20 Feb 2023 5:00 PM IST
Summary
- ലോകത്തിലെ ആദ്യ നിര്‍മ്മിതബുദ്ധി അധിഷ്ഠിത വിള സംരംക്ഷണ ഡ്രോണായ അഗ്രിം- എക്സ്സാണ് എക്‌സ്‌പോയില്‍ കാഴ്ചക്കാരില്‍ കൗതുകം നിറച്ചത്
തിരുവനന്തപുരം: തോട്ടം മേഖലയില്‍ കൃഷി അനായാസമാക്കാന്‍ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ നിരവധി സംവിധാനങ്ങള്‍ നിലവിലുണ്ട്. പ്ലാന്റേഷന്‍ എക്‌സ്‌പോയുടെ ഭാഗമായി സാങ്കേതികത ഉപയോഗിക്കാന്‍ കര്‍ഷകര്‍ക്ക് വഴികാട്ടുന്ന സ്റ്റാളുകളിലായിരുന്നു ഉപകാരണങ്ങളുടെ പ്രദര്‍ശനം.
വിതയ്ക്കാനുള്ള മണ്ണ് പരിശോധിക്കുന്നത് മുതല്‍ മണ്ണിന്റെ പരിപാലനം, വിളവെടുപ്പ് എന്നിവയിലെല്ലാം കര്‍ഷക്കും മനസിലാക്കാന്‍ സാധിക്കുന്ന ഈ സാങ്കേതികവിദ്യാ സംവിധാനങ്ങള്‍ നിര്‍ണായകമാണ്. വ്യവസായ-വാണിജ്യ വകുപ്പിന്റേയും പ്ലാന്റേഷന്‍ ഡയറക്ടറേറ്റിന്റെയും നേതൃത്വത്തില്‍ കനകക്കുന്ന് സൂര്യകാന്തി എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ നടന്ന എക്‌സ്‌പോ യന്ത്ര വൈവിധ്യങ്ങള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു.
കൃഷിത്തോട്ടങ്ങളില്‍ മരുന്ന് തളിക്കാന്‍ കര്‍ഷകനെ സഹായിക്കുന്നതും സ്വയം പ്രവര്‍ത്തിക്കുന്നതുമായ ഡ്രോണുകള്‍ പ്രദര്‍ശനത്തിനുണ്ടായിയുന്നു. ലോകത്തിലെ ആദ്യ നിര്‍മ്മിതബുദ്ധി അധിഷ്ഠിത വിള സംരംക്ഷണ ഡ്രോണായ അഗ്രിം- എക്സ്സാണ് എക്‌സ്‌പോയില്‍ കാഴ്ചക്കാരില്‍ കൗതുകം നിറച്ചത്.
10 ലിറ്റര്‍ വരെ മരുന്ന് ഡ്രോണില്‍ നിറയ്ക്കാനാകും. ഭൂമിയുടെ കിടപ്പനുസരിച്ച് വിളയുടെ സുരക്ഷ ഉറപ്പാക്കി ഡ്രോണ്‍ മരുന്ന് തളിക്കും. മരുന്ന് തളിക്കേണ്ട സ്ഥലത്തിന്റെ അതിര്‍ത്തി തിരഞ്ഞെടുത്ത് സ്റ്റാര്‍ട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ മാത്രം മതി. ബാക്കിയെല്ലാം ഡ്രോണ്‍ സ്വയം ചെയ്യും. കര്‍ഷകന്റെ സമയും പണവും ലാഭിക്കുന്ന കണ്ടുപിടുത്തം കൂടിയാണിത്. എല്ലാ കൃഷി ഇനങ്ങള്‍ക്കും ഉപയോഗിക്കാമെങ്കിലും തോട്ടം മേഖലയ്ക്കാണ് അഗ്രിം-എക്‌സ് കൂടുതല്‍ സഹായകമാകുക.
പ്രശംസകള്‍ പിടിച്ചു പറ്റി
ഇന്ത്യക്കാരനായ കുനാല്‍ ശ്രീവാസ്തവയും സ്വിറ്റ്‌സര്‍ലണ്ട് സ്വദേശി കെവിന്‍ കെബ്‌ളറും സ്ഥാപിച്ച സ്വിന്‍ഡ് എന്ന സ്റ്റാര്‍ട്ടപ്പിന്റേതാണ് ഇത്. സ്വിന്‍ഡിലെ ആശിഷ് രഞ്ചന്‍, അലക്‌സാണ്ടര്‍ ഹെല്‍ഡ്, ഡേവിഡ് സ്‌കര്‍മൂസാ, രാഘവ് റെഡ്ഡി, കെ ചേതന്‍ കുമാര്‍ എന്നിവരാണ് അഗ്രിം-എക്‌സിന് പിന്നില്‍. ആന്ധ്രാപ്രദേശ്, ചിക്കമംഗലൂരു എന്നിവിടങ്ങളിലാണ് പരീക്ഷണം നടത്തിയത്. പരീക്ഷണങ്ങള്‍ പൂര്‍ത്തിയായാല്‍ വ്യവസായികമായി നിര്‍മ്മിച്ച് വിപണിയിലെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം.