്ങളും 220 ബോയിങ് ജെറ്റുകളുമാണു വാങ്ങുക.
ഇരുപത് 787 ഡ്രീംലൈനേഴ്‌സ്, പത്ത് 777 എക്‌സ് വിമാനങ്ങള്‍ എന്നിവയായിരിക്കും ബോയിങ്ങില്‍നിന്ന് വാങ്ങുക. 34 എ350-1000 എസ് വിമാനങ്ങളും ആറ് 350-900 വിമാനങ്ങളും എയര്‍ബസില്‍നിന്നും വാങ്ങും. ഇവയാണ് എയര്‍ ഇന്ത്യ സ്വന്തമാക്കാന്‍ പോകുന്ന വലിയ വിമാനങ്ങള്‍.
ഇതിനു പുറമെ 140 എയര്‍ബസ് എ 320 നിയോ, 70 എയര്‍ബസ് എ 321 നിയോ വിമാനങ്ങളും 190 ബോയിങ് 737 മാക്‌സ് ചെറു വിമാനങ്ങളും വാങ്ങുന്നുണ്ട്.
ആഭ്യന്തര-ഹ്രസ്വദൂര യാത്രകള്‍ക്കും വലിയ വിമാനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്കും ഉപയോഗിക്കും.
എയര്‍ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തിട്ട് ഒരു വര്‍ഷം തികയുമ്പോഴാണ് 470 വിമാനങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള വലിയ കരാറില്‍ ഒപ്പുവച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ വിമാനങ്ങള്‍ സ്വന്തമാക്കാന്‍ 7000 കോടി ഡോളര്‍ മുടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അടിമുടി എയര്‍ ഇന്ത്യയെ മാറ്റാനാണ് ടാറ്റാ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ 470 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പുവച്ചതിനു പുറമെ 11 ബോയിങ് 777 വിമാനങ്ങളും 25 എയര്‍ബസ് എ 320 വിമാനങ്ങളും എയര്‍ ഇന്ത്യ വാടകയ്ക്ക് എടുത്തിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇന്ത്യന്‍ കമ്പനിയായ ഇന്‍ഡിഗോ 500 വിമാനങ്ങള്‍ വാങ്ങുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എയര്‍ബസ് എ320 നിയോ വിമാനങ്ങളായിരിക്കും തങ്ങള്‍ വാങ്ങുകയെന്നും ഇന്‍ഡിഗോ അറിയിച്ചിരുന്നു.
ഇപ്പോള്‍ എയര്‍ ഇന്ത്യയുമായി ബോയിങ് ഏര്‍പ്പെട്ടിരിക്കുന്ന കരാര്‍ ദക്ഷിണേഷ്യയില്‍ വച്ചുതന്നെ ഒപ്പുവച്ചിരിക്കുന്ന വലിയ കരാറാണ്. അമേരിക്കന്‍ കമ്പനിയാണ് ബോയിങ്.