25 April 2023 8:12 PM IST
Summary
- കയറ്റുമതിയില്‍ 41% ഇടിവ്
- ആഭ്യന്തര വില്‍പ്പന 32% ഉയർന്നു
- ഒരു ഓഹരിക്ക് 140 രൂപ ഡിവിഡന്‍റ്
ഇക്കഴിഞ്ഞ നാലാം പാദത്തില്‍ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയത് 2.5% ഇടിവ്. കമ്പനിയുടെ പല വിദേശ വിപണികളിലും പ്രകടമായ ഉയർന്ന പണപ്പെരുപ്പം ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ കയറ്റുമതി ഇടിഞ്ഞതാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്. മാർച്ച് 31ന് അവസാനിച്ച പാദത്തിൽ 1,433 കോടി രൂപയുടെ ലാഭമാണ് ബജാജ് ഓട്ടോ രേഖപ്പെടുത്തിയിട്ടുള്ളത്.
ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും പ്രധാന വിപണികളില്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ആവശ്യകത ചുരുങ്ങിയത് ഇന്ത്യൻ കമ്പനികളുടെ കയറ്റുമതിയെ ബാധിച്ചു. ഇരുചക്രവാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും കയറ്റുമതിയില്‍ 41% ഇടിവാണ് ബജാജ് ഓട്ടോ ജനുവരി-മാര്‍ച്ച് കാലയളവില്‍ നേരിട്ടിട്ടുള്ളത്.
എങ്കിലും നാലാംപാദത്തിലെ ആഭ്യന്തര വില്‍പ്പന 32% ഉയർന്നു. ഇത് മൊത്തം പ്രവർത്തന വരുമാനം ഏകദേശം 12% വർധിച്ച് 8,905 കോടി രൂപയിലേക്കെത്തുന്നതിന് ഇടയാക്കി. ഒരു ഓഹരിക്ക് 140 രൂപ സാമ്പത്തിക വര്‍ഷത്തിനുള്ള അന്തിമ ലാഭവിഹിതമായി നല്‍കുന്നതിന് ബോർഡ് ശുപാർശ ചെയ്തതായും കമ്പനി അറിയിച്ചു. ബജാജ് ഓട്ടോയുടെ വിപണിയിലെ എതിരാളികളായ ടിവിഎസ് മോട്ടോഴ്‌സ് ലിമിറ്റഡും ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡും മെയ് 4 ന് നാലാംപാദ ഫലങ്ങള്‍ പുറത്തുവിടും.