25 April 2023 9:11 PM IST
Summary
- ഇന്ധന ചെലവിലെ ഇടിവ് വലിയ വളര്‍ച്ചയ്ക്ക് കളമൊരുക്കി
- പ്രവര്‍ത്തന വരുമാനത്തില്‍ 15.7% വളര്‍ച്ച
- ഓഹരി മൂല്യം ഈ വര്‍ഷം ഇതുവരെ 3.12% ഉയര്‍ന്നും
സിമന്റ് നിർമ്മാതാക്കളായ ഡാൽമിയ ഭാരത് തങ്ങളുടെ നാലാം പാദ ഫലം പ്രഖ്യാപിച്ചു. മുൻ വർഷം സമാനപാദത്തില്‍ രേഖപ്പെടുത്തിയ 266 കോടി രൂപയിൽ നിന്ന്, ഇരട്ടിയിലധികം വളര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ അറ്റാദാം 589 കോടി രൂപയായി. ഇന്ധന വിലയിലുണ്ടായ മയപ്പെടലും ആവശ്യകത വര്‍ധിച്ചതുമാണ് വളര്‍ച്ചയ്ക്ക് കരുത്തേകിയത്.
കമ്പനിയുടെ പ്രവർത്തന വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 15.7% ഉയർന്ന് 39.12 ബില്യൺ രൂപയായി. മൊത്തം ചെലവ് 36.05 ബില്യൺ രൂപയായിരുന്നു, ഈ പാദത്തിലെ വൈദ്യുതി, ഇന്ധന ചെലവ് 8.73 ബില്യൺ രൂപയിൽ നിന്ന് 8.71 ബില്യൺ രൂപയായി കുറഞ്ഞു. ഇറക്കുമതി ചെയ്യുന്ന കോക്കും കല്‍ക്കരിയുമാണ് സിമന്‍റ് നിര്‍മാണത്തിലെ പ്രധാന ഇന്ധനം. ഇവയുടെ വില മൂന്നാം പാദത്തിന്‍റെ അവസാനത്തില്‍ ഇടിഞ്ഞിരുന്നു. ഇത് നാലാം പാദത്തിലും തുടരുകയാണ്.
ജയപ്രകാശ് അസോസിയേറ്റ്സിന്റെ ചില ആസ്തികൾ ഏറ്റെടുക്കുന്നതിന് ഡാൽമിയ ഭാരതിന്റെ സിമന്റ് ബിസിനസ് യൂണിറ്റിന് ഫെബ്രുവരിയിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നൽകിയിരുന്നു. ഈ വര്‍ഷം ഇതുവരെ 3.12% ഉയര്‍ച്ചയാണ് ഡാല്‍മിയ ഭാരതിയുടെ ഓഹരിമൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്.